ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, July 29, 2012

മഹാവിസ്ഫോടന സിദ്ധാന്തം

മഹാവിസ്ഫോടനം

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്നു് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതു് ഈ സിദ്ധാന്തമാണു്. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വർഷങ്ങൾ‍ക്ക് മുൻപ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ്‌ ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ.

1920കളിൽ ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് \eng(Georges Lemaitre) \mal ആണു് ഒരു സ്ഫോടനത്തിലൂടെയാണു് പ്രപഞ്ചം ഉണ്ടായതു് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു്. ഇതിനെ കളിയാക്കിക്കൊണ്ടു് ഫ്രെഡ് ഹോയ്ൽ നൽകിയ പേരാണു് പിൽക്കാലത്തു് പ്രശസ്തമായിത്തീർന്ന `ബിഗ് ബാങ്ങ്' അഥവാ മഹാവിസ്ഫോടനം എന്നതു്. കൂടുതൽ ദൂരത്തിലുള്ള നക്ഷത്രസമൂഹങ്ങളുടെ ചുവപ്പുനീക്കംകൂടുതലാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതോടെ നമ്മിൽ നിന്നുള്ള ദൂരവും നമ്മിൽനിന്നു് അവ അകന്നു പോകുന്നതിന്റെ വേഗതയും ബന്ധപ്പെട്ടിരിക്കയാണു് എന്നു മനസിലായി. അങ്ങനെയെങ്കിൽ പണ്ടു് നക്ഷത്രസമൂഹങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരുന്നിരിക്കണമല്ലോ. ഈ ആശയത്തിൽ നിന്നാണു് മഹാവിസ്ഫോടന സിദ്ധാന്തം ആരംഭിക്കുന്നതു്.

ചരിത്രം

തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്കു് ഇതു് അംഗീകരിക്കാനാവില്ലായിരുന്നു. വീണ്ടും വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം സങ്കല്പിച്ചതു് ഹൈന്ദവ മതത്തിലായിരുന്നിരിക്കണം. പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്നു് തുടങ്ങുകയും വികസിച്ചു് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചു് പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ എഴുതിയിരുന്നു. എന്നാൽ ഇതു് ശാസ്ത്രീയമായിരുന്നു എന്നു് അദ്ദേഹം പോലും അവകാശപ്പെടുന്നില്ല.. എങ്കിലും ഇതെല്ലാം ഒരുപക്ഷേ മഹാവിസ്ഫോടന സിദ്ധാന്തം ഉണ്ടാകുന്നതിനു് സഹായിച്ചിരിക്കാം.

ആധുനിക കാലത്തു് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ട ആശയം ആദ്യം വരുന്നതു് ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ സിദ്ധാന്തത്തോടെ ആണെന്നു പറയാം. സിദ്ധാന്തം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തു വന്നപ്പോൾ പ്രപഞ്ചം ഒന്നുകിൽ വികസിച്ചുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആവാനേ കഴിയൂ എന്നു മനസിലായി. പക്ഷേ ഐൻസ്റ്റൈനു് ഇതു് സ്വീകാര്യമായിരുന്നില്ല. പ്രപഞ്ചം സ്ഥിരതയുള്ളതായിരിക്കണം എന്നു് അദ്ദേഹം വിശ്വസിച്ചു. അതിനായി സിദ്ധാന്തത്തിൽ ഒരു പുതിയ അചരം അദ്ദേഹം ചേർത്തു. പ്രപഞ്ചവിജ്ഞാനീയ അചരം \eng(cosmological constant) \mal എന്നാണു് ഇതു് അറിയപ്പെട്ടതു്. എന്നാൽ ഇതു് ശരിയല്ല എന്നു് പിന്നീടു് അദ്ദേഹത്തിനു് തന്നെ തോന്നുകയും ആ ആശയം ഉപേക്ഷിക്കുകയും ചെയ്തു. ഈ അചരം ഉൾപ്പെടുത്താതെ ഐൻസ്റ്റൈന്റെ സമവാക്യങ്ങളുപയോഗിച്ചു് പ്രപഞ്ചത്തേക്കുറിച്ചു് പഠിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫ്രീഡമൻ \eng(Alexander Friedmann) \mal ആണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രബന്ധം 1924ൽ ബർലിൻ അക്കാദമി പ്രസിദ്ധീകരിച്ചു.

1927ൽ ലിമൈത്ര് വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം കൊണ്ടുവരികയും അകലത്തുള്ള ചില ഖഗോള വസ്തുക്കളിൽ കണ്ട റെഡ് ഷിഫ്റ്റ് വിശദീകരിക്കുകയും ചെയ്തു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്രസമൂഹങ്ങൾ ഭൂമിയിൽനിന്നു് അകന്നുകൊണ്ടിരിക്കയാണു് എന്നു് 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതു് ലിമൈത്രിന്റെ സിദ്ധാന്തത്തിനു് പിൻബലം നൽകി. പ്രപഞ്ചം ഒരു വിസ്ഫോടനത്തിൽ നിന്നാണു് ആരംഭിച്ചതു് എന്ന ആശയം ഇതേത്തുടർന്നാണു് 1931ൽ ലിമൈത്ര് മുന്നോട്ടു വയ്ക്കുന്നതു്. 1949 മാർച്ചിൽ ബി.ബി.സിയിലെ ഒരു പരിപാടിയിലാണു് ഈ ആശയത്തെ കളിയാക്കിക്കൊണ്ടു് അതിനെ `ബിഗ് ബാംഗ്' എന്നു് ഫ്രെഡ് ഹോയ്ൽ വിളിയ്ക്കുന്നതു്.

മഹാവിസ്ഫോടന സിദ്ധാന്തത്തിനു് ബദലായി ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണു് സ്ഥിരസ്ഥിതി സിദ്ധാന്തം. എന്നാൽ നിരീക്ഷണങ്ങളിൽ നിന്നു് ലഭിച്ച തെളിവുകൾ കൂടുതലും മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിക്കുന്നതായിരുന്നു. കൂടാതെ, ജോർജ്ജ് ഗാമോവ് (George Gamow) എന്ന ശാസ്ത്രജ്ഞന്റെ കരിശ്മയും ആ സിദ്ധാന്തത്തിനു് ശക്തിയേകി. അദ്ദേഹം ലിമൈത്രിന്റെ സിദ്ധാന്തം കൂടുതൽ വികസിപ്പിക്കുകയും അദ്ദേഹത്തിന്റെ കൂട്ടാളികളായ റാൽഫ് ആൽഫറും (Ralph Alpher) ഹാൻസ് ബെതെയും (Hans Bethe) ചേർന്നു് പരഭാഗവികിരണത്തിന്റെ ഉത്ഭവം വിശദീകരിക്കുകയും ചെയ്തതു് സ്ഥിരസ്ഥിതി സിദ്ധാന്തം മിക്കവരും ഉപേക്ഷിക്കുന്നതിനു് ഇടയാക്കി. (ആൽഫർ, ബെതെ, ഗാമോവ് എന്നിവർ ചേർന്നു് വികസിപ്പിച്ചെടുത്തതു് ആയതിനാൽ ഇതു് `ആൽഫ ബീറ്റ ഗാമ സിദ്ധാന്തം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.) എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കയാണു് എന്നു് അടുത്തകാലത്തു് കണ്ടുപിടിച്ചതു് പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ടു്.

വിസ്ഫോടനത്തിനു ശേഷം

മഹാവിസ്ഫോടനത്തിനു ശേഷം എന്തെല്ലാം സംഭവിച്ചു എന്നു് ഏകദേശമായി മനസിലാക്കാൻ നമുക്കു് കഴിഞ്ഞിട്ടുണ്ടു്. ഏതാണ്ടു് 1100 കോടി വർഷം മുമ്പായിരിക്കണം വിസ്ഫോടനം സംഭവിച്ചതു്. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു. ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല. ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല. ഈ ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു വിസ്ഫോടനം. അത് ക്വാണ്ടം ബലതന്ത്രപരമായ ഒരു സാധ്യത മാത്രമാണു്. സാധാരണ ഭാഷയിൽ അതു് വിശദീകരിക്കാൻ എളുപ്പമല്ല. പക്ഷേ പ്രപഞ്ചോൽപ്പത്തി പോലുള്ള കാര്യങ്ങൾ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാനാകും എന്നു് പ്രതീക്ഷിക്കരുതു് എന്നു് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.
സ്ഫോടനസമയത്ത് ഊഷ്മാവ് വളരെ ഉയർന്നതായിരുന്നിരിക്കണം -- ഏതാണ്ടു് 1035 ഡിഗ്രി സെൽഷ്യസ്. ആ സ്ഫോടനത്തിൽ നിന്ന് പ്രവഹിച്ചത് ഊർജ്ജവികിരണമായിരുന്നു. അതിൽ നിന്നാണു നാമിന്നു കാണുന്ന എല്ലാ വസ്തുക്കളും ഉണ്ടായത്. ഐൻസ്റ്റൈന്റെ പ്രശസ്തമായ സമവാക്യം പറയുന്നതു് ഊർജ്ജം പദാർത്ഥമായും മറിച്ചും മാറാമെന്നാണല്ലോ. അനന്തമെന്നു പറയാവുന്നത്ര ഊർജ്ജം പ്രവഹിക്കുന്നതനുസരിച്ച് പ്രപഞ്ചം വികസിച്ചു.

 

പ്ലാങ്ക് സമയം


10-43 സെക്കന്റ് സമയത്തിനു് പ്ലാങ്ക് സമയം (Planck time) എന്നു പറയുന്നു. വിസ്ഫോടനം ആരംഭിച്ച് ഇത്രയും സമയം കഴിയുന്നതു വരെ എന്തു സംഭവിച്ചിരിക്കാം എന്നത് വ്യക്തമല്ല. ഭൌതികശാസ്ത്രത്തിലെ ഗുരുത്വാകർണബലം, വിദ്യുത്കാന്തബലം, തുടങ്ങിയ നാലു പ്രാഥമിക ബലങ്ങൾ ആ സമയത്ത് വ്യത്യസ്തമായി നിലനിന്നിരിക്കാൻ സാദ്ധ്യതയില്ല എന്നാണു വിശ്വസിക്കുന്നത്. ഇതെല്ലാം ചേർന്നു് ഒരൊറ്റ ബലമായിട്ടായിരിക്കണം സ്ഥിതിചെയ്തിരുന്നതു്. മേല്പറഞ്ഞ പ്ലാങ്ക് സമയത്തിനു ശേഷം സംഭവിച്ചിരിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാവാം എന്ന് ഏകദേശമായെങ്കിലും നമുക്കറിയാം.

ഒരു പ്ലാങ്ക് സമയം കഴിഞ്ഞപ്പോൾ ഗുരുത്വാകർഷണ ബലം മാത്രം പ്രത്യേകമായി കാണപ്പെട്ടു തുടങ്ങിയിരിക്കണം. 10-36 സെക്കണ്ടു് സമയം കഴിഞ്ഞായിരിക്കണം പരമാണു കേന്ദ്രത്തിലെ കണങ്ങളെ ഒരുമിച്ചു നിർത്തുന്ന ദൃഢബലം പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്ക് പ്രപഞ്ചം കുറേ തണുത്തിരിക്കണം -- ഏതാണ്ടു് 1026 ഡിഗ്രി സെൽഷ്യസ് വരെ. ഇത്രവളരെ ഊർജ്ജം ഉൾ‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ അപ്പോഴത്തെ വലുപ്പം ഒരു പരമാണുവിന്റെ അത്രപോലും ഇല്ലായിരുന്നിരിക്കണം! ഈ അതിസൂക്ഷ്മ പ്രതിഭാസത്തിന്റെ വികസിത രൂപമത്രെ നാമിന്നു കാണുന്ന പ്രപഞ്ചം.

തുടർന്ന് പ്രപഞ്ചം കുറച്ചു സമയം കൊണ്ട് വളരെയധികം വികസിച്ചു എന്നാണു സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്. ഏതാണ്ടു് 10-31 സെക്കണ്ടു് കഴിഞ്ഞപ്പോഴേക്കും പ്രപഞ്ചത്തിന്റെ വലുപ്പം ഒരു ഓറഞ്ചിന്റെ അത്രയും ആയിട്ടുണ്ടാവണം. ഈ സമയത്ത് പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയവയുടെ ഘടകങ്ങളായ ക്വാർക്കുകൾ ഉണ്ടായിരിക്കണം. കൂടാതെ പ്രകാശത്തിന്റെ കണികയായ ഫോട്ടോണുകളും ധാരാളം ഉണ്ടായിട്ടുണ്ടാവണം. ഏതാണ്ട് ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്നു സമയം വരെ ഈ പ്രക്രിയ തുടർന്നിരിക്കണം. അപ്പോഴേക്ക് പ്രപഞ്ചത്തിന്റെ ഊഷ്മാവ് അനേകകോടി മടങ്ങ് കുറഞ്ഞിരിക്കണം. ഏതാണ്ട് പത്തു ലക്ഷം കോടി ഡിഗ്രി വരെ. അതിനിടെ ഇന്നു നാം കാണുന്ന എല്ലാ തരം കണികകളും ഉത്ഭവിച്ചിരിക്കണം.

പ്രതികരണങ്ങളുടെ പ്രശ്നം 

ഇവിടെ ശാസ്ത്രത്തിനു വിശദീകരിക്കാനാകാത്ത ഒരു പ്രശ്നമുണ്ട്. ഇന്ന് പ്രതികണങ്ങൾ (antiparticles) നിലനിൽക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുനില്ല. അതിന്റെ അർത്ഥം പ്രതികണങ്ങൾ സാധാരണ കണങ്ങളേക്കാൾ കുറവായിരുന്നു എന്നാവണം. കണങ്ങളും പ്രതികണങ്ങളും കൂടിച്ചേർന്നാൽ രണ്ടും നശിച്ച് ഊർജ്ജം മാത്രം അവശേഷിക്കും. അങ്ങനെ പരസ്പരം നശിപ്പിച്ച ശേഷം കണങ്ങൾ മാത്രം അവശേഷിക്കണമെങ്കിൽ തുടക്കത്തിൽ പ്രതികണങ്ങളേക്കാൾ കൂടുതലായിരിക്കണമല്ലോ കണങ്ങളുടെ എണ്ണം. ഇതെന്തുകൊണ്ട് സംഭവിച്ചു എന്നത് വ്യക്തമല്ല.

തുടർന്നുള്ള പരിണാമം താരതമ്യേന ലളിതമായി മനസിലാക്കാം. സ്ഫോടനത്തിന്റെ ഫലമായി തുടങ്ങിയ വികാസം തുടർന്നുകൊണ്ടേയിരുന്നു. ഇന്നും തുടരുന്നു. വികാസത്തിന്റെ ഫലമായി പ്രപഞ്ചം തണുത്തു. സ്ഫോടനം കഴിഞ്ഞ് നൂറു സെക്കന്റിനും മുന്നൂറു സെക്കന്റിനും ഇടയ്ക്ക് ഹൈഡ്രജൻ, ഹീലിയം എന്നീ മൂലകങ്ങൾ ഉണ്ടായി. മറ്റു മൂലകങ്ങളും ഉണ്ടായെങ്കിലും അവയുടെ അളവ് തീർത്തും നേരിയതായിരുന്നു. ഗുരുത്വാകർഷണബലം കാരണം പരമാണുക്കൾ പരസ്പരം ആകർഷിക്കുകയും അവ മേഘങ്ങളേപ്പോലെ ഒരുമിച്ചു കൂടുകയും ചെയ്തു. അനേകം ഹൈഡ്രജൻ പരമാണുക്കൾ ഒത്തുചേർന്ന് ചിലയിടങ്ങളിൽ സാന്ദ്രത വർദ്ധിച്ചപ്പോൾ ഗുരുത്വാകർഷണ ബലവും വർദ്ധിച്ചു. അങ്ങനെ നക്ഷത്രങ്ങളുണ്ടായി. നക്ഷത്രങ്ങളിലാണു ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായത്. സൂപ്പർനോവ പോലുള്ള നക്ഷത്ര വിസ്ഫോടനങ്ങളിലൂടെ ഈ മൂലകങ്ങൾ പുറത്തുവന്നു. ഇത്തരം മൂലകങ്ങളും കൂടിച്ചേർന്നാണു നമ്മുടെ സൗരയൂഥമുണ്ടായത്. ഒരുപക്ഷേ ഇതുപോലെ അനേകം സൗരയൂഥങ്ങൾ പ്രപഞ്ചത്തിലുണ്ടായിരിക്കാം.

മഹാവിസ്ഫോടനത്തോടെ തുടങ്ങിയ വികസനം പ്രപഞ്ചം ഇപ്പൊഴും തുടരുന്നു എന്നതിനു് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ടു്. പ്രപഞ്ചത്തിലുള്ള ദ്രവ്യത്തിന്റെ ഗുരുത്വാകർഷണം മൂലം ഈ വികാസത്തിന്റെ വേഗത കുറഞ്ഞു വരികയും ഒടുവിൽ നിലയ്ക്കുകയും ചെയ്യും എന്നു് കരുതിയിരുന്നു. വികാസം നിലച്ചാൽ ഗുരുത്വാകർഷണം മൂലം നക്ഷത്രസമൂഹങ്ങളെല്ലാം കൂടിച്ചേരുകയും ഒരുപക്ഷേ വീണ്ടുമൊരു മഹാവിസ്ഫോടനത്തിൽ കലാശിക്കുകയും ചെയ്യാം എന്നാണു് ചില ശാസ്ത്രജ്ഞരെങ്കിലും കരുതിയിരുന്നതു്. എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണു് എന്ന കണ്ടെത്തൽ ഈ വിശ്വാസത്തിനെ തകിടം മറിക്കാൻ സാദ്ധ്യതയുണ്ടു്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റേണ്ട കാലമായി എന്നതിനുള്ള സൂചനയായിരിക്കാം ഇതു്.

മഹാവിസ്ഫോടനത്തിനുമുൻപ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്ത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവിൽ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോൾ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം.

സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മഹാവിസ്ഫോടന സിദ്ധാന്തവും മറ്റ് ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞൻ തന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിൽ വിവരിക്കുന്നു.

(വിക്കിപീഡിയയി നിന്നും പ്ലസ് വൺ വിദ്യാർത്ഥികൾക്കായി കോപ്പി-പേസ്റ്റ് ചെയ്തത്.)

Sunday, October 23, 2011

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്
വി എം രാധാകൃഷ്ണന്‍
Posted on: 23-Oct-2011 12:16 AM
തൃശൂര്‍ : വ്യത്യസ്തങ്ങളായ കര്‍മപഥങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന മുല്ലനേഴിയുടെ വ്യക്തിത്വത്തെ വളര്‍ത്തിയെടുത്തത് അടിയുറച്ച കമ്യൂണിസ്റ്റ് ബോധം. കവിയായും അഭിനേതാവായും പ്രഭാഷകനായും മുല്ലനേഴി വളര്‍ന്നതിന് പിന്നിലെ ഊര്‍ജമായത് അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങള്‍ . സമയമോ സദസ്സോ വ്യക്തിയോ നോക്കാതെ പലതിനോടും കലഹിച്ചും വിമര്‍ശിച്ചും ഉന്മാദിയെപ്പോലെ സഞ്ചരിച്ചപ്പോഴും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടുമുളള കൂറില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല. കവിതകളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലുമെല്ലാം ഈ അടിയുറച്ച കമ്യൂണിസ്റ്റിനെ കാണാം. മലയാളനാടിന്റെ മുക്കിലും മൂലയിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയത് പണത്തിന്റെ മടിശീലയായിരുന്നില്ല, മറിച്ച് കറതീര്‍ന്ന സൗഹൃദങ്ങളായിരുന്നു. ഒല്ലൂരിനടുത്ത അവിണിശേരി മുല്ലനേഴി മനയിലെ നീലകണ്ഠന്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവന്റെ കണ്ണീരിന്റെ വില മുല്ലനേഴി അനുഭവിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് അടിയുറച്ച ജീവിതവീക്ഷണം ഉണ്ടായിരുന്നു. നാം മണ്ണില്‍ വേരുള്ള മനുഷ്യരാകണമെന്നാണ് മാഷ് എപ്പോഴും പറയാറുള്ളത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രധാന പ്രവര്‍ത്തകനായിരുന്നപ്പോള്‍ മുല്ലനേഴി എന്ന കവിയുടെ ജനകീയതയാണ് തെളിയിക്കുന്നത്. കെഎസ്വൈഎഫിന്റെയും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം അടിയുറച്ചത്. സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. അധ്യാപക സംഘടനാരംഗത്ത് പോരാളിയായി. എന്‍ജിഒ-അധ്യാപകസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നു. റെയില്‍വേ തൊഴിലാളികളുടെ സമരത്തിലും അറസ്റ്റ് വരിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്തു. ഇടതുപക്ഷത്തിനു മാത്രമേ നാടിനെ നന്മയിലേക്ക് നയിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ച മുല്ലനേഴി എല്ലാ തെരഞ്ഞടുപ്പുകളിലും ഇടതുപക്ഷത്തിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിലേക്ക് പുതിയ തലമുറയിലെ നിരവധിപേരെ കൊണ്ടുവരുന്നതിനും മുല്ലനേഴി ഏറെ ശ്രദ്ധിച്ചിരുന്നു. ഏത് ഉന്നതനായാലും മുഖത്തുനോക്കി കാര്യം പറയും. എം വി രാഘവന്‍ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം തൃശൂരില്‍ വന്ന് പ്രസംഗിച്ചപ്പോഴത്തെ അനുഭവം ഇതിന് ഉദാഹരണമാണ്. എം വി രാഘവന്‍ ഇ എം എസിനെ അവഹേളിച്ച് സംസാരിച്ചപ്പോള്‍ മുല്ലനേഴിക്ക് കേട്ടുനില്‍ക്കാനായില്ല. മുല്ലനേഴി ശക്തമായ ഭാഷയിലാണ് എം വി രാഘവനോട് പ്രതികരിച്ചത്. എറണാകുളത്ത് യാചകരെ പൊലീസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടപ്പോഴും യാചകര്‍ക്കുവേണ്ടി നിലകൊണ്ടു. യാചകരോടൊപ്പം മുല്ലനേഴിയേയും പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ എത്തിയാണ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര മുല്ലനേഴി വിശേഷങ്ങള്‍ ...

ദേശാഭിമാനി

വേദനയുടെ വെളിച്ചം (മുല്ലനേഴിയുടെ രാഷ്ട്രീയ ദര്‍ശനം)

വേദനയുടെ വെളിച്ചം (മുല്ലനേഴിയുടെ രാഷ്ട്രീയ ദര്‍ശനം)
ഹിരണ്യന്‍
Posted on: 23-Oct-2011 12:17 AM
അറുപതുകളുടെ ഒടുവില്‍ എഴുതിത്തെളിഞ്ഞ കവിയാണ് മുല്ലനേഴി. എന്നാല്‍ അറുപതുകളുടെ അസ്തിത്വവാദ/അസംബന്ധ വാദ ആധുനികതയില്‍നിന്ന് സ്വയം വിട്ടുനിന്ന കവിയായിരുന്നു അദ്ദേഹം. അരാജക വാദത്തിന്റെയും മൃത്യുബോധത്തിന്റെയും ഇരുട്ടുനിറഞ്ഞ വഴികളിലൂടെയാണ് അറുപതുകളിലെ യൂറോ-കേന്ദ്രിതമായ ആധുനിക മലയാള കവിത സഞ്ചരിച്ചിരുന്നത്. എന്നാല്‍ മുല്ലനേഴി ആ വഴി പിന്തുടര്‍ന്നില്ല. വൈലോപ്പിള്ളി, ഇടശേരി, ഒളപ്പമണ്ണ, അക്കിത്തം, ഒ എന്‍ വി എന്നിവര്‍ മലയാള കാവ്യ ചരിത്രത്തില്‍ ഉണ്ടാക്കിയ സദ് കാവ്യപാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയും അവരുടെ കവിതാവഴിയുടെ തുടര്‍ച്ചയില്‍നിന്നുകൊണ്ട് സ്വന്തമായ ഒരു കവിതാലോകം നിര്‍മിച്ചെടുക്കുകയും ചെയ്തു മുല്ലനേഴി. ഭാഷയിലും വൃത്തത്തിലും കാവ്യരൂപത്തിലും പാരമ്പര്യ ബോധത്തെ നിഷേധിക്കാത്ത കവിയാണ് അദ്ദേഹം. പാരമ്പര്യത്തിന്റെ ഊര്‍ജവും വെളിച്ചവും ഉള്‍ക്കൊണ്ടുകൊണ്ട് സമകാലിക ജീവിത യാഥാര്‍ഥ്യത്തെ ആ കവിതകള്‍ ആവിഷ്കരിച്ചു. ഇരുട്ടിന്റെ പാട്ടുകാരനായിരുന്നില്ല മുല്ലനേഴി. വെളിച്ചത്തിന്റെ, നാളെയുടെ, നന്മയുടെ പാട്ടുകാരനായി എന്നും അദ്ദേഹം നിന്നു. കവിതയിലും ജീവിതത്തിലും വൈലോപ്പിള്ളിയായിരുന്നു മുല്ലനേഴിക്ക് ഗുരു, വഴികാട്ടി. അതുകൊണ്ടുതന്നെ തെളിമയാര്‍ന്ന ജീവിതവീക്ഷണം, ഉദാത്തമായ മാനവികതാബോധം മുല്ലനേഴിക്കവിതയുടെ അടിസ്ഥാന ശ്രുതിയായിത്തീര്‍ന്നു. എഴുപതുകളിലാണ് മുല്ലനേഴി കവി എന്ന നിലയില്‍ പ്രശസ്തനാകുന്നത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും അധ്യാപക സംഘടനയുടെയും സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ നേടിയെടുത്ത ജനകീയ ബോധവും മാര്‍ക്സിസ്റ്റ് ജീവിത മാനദണ്ഡവും മുല്ലനേഴിക്കവിതകളെ ആ കാലഘട്ടത്തിലാണ് രാഷ്ട്രീയോന്മുഖമാക്കുന്നത്; ചരിത്ര സംവാദാത്മകമാക്കുന്നത്. വര്‍ത്തമാന കാലത്തിന്റെ രാഷ്ട്രീയം, സംസ്കാരം, പ്രത്യയശാസ്ത്രം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് കാലത്തേയും ലോകത്തേയും പുതുക്കിപ്പണിയുന്ന കവിതയായി മുല്ലനേഴിക്കവിത. ആത്മാവിഷ്കാരത്തിലൂടെ ലോകാവിഷ്കാരം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പാരമ്പര്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന കേവല സൗന്ദര്യാത്മകമായ കവിതാമാര്‍ഗം അദ്ദേഹം ഉപേക്ഷിച്ചു. കവിത രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി. പാരമ്പര്യത്തെ സമകാലികവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത കവി എന്ന നിലയിലാണ് എഴുപതുകളില്‍ മുല്ലനേഴി മലയാള കാവ്യചരിത്രത്തില്‍ അടയാളപ്പെടുന്നത്. കേരളീയമായ ചരിത്രബോധവും സാംസ്കാരികാവബോധവും ആ കവിതകളുടെ ബലതന്ത്രമായിത്തീര്‍ന്നു. മുല്ലനേഴിയുടെ ആദ്യകാല കവിതകളെല്ലാം ദേശാഭിമാനി വാരികയിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്നത്തെ വാരിക പത്രാധിപര്‍ എം എന്‍ കുറുപ്പാണ് കാവ്യരംഗത്ത് അദ്ദേഹത്തിന് പ്രതിഷ്ഠ നല്‍കുന്നത്. 1973ല്‍ പ്രസിദ്ധീകരിച്ച നാറാണത്തുപ്രാന്തന്‍" ആണ് മുല്ലന്റെ അക്കാലത്തെ മാസ്റ്റര്‍പീസ് രചന. പ്രസിദ്ധീകരിക്കപ്പെടുംമുമ്പേ കവിയരങ്ങുകളിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന കവിതയാണത്. നാറാണത്തുപ്രാന്തന്‍ എന്ന മിത്തിലൂടെ എക്കാലത്തെയും മനുഷ്യദുഃഖത്തിന്റെ പൊരുള്‍തേടുന്ന കവിതയാണ് അത്. 75-77 കാലം ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ടകാലം. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ടനാളുകളോട് ധീരമായി പ്രതികരിച്ച കവിയാണ് മുല്ലനേഴി. "ഏതുവഴി" (1976 ദേശാഭിമാനി -ഓണപ്പതിപ്പ്) എന്ന കവിതയിലൂടെ "നാവുമുറിച്ച" ആ കാലഘട്ടത്തില്‍ നിലപാടുകളുടെ ശരിയായ വഴി തെരഞ്ഞെടുക്കാന്‍ കവി സുഹൃത്തിനോട് പറയുന്നു. "ഏറെപ്പഴകിയുറക്കുത്തി, ജീര്‍ണിച്ച പാഴ്മരമാകുവാനല്ല, മനുഷ്യര്‍ക്കു പാരിലെ ജീവിതം, കാതലിന്‍ കാതലായ് കാട്ടുതീജ്വാലയില്‍ കത്തിപ്പടരുന്ന കൊള്ളിയായ് ച്ചാമ്പലായ് പിന്നെ വളമായി മാറുവാനല്ലയോ?" എന്ന മനുഷ്യമഹത്വത്തിന്റെ തെളിമയാര്‍ന്ന കാഴ്ചയാണ് കവിതയില്‍ . "ഇനി ചില നല്ലകാര്യങ്ങള്‍ പറയുവാനല്ല പ്രവര്‍ത്തിക്കുവാനുണ്ട്" എന്ന വരികളിലാണ് കവിത അവസാനിക്കുന്നത്. നല്ല ഭാഷയില്‍ നല്ല കാവ്യങ്ങള്‍ മാത്രം പറയുന്ന കവിതയുടെ കാലം കഴിഞ്ഞുവെന്നും ക്ഷോഭത്തിന്റെ വാക്യങ്ങളില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി കവിത മാറേണ്ടതിന്റെ ചരിത്രപരമായ ദൗത്യത്തിലേയ്ക്ക് ഈ കവിത വിരല്‍ചൂണ്ടുന്നു. "സമയം" (28-2-76) എന്ന കവിതയും അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്ന മുല്ലനേഴിക്കവിതയാണ്. "ഇരയെങ്ങാണെന്നറിയാം, ഇതുരാവാണെന്നറിയാം ഇരുട്ടിന്റെ മുഖമേറെക്കറുക്കുന്നുണ്ടെന്നറിയാം" എന്നിങ്ങനെ വന്യമായ താളത്തില്‍ കാലത്തിന്റെ രൗദ്രനടനമായി ഈ കവിത മാറുന്നു. കാവ്യഭാഷയെ സങ്കീര്‍ണമാക്കുന്ന കവിയല്ല മുല്ലനേഴി. ഭാഷ, രൂപം, ശില്‍പ്പം- എന്നീ ഘടകങ്ങളില്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ നിര്‍വ്യാജമായി ആ കവിതകള്‍ അവതരിപ്പിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അന്തരീക്ഷവും അധ്യാപക ലോകവും മുല്ലനേഴിക്കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ . എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, മറ്റൊരുവിദ്യാലയം- എന്നീ കവിതകളിലെല്ലാം മുല്ലനേഴിയുടെ വിദ്യാഭ്യാസ ദര്‍ശനമുണ്ട്. മനുഷ്യത്വത്തിന്റെ മഹാവിദ്യാലയത്തിലാണ് പുതിയ കുട്ടികള്‍ പഠിച്ചുവളരേണ്ടതെന്ന തിരിച്ചറിവുകളുണ്ട്. "എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി" എന്ന കവിത മുല്ലന്റെ അക്കാലത്തെ ഏറ്റവും ജനപ്രിയ കവിതയായിത്തീര്‍ന്നു. "ആദ്യത്തെപ്പിള്ള പിറന്നു ആറപ്പേ വിളികളുയര്‍ന്നു"എന്നു തുടങ്ങുന്ന ആ കവിത ഗ്രാമീണ ബിംബങ്ങള്‍കൊണ്ടും താളക്കൊഴുപ്പുകൊണ്ടും ഇന്നും ആസ്വാദകരുടെ ഓര്‍മയിലുണ്ട് താളവും ഈണവും പകര്‍ന്നുകൊണ്ട്. കുടിച്ചുതീര്‍ത്ത ജീവിതദുഃഖത്തിന്റെ തിക്തവിഷം കടഞ്ഞുകടഞ്ഞ് സമൂഹത്തിന് അമൃതം പകരുന്ന പ്രക്രിയയായിരുന്നു മുല്ലനേഴിക്കവിത. മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന കവിത. വെളിച്ചത്തിനുവേണ്ടിയുള്ള വിങ്ങലും വിതുമ്പലും പ്രാര്‍ഥനയും- അക്ഷരങ്ങളുടെ വേദനയില്‍ വിരിഞ്ഞ വെളിച്ചമാണ് മുല്ലനേഴിക്കവിത.

ദേശാഭിമാനി

Friday, August 26, 2011

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക


ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക

എം.എ. ബേബി

(ദേശാഭിമാനി ദിനപ്പത്രത്തിൽ രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ.)

ആഗസ്റ്റ്‌ 24, 2011

ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നുഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരിക്കലും ഓണപ്പരീക്ഷ ഉണ്ടായിരുന്നില്ല. അക്കാദമിക വര്‍ഷത്തെ മൂന്നായി വിഭജിച്ച് ഒന്നാമത്തെ ടേമിന്റെ അവസാനം കാല്‍ക്കൊല്ല പരീക്ഷയും രണ്ടാം ടേമിന്റെ അവസാനം അരക്കൊല്ല പരീക്ഷയും വര്‍ഷാവസാനം വാര്‍ഷിക പരീക്ഷയുമാണ് നടന്നിരുന്നത്. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. തുടര്‍മൂല്യനിര്‍ണയരീതി നിലവിലില്ലാതിരുന്ന കാലത്താണ് മൂന്ന് ടേം എന്ന സങ്കല്‍പ്പം നിലനിന്നത്. സാമ്പ്രദായിക മൂല്യനിര്‍ണയ രീതിയില്‍നിന്നുള്ള പരിവര്‍ത്തനം വര്‍ഷങ്ങള്‍ നീണ്ട അക്കാദമിക ചര്‍ച്ചകളിലൂടെ രൂപപ്പെട്ടതാണ്. ഇത്തരം അക്കാദമിക ചര്‍ച്ചകള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണോ, എല്‍ഡിഎഫ് ആണോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടന്നതല്ല. ഈ ചരിത്ര വസ്തുതകളെപ്പറ്റിയുള്ള അജ്ഞതയോ പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് ശാസ്ത്രീയ ധാരണകള്‍ കടന്നുവരാതെ അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലോ ആണ് ഇപ്പോള്‍ നടക്കുന്നത്.

ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ പരീക്ഷകള്‍ അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കും. പക്ഷേ, അത് ഏത് തരത്തിലുള്ളതാകണം എന്നത് അക്കാദമികമായി തീരുമാനിക്കപ്പെടേണ്ടതാണ്. പരീക്ഷാപരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ കമീഷനുകള്‍ സൂചിപ്പിച്ചത് പരിശോധിക്കേണ്ടതുണ്ട്. 1882 ലെ ഹണ്ടര്‍ കമീഷന്‍ , 191719 ലെ കല്‍ക്കത്ത യൂണിവേഴ്സിറ്റി കമീഷന്‍ അഥവാ സഡ്ലര്‍ കമീഷന്‍ , 1929 ലെ ഹര്‍ടോഗ് കമീഷന്‍ , 1944 ലെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശങ്ങള്‍ അഥവാ സാര്‍ജന്റ് പ്ലാന്‍ . 195253 ലെ മുതലിയാര്‍ കമീഷന്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത് നിയുക്തമായ എല്ലാ കമീഷനുകളും പരീക്ഷാപരിഷ്കരണത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമീഷനുകളെല്ലാം ഊന്നല്‍ കൊടുക്കുന്നത് ബാഹ്യപരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ (1966) ഇപ്രകാരം പറയുന്നു: 'സ്കൂളുകള്‍ നടത്തുന്ന ആന്തരിക മൂല്യനിര്‍ണയത്തിനും വിലയിരുത്തലിനും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. സമഗ്രമായ വിലയിരുത്തല്‍ ഇതുവഴി നടത്തണം; വിദ്യാര്‍ഥിയുടെ വളര്‍ച്ചയുടെ എല്ലാ വശങ്ങളും അതായത് വ്യക്തിപരമായ സവിശേഷതകളും താല്‍പ്പര്യങ്ങളും സമീപനങ്ങളും ബാഹ്യപരീക്ഷകളിലൂടെ വിലയിരുത്താന്‍ കഴിയില്ല. (9.84)' അതുപോലെ 1986 ലെ ദേശീയവിദ്യാഭ്യാസ നയത്തിലും അതിനെത്തുടര്‍ന്നുണ്ടാക്കിയ കര്‍മപരിപാടിയിലും പരീക്ഷാപരിഷ്കരണത്തെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓര്‍മ പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷയില്‍ മാറ്റം ആവശ്യമാണെന്നും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതി നടപ്പാക്കണമെന്നും സെമസ്റ്റര്‍ സമ്പ്രദായം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ബാഹ്യ പരീക്ഷയ്ക്കുള്ള ഊന്നല്‍ കുറയ്ക്കണമെന്നും ആന്തരിക മൂല്യനിര്‍ണയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മൂല്യനിര്‍ണയത്തിന് വ്യത്യസ്തങ്ങളായ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയം റിവ്യൂചെയ്യാന്‍ നിയുക്തമായ ആചാര്യ രാമമൂര്‍ത്തിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ ഠീംമൃറെ മി ഋിഹശഴവലേിലറ മിറ ഔാമില ടീരശലേ്യ&ൃെൂൗീ; എന്ന റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. 1990ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കല്‍ തുടര്‍ച്ചയായ ആന്തരിക മൂല്യനിര്‍ണയം പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്രെഡിറ്റ് സമാഹരിക്കാന്‍ കഴിയണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഗ്രേഡ് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. സ്കൂള്‍ പ്രവേശനം അയവുള്ളതാക്കുകയും സ്കൂള്‍ സംവിധാനമാകെ അനൗപചാരികമാക്കി മാറ്റുകയും ചെയ്യണം. 1993ല്‍ പ്രൊഫസര്‍ യശ്പാലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഘലമൃിശിഴ ംശവേീൗേ യൗൃറലി എന്ന ചെറുതും അര്‍ഥവത്തുമായ റിപ്പോര്‍ട്ടില്‍ പരീക്ഷകളെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല.' 'രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സ്കൂളുകള്‍ പ്രൈമറി തലത്തിന്റെ തുടക്കംമുതല്‍ നിരവധി ഔപചാരിക എഴുത്തുപരീക്ഷകള്‍ കടന്നുവേണം പത്താം ക്ലാസില്‍ എത്താനെന്ന ശക്തമായ ധാരണ പുലര്‍ത്തുന്നവയാണ്. പരീക്ഷകള്‍മാത്രമാണ് ഒരാളുടെ മികവിന് അടിസ്ഥാനമെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശിച്ച ഉടനെ ലഭിക്കുന്നത്

.' നിര്‍ദേശമായി യശ്പാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്, 'പാഠ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ അവസാനം നടത്തുന്ന പൊതുപരീക്ഷ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനംചെയ്യണം. പാഠഭാഗം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് പകരം ആശയാധിഷ്ഠിതമായ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തണം. വെറുതെ മനഃപാഠം പഠിക്കുക എന്ന ശരിയല്ലാത്ത പ്രവണതയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനും പഠനനിലവാരം ഉയര്‍ത്താനും പര്യാപ്തമായ ഏക പരിഷ്കാരം ഇതുമാത്രമാണ്.' മൂല്യനിര്‍ണയത്തെ സംബന്ധിച്ച് ലോകമെമ്പാടും വളര്‍ന്നുവന്ന പുതിയ ചിന്താധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ കാര്യത്തില്‍ എന്നും മുന്നില്‍ നടക്കുന്ന കേരളത്തില്‍തന്നെയാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയാടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ പേപ്പറില്‍നിന്ന് പുറത്തേക്ക് പോയില്ല. ആ ഘട്ടത്തിലാണ് 1997ല്‍ മൂല്യനിര്‍ണയരംഗത്ത് വലിയ പരിവര്‍ത്തനത്തിന് നാം തുടക്കം കുറിച്ചത്്. പ്രൊഫ. യശ്പാലും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടുവച്ച എന്‍സിഇആര്‍ടിപോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച പരിവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ വരുത്തിയത്. ഡിപിഇപി പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തില്‍ പ്രസ്തുത സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതിയും ഗ്രേഡിങ് സമ്പ്രദായവും ലോവര്‍ പ്രൈമറി ക്ലാസുകളില്‍ 1997ല്‍ തന്നെ ആരംഭിച്ചു. ഈ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ മാറ്റത്തിനനുസരിച്ച് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. 2000ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മൂല്യനിര്‍ണയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടപ്പാക്കണം, വൈജ്ഞാനിക മേഖലയിലേക്കും സഹവൈജ്ഞാനിക മേഖലയിലേക്കും മികവുകള്‍ പരിശോധിക്കണം, പോര്‍ട്ട് ഫോളിയോ നടപ്പാക്കണം, സെമസ്റ്റര്‍ സമ്പ്രദായം സെക്കന്‍ഡറി തലം മുതല്‍ നടപ്പാക്കണംതുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിച്ച മാറ്റങ്ങള്‍ . കേരളത്തിലെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദേശീയതലത്തിലും ഉണ്ടായിവരുന്ന ഘട്ടത്തിലാണ് 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളില്‍ അതുവരെ വികസിപ്പിച്ചുവന്ന പുതിയ പാഠ്യപദ്ധതി പിന്‍വലിക്കുകയും പഴയതിലേക്ക് തിരിച്ചുപോവുകയും ചെയ്തത്. എന്നാല്‍ , കക്ഷിരാഷ്ട്രീയ ഭേദമെന്യേ അക്കാദമിക സമൂഹത്തിന്റെ ഇടപെടല്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് നയം തിരുത്തേണ്ടിവന്നു. അധികാരത്തിലേറിയ ഉടന്‍ പിന്‍വലിച്ച പാഠ്യപദ്ധതി 2002ല്‍ പുനഃസ്ഥാപിക്കേണ്ടിവന്നു.

1997 മുതല്‍ രൂപംകൊണ്ട് മുന്നോട്ടുപോകുകയായിരുന്ന പാഠ്യപദ്ധതിയുടെ ശാസ്ത്രീയ ചൈതന്യത്തിനു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് വീണ്ടും പുനഃസ്ഥാപിച്ചത്. പാഠ്യപദ്ധതി മാറ്റത്തിനനുസരിച്ച് മൂല്യനിര്‍ണയത്തിലും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും മാര്‍ക്ക് റേഞ്ച് കം ഗ്രേഡിങ് രീതിയും 2005 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2002 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയായി വിശദമായ മൂല്യനിര്‍ണയ സമീപനരേഖയുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ കാര്യത്തില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2004 ഫെബ്രുവരി 4ന് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലുണ്ടായ പ്രസ്തുത ഉത്തരവിലെ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. മൂല്യനിര്‍ണയത്തില്‍ വരുത്തുന്ന മാറ്റം വഴി മാര്‍ക്ക് എന്ന ഒറ്റ അളവുകോലിന് പകരം കുട്ടിയുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷാന്ത്യപരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്ന പഴയരീതിക്ക് പകരം അധ്യയനവര്‍ഷത്തില്‍ ഉടനീളം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. കുട്ടിയുടെ ഓര്‍മശക്തിമാത്രം വിലയിരുത്തുന്ന പഴയ സമ്പ്രദായത്തിനുപകരം സമഗ്രമായി നാനാതരം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പരീക്ഷയോടുള്ള കുട്ടിയുടെ ഭയവും ആശങ്കയും ഒഴിവാക്കാന്‍ സാധിക്കുന്നു. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ വ്യക്തമായ ഉത്തരവ് 2004 ആഗസ്ത് 6ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

പരിവര്‍ത്തനത്തിനെതിരായ ശക്തികള്‍ അവരുടേതായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ വച്ച് ഗ്രേഡിങ് സമ്പ്രദായം 200405 അക്കാദമികവര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് 2004 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഭ്രാന്തമായ നടപടിക്കെതിരെ അക്കാദമിക സമൂഹവും പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും, രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ഒന്നിച്ചണിനിരന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വീണ്ടും മാറ്റി. ഗ്രേഡിങ് പുനഃസ്ഥാപിച്ചുകൊണ്ട് 2004 സെപ്തംബറില്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി ഇറക്കിയ നിരന്തര മൂല്യനിര്‍ണയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പാദവാര്‍ഷിക പരീക്ഷകള്‍ എന്ന സങ്കല്‍പ്പം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ജൂലൈയിലും നവംബറിലും ക്ലാസ് പരീക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പുരോഗമനപരമായ നടപടികളെ യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. (അവസാനിക്കുന്നില്ല)

2

വിദ്യാഭ്യാസത്തില്‍ പരീക്ഷയുടെ പ്രസക്തി

എം എ ബേബി

(ദേശാഭിമാനി ദിനപ്പത്രം)

ആഗസ്റ്റ്‌ 26, 2011

പരീക്ഷകളെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ 2005 ലെ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തിയിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: 'ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍ണയം എന്ന് പറഞ്ഞാല്‍ പരീക്ഷ, മാനസികസംഘര്‍ഷം, ഉല്‍ക്കണ്ഠ എന്നിവയാണ്. പാഠ്യപദ്ധതി നിര്‍വചിക്കാനും പരിഷ്കരിക്കാനും വേണ്ടി നടത്തുന്ന എല്ലാ പ്രയത്നവും വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ നിലനില്‍ക്കുന്ന പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും പാറയില്‍ ചെന്നിടിച്ച് നിഷ്ഫലമാകും. പഠനവും അധ്യാപനവും അര്‍ഥപൂര്‍ണവും കുട്ടികള്‍ക്ക് ആനന്ദപ്രദവുമാക്കുന്നതിനുള്ള യത്നത്തില്‍ പരീക്ഷകള്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ച് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. ഇപ്പോള്‍ പ്രീപ്രൈമറി സ്കൂള്‍ മുതല്‍ തന്നെ അധ്യയനവര്‍ഷത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളും വിലയിരുത്തലുകളും ഒക്കെ ബോര്‍ഡ് പരീക്ഷയുടെ ദുഃസ്വാധീനഫലമാണ്. ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും' (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005, ഖണ്ഡിക 3.11).

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുഗുണമായി കേരളീയാനുഭവങ്ങളുംകൂടി ഉള്‍ച്ചേര്‍ത്ത് ജനകീയമായ ചര്‍ച്ചകളിലൂടെ വികസിപ്പിച്ചതാണ് കേരളപാഠ്യപദ്ധതി ചട്ടക്കൂട്2007. ഇതില്‍ മൂല്യനിര്‍ണയത്തെ സമീപിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 'വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്.' ഇത്തരം നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്. 1) നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. 2) യുപി തലത്തില്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് പുറമെ ഒരു ചെറിയ എഴുത്തുപരീക്ഷ അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ നടത്താവുന്നതാണ്. 3) കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം. 4) ഹൈസ്കൂളില്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന വിലയിരുത്തലും ഒരു അര്‍ധവാര്‍ഷിക പരീക്ഷയും വര്‍ഷാന്ത പരീക്ഷയ്ക്ക് പുറമെ നടത്താം. ഇതേ രീതി ഹയര്‍സെക്കന്‍ഡറിയിലും തുടരാം. 5) മറ്റ് നാടുകളിലെ വിദ്യാഭ്യാസപ്രവണതകളെക്കുറിച്ചും മൂല്യനിര്‍ണയ രീതികളെക്കുറിച്ചും രക്ഷിതാക്കള്‍ , അധ്യാപകര്‍ , മാധ്യമങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കണം. 6) 200 സാധ്യായ ദിവസം ഉറപ്പാക്കത്തക്ക വിധത്തില്‍ പൊതുപരീക്ഷാസമയം ക്രമീകരിക്കേണ്ടതാണ്.

അക്കാദമിക സമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും കരിക്കുലം കമ്മിറ്റി പലതവണ ആഴത്തിലുള്ള ചര്‍ച്ച നടത്തി അംഗീകരിക്കുകയുംചെയ്ത കേരള പാഠ്യപദ്ധതി ചട്ടക്കൂട്2007 ന് അനുസൃതമായാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയരീതിയില്‍ പരിവര്‍ത്തനം വരുത്തിയത്. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണയ രീതികളിലുള്ള അശാസ്ത്രീയ അംശങ്ങളെ ഒഴിവാക്കി മൂല്യനിര്‍ണയത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുകയും കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. വിലയിരുത്തല്‍ പ്രക്രിയയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ വന്ന മാറ്റങ്ങളെ ദേശീയതലത്തില്‍ സമീപിക്കുന്നത് ഇപ്രകാരമാണ്: 'മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന് താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തിലായിരിക്കണം പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായും കുട്ടികളെ ഭയപ്പെടുത്താതെയും ചര്‍ച്ച, പാട്ട്, കളി തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് (2.8 സെക്ഷനില്‍). കേരളത്തില്‍ പിന്തുടരുന്ന മാതൃക ഇതാണ്' (എന്‍സിഇആര്‍ടിസോഴ്സ് ബുക്ക് ഓഫ് അസസ്മെന്റ് ഫോര്‍ ക്ലാസസ് ഒന്ന്പത്ത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്പേജ് 99; ഒക്ടോബര്‍ 2008ഒന്നാം എഡിഷന്‍). 1997ല്‍ കേരളത്തില്‍ ആരംഭിക്കുകയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തുടരുകയും അക്കാദമിക വിദഗ്ധരും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളും അംഗീകരിക്കുകയുംചെയ്ത മൂല്യനിര്‍ണയരീതിയില്‍നിന്ന് പിന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളീയാനുഭങ്ങള്‍ എങ്ങനെ മാതൃകയാക്കി എന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി അറിയേണ്ടതുണ്ട്. പുസ്തകഭാരത്തെക്കുറിച്ച് സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ രാജ്യസഭാപ്രസംഗം പ്രശസ്തമാണ്. തുടര്‍ന്ന് നിയോഗിക്കപ്പെട്ട യശ്പാല്‍ കമ്മിറ്റിയും ഇത് സംബന്ധിച്ച മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കമീഷനെ ഏത് സര്‍ക്കാരാണോ നിയോഗിച്ചത് എന്നുനോക്കിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമീപിച്ചത്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 100 പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങളെ രണ്ടാക്കി മാറ്റി. 1986 ലെ നാഷണല്‍ പോളിസി ഓണ്‍ എഡ്യൂക്കേഷനും മറ്റ് കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സെമസ്റ്റര്‍ രീതി മറ്റൊരു തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി. ഒന്നാമത്തെ പാഠപുസ്തകം പഠിപ്പിച്ചുതീരുന്ന ഘട്ടത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ ഏര്‍പ്പെടുത്തി. 200809 അക്കാദമിക വര്‍ഷം ഇത് നടപ്പാക്കി. കേരളപാഠ്യപദ്ധതി ചട്ടക്കൂട്2007ലെ കാഴ്ചപ്പാടിന് അനുഗുണമായാണ് ഈ രീതി അവലംബിച്ചത്. അക്കാദമിക പിന്തുണയോടുകൂടിയുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു ഇത്. സംസ്ഥാനത്ത് അനുവര്‍ത്തിച്ച പുതിയ മൂല്യനിര്‍ണയരീതി ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കി. എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലടക്കം പരീക്ഷ നടത്തുന്ന സിബിഎസ്ഇ 200910 അക്കാദമിക വര്‍ഷം മുതല്‍ നിരന്തരമൂല്യനിര്‍ണയം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അക്കാദമികവര്‍ഷത്തെ രണ്ട് ടേമുകളാക്കി മാറ്റി. ഏപ്രില്‍ സെപ്തംബര്‍ ഒന്നാം ടേമും, ഒക്ടോബര്‍ മാര്‍ച്ച് രണ്ടാം ടേമും. ടേമുകളുടെ അവസാനം ടേം പരീക്ഷകള്‍ നടക്കും. ടേം പരീക്ഷകള്‍ക്കിടയില്‍ അധ്യാപകര്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയംമാത്രമേ ഉണ്ടാകൂ. 60 ശതമാനം വെയിറ്റേജ് ടേം മൂല്യനിര്‍ണയത്തിനും 40 ശതമാനം വെയിറ്റേജ് അധ്യാപകര്‍ ക്ലാസ്മുറിയില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 10ാം ക്ലാസില്‍ സിബിഎസ്ഇ തയ്യാറാക്കുന്ന ബാഹ്യ ചോദ്യപേപ്പര്‍ ഉപയോഗിച്ചുള്ള പരീക്ഷപോലും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. സ്കൂളുകള്‍ തയ്യാറാക്കുന്ന മൂല്യനിര്‍ണയ ഉപാധിപ്രകാരം പരീക്ഷകള്‍ അഭിമുഖീകരിക്കുകയാണ് സിബിഎസ്ഇ സ്കീമിലുള്ള വിദ്യാര്‍ഥികള്‍ . ഇങ്ങനെ മൂല്യനിര്‍ണയ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഒരു അക്കാദമിക പിന്തുണയുമില്ലാതെ, ലാഘവത്തോടെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയും യുഡിഎഫ് പിന്നോട്ടുപോയത്. 2001 ല്‍ നടപ്പാക്കിക്കൊണ്ടിരുന്ന പാഠ്യപദ്ധതി പിന്‍വലിച്ചതിന് സമാനമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനങ്ങള്‍ തങ്ങള്‍ തിരുത്തിയിരിക്കുന്നു എന്നുമുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കണം എന്ന് പഠിച്ച് പറയാന്‍ ബാധ്യതപ്പെട്ട അധ്യാപക സംഘടനകളില്‍ ചിലത് രാഷ്ട്രീയ അന്ധതമൂലമോ അജ്ഞതമൂലമോ വിദ്യാഭ്യാസരംഗത്ത് പൊതുവെയും മൂല്യനിര്‍ണയരംഗത്ത് പ്രത്യേകിച്ചും ലോകമെമ്പാടും അംഗീകരിക്കുകയും ദേശീയ സര്‍ക്കാര്‍ ഉള്‍പ്പെടെ നടപ്പാക്കിത്തുടങ്ങിയതുമായ മാറ്റങ്ങള്‍പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി എന്ന ഒറ്റക്കാരണത്താല്‍ എതിര്‍ക്കുകയാണ്. 1957ല്‍ ഇ എം എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അധ്യാപകരായിരുന്നു. ഇതിന്റെ ഭാഗമായാണ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേതനം നല്‍കുന്ന അവസ്ഥ മാറി നേരിട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമായിത്തുടങ്ങിയതും സ്കെയില്‍ അനുവദിച്ചതും. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ വിമോചനസമര&ൃെൂൗീ; ശക്തിയുമായി ചേര്‍ന്ന് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടുനിന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ശാസ്ത്രീയ വിദ്യാഭ്യാസ രീതികളെ തകിടം മറിക്കുന്നതിന് വക്കാലത്ത് പിടിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ കാശില്ല എന്ന് പറഞ്ഞ് കോര്‍പറേറ്റുകളെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്ക് ക്ഷണിക്കുക, സിബിഎസ്ഇക്ക് ഇഷ്ടംപോലെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുക, ഇതൊന്നും ഉദ്ദേശിച്ചപോലെ നടക്കാതെ വരുമ്പോള്‍ കേരളീയ സമൂഹത്തിലെ മധ്യവര്‍ഗ താല്‍പ്പര്യവും തെറ്റായ വിശ്വാസവും മുതലെടുത്ത് വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പുരോഗമന നടപടികളെ ഇല്ലാതാക്കുക, പൊതു വിദ്യാലയങ്ങളുടെ ഉന്മേഷവും സര്‍ഗാത്മകതയും ഇല്ലാതാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ വേണ്ടെന്നുവച്ച കുട്ടികളെ പരീക്ഷയെന്ന മുള്‍മുനയില്‍ നിരന്തരമായി നിര്‍ത്തുക, പരീക്ഷയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കാന്‍മാത്രം പ്രേരിപ്പിക്കുന്ന പഴയ രീതിയിലേക്ക് അധ്യാപകരെ തിരിച്ചെത്തിക്കുക തുടങ്ങിയ നടപടികളാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ . ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ നടപടിയല്ലാതെ മറ്റെന്താണ്? അക്കാദമികമായി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കെല്ലാം മനസിലാവുന്നതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന ഉണര്‍വും കൂട്ടായ്മയുടെ വിജയഗാഥയുംഭഹരിതവിദ്യാലയം&ൃെൂൗീ;എന്ന ദൃശ്യ മാധ്യമ പരിപാടിയിലൂടെ വലിയ വിഭാഗം ജനങ്ങള്‍ നേരിട്ടു മനസിലാക്കിയതും അകമഴിഞ്ഞു പ്രശംസിച്ചതുമാണ്. വിദ്യാഭ്യാസരംഗത്ത് പോരായ്മകള്‍ ഇല്ലെന്നല്ല. എന്നാല്‍ , അവ ശ്രദ്ധാപൂര്‍വം ഇടപെട്ടാല്‍ തിരുത്താം എന്ന ആത്മവിശ്വാസം വളര്‍ന്നു വരികയായിരുന്നു. അതിനെ തളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട അക്കാദമികവും സാമൂഹികവുമായ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ജനമധ്യത്തിലേക്ക് ഇത്തരം സംവാദങ്ങള്‍ വിദ്യാഭ്യാസ തത്വങ്ങളെ മുന്‍്നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.

Tuesday, March 22, 2011

ജലദിന ലേഖനം

ദേശാഭിമാനി ലേഖനം

ജലസമ്പത്ത് സംരക്ഷിക്കണം

ജെ ശശാങ്കന്‍ (കെഡബ്ള്യുഎഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞ മൂന്നു ദശകമായി ചര്‍ച്ചയും പഠനവും നടന്നതിന്റെ അടിസ്ഥാനത്തില്‍ ജലശാസ്ത്രം എന്ന ശാഖതന്നെ ഉദയംചെയ്തിട്ടുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള വാണിജ്യവിഭവമായി ജലത്തെ ഉപയോഗിക്കുന്ന ചിന്താധാരയും ഒരുഭാഗത്ത് ഉയര്‍ന്നുവന്നു. ലോകമെമ്പാടുമുള്ള ധന, മൂലധന ശക്തികള്‍ ജലമേഖലയില്‍ കടന്നുകൂടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്ന യാഥാര്‍ഥ്യവും നമുക്ക് മുന്നിലുണ്ട്. ജലത്തെ ജീവലായിനി, ഔഷധം, രോഗവാഹ, ഭീകരരൂപി എന്നിങ്ങനെ നാലായി തിരിക്കാം. ഭൂമിയുടെ അടിസ്ഥാന സ്രോതസ്സ് 'ജലചക്രം' എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ജലമാണ്. ഇത് പ്രകൃതിദത്തമായ വളരെ ബൃഹത്തായ ശുദ്ധീകരണ പ്രക്രിയയാണ്. കേരളത്തില്‍മാത്രം വര്‍ഷം ഏകദേശം 120 ഘന കിലോമീറ്റര്‍ ജലം മഴയായി ലഭിക്കുന്നുണ്ട്. മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലെ അറകളിലും ജലം കിനിഞ്ഞിറങ്ങി സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ ബന്ധിത ജലശേഖരവും ബന്ധിതമല്ലാത്ത ജലശേഖരവും രൂപപ്പെടുന്നു.

ജലവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ജലത്തിന്റെ അപര്യാപ്തത, മലിനീകരണം, വെള്ളപ്പൊക്കം എന്നിവയാണ്. ഈ മൂന്നു പ്രശ്നവും പരിഹരിക്കാന്‍ ശാസ്ത്രീയമായ ജലമാനേജ്മെന്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. കേരള ജലനയത്തില്‍ വിഭാവനംചെയ്തതുപോലെ നീര്‍ത്തടാധിഷ്ഠിത ആസൂത്രണ പ്രക്രിയയിലൂടെ ഇത് സാധ്യമാകും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിത പ്രവര്‍ത്തനം നിയമവിധേയമായി നടപ്പാക്കണം. ദീര്‍ഘകാല ആസൂത്രണം ഈ രംഗത്ത് അനിവാര്യമാണ്. മണല്‍ഘനനം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് നീര്‍ത്തടങ്ങള്‍ സമ്പുഷ്ടമാക്കണം. വികേന്ദ്രീകൃത സ്വഭാവത്തില്‍ ജലമാനേജ്മെന്റ് സംവിധാനം ഉണ്ടാക്കണം. ഏത് ആവശ്യത്തിന് ഉപയോഗിച്ചാലും ഉപയോഗിക്കുന്നവര്‍ നീര്‍ത്തടങ്ങളിലേക്കുള്ള റീച്ചാര്‍ജിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണം. ഫലപ്രദമായ മാലിന്യ സംസ്കരണരീതിയിലൂടെ ജലം മലിനീകരിക്കപ്പെടുന്നത് തടയാവുന്നതാണ്.

ജലവിഭവരംഗത്ത് വാണിജ്യതാല്‍പ്പര്യത്തോടെ കടന്നെത്തുന്ന വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് 2002ലെ കേന്ദ്ര ജലനയം. നിയന്ത്രണങ്ങള്‍ നാമമാത്രമാക്കുകയും കമ്പനികള്‍ക്ക് ജലചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതിയില്‍നിന്ന് ഇത് മനസ്സിലാക്കാന്‍ കഴിയും. ജലവിഭവ വിനിയോഗത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഗാര്‍ഹിക ആവശ്യത്തിനാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുന്നത് പ്രധാനമായും കിണറുകളില്‍നിന്നാണ്. ലോകത്ത് കിണര്‍ സാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏകദേശം 50 ലക്ഷം കിണര്‍ കേരളത്തിലുണ്ട്.

നഗരങ്ങളില്‍ പൈപ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ പ്പുവഴിയാണ് ജലം വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും പൈപ്പിലൂടെ വെള്ളമെത്തിക്കുക കേരളത്തിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ കിണറുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ജലവിതരണരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് കിണറുകളാണെന്നു മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്തിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. കിണറും കുളവും സംരക്ഷിക്കാനായി ഇവയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളില്‍ കൊണ്ടൂര്‍ മാപ്പിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫിങ്, പീച്ചിങ് ഉള്‍പ്പെടെയുള്ള മണ്ണ്, ജലസംരക്ഷണ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും കഴിയും. പൈപ്പുവഴി ശുദ്ധജലവിതരണം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കേരള വാട്ടര്‍ അതോറിറ്റി.

1984ലാണ് അതോറിറ്റിനിലവില്‍ വന്നത്. ഈ പൊതുമേഖലാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മാതൃകാപരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ജലവിതരണം നടത്തുന്നത്. എന്നാല്‍, കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം ഗ്രാമീണ ശുദ്ധജലപദ്ധതി ഫലപ്രദമല്ലാതായിത്തീരുകയും പുതിയവ ഏറ്റെടുത്ത് നടത്താന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ലോകബാങ്കിന്റെ സഹായത്തോടെ ജലനിധി പദ്ധതി തുടങ്ങിയത്. ഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്വജല്‍ധാര എന്ന പദ്ധതിയും നടത്തുന്നുണ്ട്. ഈ പദ്ധതികളുടെ പരിപാലന-നിര്‍വഹണം ജനകീയ കമ്മിറ്റികളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഭരണഘടനാപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പെങ്കിലും ഇത് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഭരണഘടനാപരമായി നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പുനഃക്രമീകരിക്കേണ്ടതുണ്ട്. ലോക ജലദിന ചര്‍ച്ചകളില്‍ ജലസമ്പത്തിന്റെ വാണിജ്യവല്‍ക്കരണനയത്തെയും ഇതിന് ബദലായ പൊതുപരിപാലനത്തെയും അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകളുണ്ടാകണം. ജലസമ്പത്ത് വാണിജ്യവല്‍ക്കരിച്ച് കൊള്ളലാഭം കൊയ്യാനെത്തുന്ന വന്‍കിടക്കാരെ ചെറുത്തുനിന്ന് നമ്മുടെ ജലസമ്പത്ത് സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഈ ജലദിനത്തില്‍ പ്രതിജ്ഞചെയ്യാം.

Friday, March 11, 2011

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ സുനാമി. വടക്കുകിഴക്കൻ മേഖലയിൽ ഭൂകമ്പം. വൻ ദുരന്തം. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോവിൽ നിന്നും373 കിലോമീറ്റർ അകലെയാണ് സുനാമി ഉണ്ടായത്. 33 അടി ഉയരത്തിൽ തിരമാലകൾ അടിച്ച് കയറി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫോങ്ഷ്യൂ പ്രവിശ്യ. റിക്ച്ചർ സ്കെയിലിൽ 8.9 രേഖപ്പെടുത്തി. ഇന്ത്യൻ സമയം 11- 55 -നാണ് (ജപ്പാൻ സമയം 2.45) ലോകത്തെ നടുക്കിയ ഭൂകമ്പം.

ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ നിരവധി ആളുകൾ മരണപ്പെട്ടതായി വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആളപായത്തെയും നാശത്തെയും സംബന്ധിച്ച് ഔദ്യോകിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ധാരാളം മരണം സംഭവിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇതെഴുതുന്ന സമയത്ത് പതിനെട്ട് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. ഒരു ഹോട്ടൽ തകർന്നു വീണു. ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്. വേറെയും കെട്ടിടങ്ങൾ തകർന്നുവീഴുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. അഞ്ച് ആണവ നിലയങ്ങൾ അടച്ചിട്ടു. വിമാനത്താവളങ്ങളും അടച്ചിട്ടു. രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാകുന്നുവെന്ന് ജപ്പാൻ പ്രധാന മന്ത്രി പറഞ്ഞു.

പസഫിക്ക് തീരത്തുള്ള മറ്റ് പല രാജ്യങ്ങൾക്കും ഭൂകമ്പഭീഷണി ഉണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, റഷ്യ എന്നിവിടങ്ങൾക്കും ഭൂകമ്പ-സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഇതുവരെ ലോകത്ത് ഉണ്ടായ ഭൂകമ്പങ്ങളിൽ ഏറ്റവും വലുത് റിക്ച്ചർ സ്കെയിലിൽ 9.5 ആണ് രേഖപ്പെടുത്തിയത് എന്നിരിക്കെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭൂകമ്പത്തിന്റെ തീവ്രത ചെറുതല്ലെന്ന് വ്യക്തമാക്കുന്നു.

സുനാമി എന്നാൽ?

(മലയാളം വിക്കി പീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം)

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം.

സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി.

ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.

കാരണങ്ങൾ

സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.

ഉയർത്തപ്പെട്ട ജലം ഭൂഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. തിരകൾ സമുദ്രത്തിലൂടെ, (കുളത്തിൽ കല്ലു വീണാലെന്ന പോലെ) ചുറ്റുപാടും സഞ്ചരിക്കുന്നു.

സവിശേഷതകൾ

സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും.

മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.

ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും (ഒരു ഓളത്തലപ്പു് കടന്നുപോയതിനു ശേഷം അടുത്ത ഓളത്തലപ്പു് എത്തുന്നതിനുള്ള സമയം, ഇതു് മിനിട്ടുകൾ തൊട്ടു് മണിക്കൂറുകൾ വരെ ആവാം), വളരെ നീണ്ട തരംഗദർഘ്യവും (കിലോമീറ്ററുകളോളം) സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്.

ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.

എഡിറ്റ് ചെയ്തത്: ആയിരത്തി അഞ്ഞൂറിന് മുകളിൽ ആളുകൾ ജപ്പാനിലെ ഭൂകമ്പത്തിൽ മരിച്ചതായി തുടർന്നുള്ള ദിവസങ്ങളിലെ വാർത്തകൾ ! വ്യക്തമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

Friday, January 14, 2011

സിവില്‍ സര്‍വീസും ജനങ്ങളും

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തെ പിൻപറ്റി സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വിശ്വമാനവികം 1-ൽ വീണ്ടും ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. അതിലേയ്ക്കുള്ള ലിങ്ക്: സർക്കാർ ഓഫീസുകളിലെ നൂലാമാലകളെപ്പറ്റിത്തന്നെ

Thursday, December 9, 2010

സ്ത്രീശാക്തീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

(ഇത്തവണത്തെ പ്ലസ് വൺ ഓപ്പൺ സ്കൂൾ പ്രൈവറ്റ് രജിസ്ട്രേഷൻ കുട്ടികൾക്ക് ഒരു സ്കൂൾ സെന്ററിൽ നിന്നും അസൈൻമെന്റിനു നൽകിയ വിഷയം സ്ത്രീ ശാക്തീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്നതായിരുന്നു. ഈ അസെയിൻമെന്റ് കുട്ടികൾക്ക് സ്വയം എഴുതാൻ സഹായത്തിന് പറഞ്ഞു പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് ഇവിടെ ലേഖന രൂപത്തിൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി എഴുതിയിരിക്കുന്നത്)

സ്ത്രീശാക്തീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ


നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാ‍പനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം സാമ്പതികഘടകം തന്നെ.

സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?

മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.

മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.

ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂ‍ർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.

വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.

തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ഒരു ജീവിതരീതിയാണ്.Justify Full

Thursday, November 11, 2010

QUESTION PAPER PLUS- ONE (HSE 1)


ചോദ്യകടലാസ്സ് പതിനൊന്നാം തരം

2010 നവംബർ മാസത്തിൽ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് വന്ന പ്ലസ്-വൺ ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപേപ്പർ. ഇത് തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെയുള്ള ഏതാനും സ്കൂളുകളിൽ ചോദിച്ചതാണ്. ഇപ്പോഴത്തെ ചോദ്യമാതൃകകളും മറ്റും താല്പര്യമുള്ള എല്ലാവർക്കും കാണാനും വിലയിരുത്തനുമാണ് ഇത് സ്കാൻ ചെയ്ത് ഇവിടെ ഇടുന്നത്. ഓരോ ഭാഗത്തു വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം!







QUESTION PAPER CLAASS 10


ചോദ്യപേപ്പർ പത്താംതരം


2010 നവംബർ മാസത്തിൽ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയുടെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപേപ്പർ. ഇത് തട്ടത്തുമല ഗവർണ്മെന്റ് സ്കൂളിൽ ഉൾപ്പെടെയുള്ള ഏതാനും സ്കൂളുകളിൽ ചോദിച്ചതാണ്. ഇപ്പോഴത്തെ ചോദ്യമാതൃകകളും മറ്റും താല്പര്യമുള്ള എല്ലാവർക്കും കാണാനും വിലയിരുത്തനുമാണ് ഇത് സ്കാൻ ചെയ്ത് ഇവിടെ ഇടുന്നത്. ഓരോ ഭാഗത്തു വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം!


















Friday, October 29, 2010

അയ്യപ്പന്‍ എ (കവി)


മലയാള കവി . അയ്യപ്പൻ മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന വാർത്തയും ചില ലേഖനങ്ങളും സ്കാൻ ചെയ്തിടുന്നു. ശരിക്ക് കണ്ട് വായിക്കുവാൻ ചിത്രങ്ങളിൽ ക്ലിക്കുചെയ്ത് വലുതാക്കാവുന്നതാണ് !