ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Thursday, January 14, 2010

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ ദ്വീപ്രാഷ്ട്രമായ ഹെയ്തിയില്‍ വന്‍ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി ഭയപ്പെടുന്നു. മാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സ് തകര്‍ന്നടിഞ്ഞു. 30 ലക്ഷം പേരെ ദുരന്തംബാധിച്ചിട്ടുണ്ടാകുമെന്ന് രാജ്യാന്തര റെഡ്ക്രോസ് വക്താവ് പറഞ്ഞു. ക്യൂബയ്ക്കും വെനസ്വേലയ്ക്കും മധ്യേയുള്ള ദ്വീപാണ് ഹെയ്തി. ചൊവ്വാഴ്ച വൈകിട്ട് 4.53നാണ് ദ്വീപ്രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. പിന്നാലെ മൂന്നു തുടര്‍ചലനവുമുണ്ടായി. പ്രസിഡന്റിന്റെ കൊട്ടാരം ഉള്‍പ്പെടെ തലസ്ഥാനത്തെ കെട്ടിടങ്ങളെല്ലാം മണ്ണോടുചേര്‍ന്നു. എന്നാല്‍, പ്രസിഡന്റ് റെനെ പ്രവലും ഭാര്യയും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 2004ലുണ്ടായ അട്ടിമറിശ്രമത്തിനുശേഷം ഒമ്പതിനായിരത്തോളം യുഎന്‍ സേനാംഗങ്ങളെ ഹെയ്തിയില്‍ വിന്യസിച്ചിരുന്നു. ദൌത്യസംഘ തലവന്‍ ഹേദി അന്നാബിയും കാണാതായവരില്‍പ്പെടുന്നു. 200 വിദേശികള്‍ തങ്ങിയിരുന്ന ആഡംബരഹോട്ടലും നിലംപൊത്തി. ദരിദ്രരാജ്യമായ ഹെയ്തി ദുരന്തം താങ്ങാനാകാതെ തരിച്ചുനില്‍ക്കുകയാണ്. മരണസംഖ്യ തിട്ടപ്പെടുത്താന്‍തന്നെ ദിവസങ്ങള്‍ വേണ്ടിവരും. ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ സംവിധാനമില്ല. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന് മിക്കഭാഗവും ഒറ്റപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ ആലംബമില്ലാതെ കഴിയുകയാണ്. പരിക്കേറ്റവരും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരും അലമുറയിടുന്ന കാഴ്ചയാണെങ്ങും. അമേരിക്ക, ക്യൂബ, വെനസ്വേല തുടങ്ങിയ അയല്‍രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും സഹായം വാഗ്ദാനം ചെയ്തു. യുഎന്‍ ദൌത്യസംഘത്തിന്റെ ആസ്ഥാനമായ ഹോട്ടല്‍ ക്രിസ്റ്റഫര്‍ പൂര്‍ണമായി നശിച്ചെന്ന് യുഎന്‍ വക്താവ് അലൈന്‍ ലീറോയി ന്യൂയോര്‍ക്കില്‍ പറഞ്ഞു. 7000 സൈനികരും 2000 പൊലീസുകാരുമാണ് ദൌത്യസേനയിലുള്ളത്. ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും കഴിഞ്ഞാല്‍ കരീബിയയിലെ മൂന്നാമത്തെ വലിയ ദ്വീപായ ഹെയ്തിയില്‍ ചുഴലിക്കാറ്റ് വിനാശം വിതയ്ക്കുന്നത് പതിവാണ്. തലസ്ഥാനത്തുനിന്ന് 15 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.