ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Friday, October 29, 2010

അയ്യപ്പന്‍ എ (കവി)


മലയാള കവി . അയ്യപ്പൻ മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന വാർത്തയും ചില ലേഖനങ്ങളും സ്കാൻ ചെയ്തിടുന്നു. ശരിക്ക് കണ്ട് വായിക്കുവാൻ ചിത്രങ്ങളിൽ ക്ലിക്കുചെയ്ത് വലുതാക്കാവുന്നതാണ് !Friday, October 15, 2010

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

ദേശാഭിമാനി വാര്‍ത്ത‍

സാന്‍ജോസ് ഖനി (ചിലി): പ്രതീക്ഷകളെ മറികടന്ന രക്ഷാപ്രവര്‍ത്തനം. ഉത്തരചിലിയില്‍ രണ്ടായിരത്തില്‍പ്പരം അടി താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളെയും പുറത്ത് എത്തിച്ചപ്പോള്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കും ശാസ്ത്രനേട്ടത്തിനും മുന്നില്‍ സമയംപോലും തല കുനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാലുമാസം വേണ്ടിവരുമെന്നാണ് അധികൃതര്‍ നേരത്തെ കണക്കാക്കിയത്. എന്നാല്‍, 69 ദിവസവും എട്ട് മണിക്കൂറും കൊണ്ട് രക്ഷാപ്രവര്‍ത്തനം വിജയകരമാക്കി. തുരങ്കം നിര്‍മിച്ചശേഷം 'ഫീനിക്സ്' പേടകം ഉപയോഗിച്ച് 33 പേരെ പുറത്തെത്തിക്കാന്‍ 36 മുതല്‍ 48 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് കരുതിയത്. എന്നാല്‍, കാര്യങ്ങള്‍ സുഗമമായി നീങ്ങുകയും 22 മണിക്കൂര്‍ 37 മിനിറ്റുകൊണ്ട് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കാനായി. മുപ്പത്തിമൂന്നാമന്‍ ലൂയിസ് ഉര്‍സുവയെയും വഹിച്ച് പേടകം മുകളില്‍വന്നപ്പോള്‍ 'ക്യാമ്പ് ഹോപ്പില്‍'നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു. ബലൂണുകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഖനിക്ക് സമീപത്തെ കുന്നിന്‍ചരുവിലാണ് തൊഴിലാളികളുടെ ബന്ധുക്കള്‍ക്കായി 'ക്യാമ്പ് ഹോപ്പ്' തയ്യാറാക്കിയിരുന്നത്. തലസ്ഥാനമായ സാന്തിയാഗോയില്‍ ആയിരങ്ങള്‍ ആഹ്ളാദപ്രകടനം നടത്തി. കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ രക്ഷാപ്രവര്‍ത്തനം നേരിട്ട് കാണുകയായിരുന്ന ജനങ്ങള്‍ 'ചിലി നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി. രാജ്യമാകെ ആഘോഷങ്ങളില്‍ മുഴുകി. ബുധനാഴ്ച പുലര്‍ച്ചെയാണ് രക്ഷാപേടകം ഖനിയില്‍നിന്ന് ആദ്യതൊഴിലാളിയെ പുറത്തെത്തിച്ചത്. തുടക്കത്തില്‍ ഒരു മണിക്കൂര്‍ വീതം വ്യത്യാസത്തിലാണ് ഓരോരുത്തരെ ഭൂനിരപ്പില്‍ എത്തിച്ചത്. എന്നാല്‍, പടിപടിയായി വേഗത കൈവരികയും ഈ ഇടവേള അരമണിക്കൂര്‍വരെയായി കുറയുകയുംചെയ്തു. ഒരു നിമിഷംപോലും വിശ്രമിക്കാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ 33 പേരെയും പുറത്തെത്തിച്ചത്. 100 കോടിയോളം രൂപ രക്ഷാപ്രവര്‍ത്തനത്തിനായി ചെലവഴിച്ചു. ചിലിയുടെ ദേശീയവരുമാനത്തിന്റെ 40 ശതമാനവും ഖനനത്തില്‍നിന്നാണ്. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രസിഡന്റ് സെബാസ്റ്യന്‍ പിനേര ഖനിമന്ത്രി കൊദല്‍ക്കോയെതന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരുന്നു.

പാഠമാകട്ടെ ചിലിയുടെ വിപദി ധൈര്യം

പാഠമാകട്ടെ ചിലിയുടെ വിപദി ധൈര്യം

ദേശാഭിമാനി മുഖപ്രസംഗം

അസാധ്യമായി തോന്നുന്നതിനെ സാധ്യമാക്കുന്ന അത്യുജ്വലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതാപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും ഒടുങ്ങാത്ത ശുഭവിശ്വാസത്തിന്റെയും വിജയമാണ് ചിലിയില്‍ നമ്മള്‍ കണ്ടത്. സഹജാതരോടുള്ള സ്നേഹവും കരുതലും മുന്‍നിര്‍ത്തി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന സന്ദേശമാണ് ചിലിയിലെ ഖനിയില്‍നിന്ന് മനുഷ്യരാശി കണ്ടെടുത്തത്. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്, ക്ഷമയോടെ, എന്നാല്‍ സൂക്ഷ്മബുദ്ധിയോടെ പ്രത്യാശ കൈവിടാതെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു. ശാസ്ത്ര സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി വരുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിക്കായി ഉപയോഗിച്ചു. ലോകജനതയാകെ, ശ്വാസമടക്കിപ്പിടിച്ച്, ഈ രക്ഷാസംരംഭം വിജയിക്കണേ എന്ന ആഗ്രഹവുമായി നിലകൊണ്ടു. അങ്ങനെ, മരണത്തെ മുഖാമുഖംകണ്ട് ഖനിക്കുള്ളില്‍ 700 മീറ്റര്‍ അഗാധതയില്‍ കഴിഞ്ഞിരുന്ന 33 പേര്‍ 69 ദിവസത്തിനുശേഷം പുറത്തുവന്നു. അങ്ങനെ, ലോകത്തിലെ ഏറ്റവും വലിയ ഖനിദുരന്തങ്ങളിലൊന്നാകാമായിരുന്നത്, ലോകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായി മാറി. ശാസ്ത്രസാങ്കേതികവിദ്യയുടെ രംഗത്ത് നാം ഉണ്ടാക്കിയിട്ടുള്ള വിസ്മയാവഹമായ നേട്ടങ്ങള്‍, മനുഷ്യത്വപരമായ സല്‍സംരംഭങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തംകൂടിയായി ചിലിയിലെ കോപ്പിയാപ്പോ എന്ന സ്ഥലത്തുള്ള സാന്‍ജോസ് ഖനിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം. ചരിത്രത്തില്‍ അധികം സമാനതകളില്ലാത്ത സംഭവമാണ് ഇത്. അഗാധതയില്‍ കുടുങ്ങിപ്പോയവര്‍, അവിടത്തെ അന്ധകാരത്തില്‍ രണ്ടുമാസത്തിലേറെയാണ് കഴിഞ്ഞത്. അവര്‍ക്ക് പ്രാണവായുമുതല്‍ ആഹാരത്തിന് പകരമായുള്ള പോഷക കാപ്സ്യൂളുകള്‍വരെ കൃത്യമായി എത്തിച്ചുകൊടുത്തു. അവരുടെ ആത്മവീര്യം കെടാതെ നോക്കി. വിദേശസാങ്കേതികവിദ്യയും നാസാ വിദഗ്ദ്ധരേയും എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രത്യാശ കൈവിടാതെ നടത്തിയ ആ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ വിജയപ്രാപ്തിയിലെത്തി. ആത്മവീര്യം കെടാതെ കഠിനപ്രയത്നം നടത്തിയാല്‍ മനുഷ്യരാശിക്ക് പല ദുരന്തങ്ങളെയും മറികടക്കാനാകുമെന്ന ദൃഢമായ വിശ്വാസം ലോകജനതയുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നവിധത്തിലുള്ളതായി ചിലിയിലെ വിജയം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നും, രക്ഷാസംവിധാനങ്ങള്‍ ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നായി എത്തിച്ച് എങ്ങനെ ഏകോപിപ്പിക്കണമെന്നുമുള്ളതിന്റെ വിലപ്പെട്ട പാഠപുസ്തകംകൂടിയാകുന്നു ചിലിയിലെ അനുഭവം. തങ്ങളുടെ പക്കലുള്ള രക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിശദീകരണവുമായി അധികാരികള്‍ക്ക് വേണമെങ്കില്‍ നിസ്സഹായത പ്രകടിപ്പിക്കാമായിരുന്നു. എന്നാല്‍, ഉയര്‍ന്നതോതിലുള്ള വിപദി ധൈര്യത്തിന്റെ പിന്‍ബലത്തോടെ നാസാസംഘത്തെവരെ എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. നാലുമാസംവരെ വേണ്ടിവന്നേക്കുമെന്ന പ്രാഥമിക റിപ്പോര്‍ട്ടുകളില്‍പ്പോലും ആരും പ്രതീക്ഷ കൈവിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും രക്ഷാസാങ്കേതികവിദ്യയുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് എത്തിച്ചുതരൂ എന്നാണ് ചിലിയുടെ പ്രസിഡന്റ് അഭ്യര്‍ഥിച്ചത്. മനുഷ്യത്വത്തിന്റേതായ ഉയര്‍ന്ന ബോധത്തോടെ ലോകം അതിനോട് പ്രതികരിച്ചു. 2000 അടി താഴ്ചയിലേക്ക് മനുഷ്യത്വത്തിന്റെ കരങ്ങള്‍ നീണ്ടുചെന്നു. അതിരുകളെ കടന്നുനില്‍ക്കുന്നതരത്തിലുള്ള മാനവികതയുടെ ഐക്യദാര്‍ഢ്യത്തിന്റെ പാഠങ്ങള്‍കൂടി ലോകത്തിന് പകര്‍ന്നുനല്‍കുന്നുണ്ട് ചിലിസംഭവം. വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഈ മൂന്നാംസഹസ്രാബ്ദഘട്ടത്തില്‍പ്പോലും മനുഷ്യത്വത്തിന് നിരക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍, ജീവന്‍ പണയംവച്ച് അന്നന്നത്തെ ആഹാരത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നുണ്ട് പ്രത്യേകവിഭാഗം തൊഴിലാളികള്‍ക്കെന്നത്, ശാസ്ത്ര-സാങ്കേതികരംഗങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമൂഹം ഓര്‍മിക്കാറില്ല. അത്തരം ചില ദുരന്തസത്യങ്ങളുടെ നേര്‍ക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നുമുണ്ട് ചിലി. ഒന്നും പ്രതീക്ഷിക്കാനില്ലെന്ന അവസ്ഥയില്‍പ്പോലും പ്രതീക്ഷ കൈവിടാതെ ഭൂഗര്‍ഭജീവിതത്തെ അതിജീവിച്ച ഖനിത്തൊഴിലാളികളുടെ അജയ്യമായ ഇച്ഛാശക്തി ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. സമൂഹം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കേണ്ട മറ്റൊരു പാഠം. ഖനിഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് 17 ദിവസത്തോളം ലോകം കരുതിയത് 33 ജീവനും പൊലിഞ്ഞിട്ടുണ്ടാകുമെന്നാണ്. 17-ാം നാള്‍ ഖനിയുടെ അഗാധതകളില്‍നിന്നു ലഭിച്ച സന്ദേശത്തോട് ചിലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചത് കര്‍മധീരതയുടെ ഭാഷകൊണ്ടാണ്. നാല്‍പ്പത്തഞ്ചുദിവസംകൊണ്ട് തീര്‍ത്ത പുതുഗുഹയിലൂടെയാണ് 54 സെന്റീമീറ്റര്‍മാത്രം വ്യാസമുള്ള ഫീനിക്സ് എന്ന രക്ഷാപേടകം ഇരുളിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് 33 പേരെ വെളിച്ചത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചിതയില്‍നിന്ന് ഉയിര്‍ത്തെണീറ്റ് പറക്കുന്ന പക്ഷിയാണ് ഫീനിക്സ് എന്നതാണ് സങ്കല്‍പ്പം. ഖനിയുടെ പാതാളങ്ങളില്‍നിന്ന് ഭൂമുഖത്തേക്ക് തിരിച്ചുകയറിവന്നവര്‍ ഓരോരുത്തരും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനവാഞ്ഛയുടെയും പ്രത്യാശയുടെയും തിളങ്ങുന്ന ഫീനിക്സുകള്‍തന്നെ! ചിലിയില്‍ കണ്ട ആത്മവിശ്വാസവും വിപദിധൈര്യവും അര്‍പ്പണബോധവും കര്‍മധീരതയും മനുഷ്യത്വവും ലോകത്തിന് പാഠമാകട്ടെ! മാനവികതയുടേതായ ഈ സാര്‍വദേശീയ ഐക്യദാര്‍ഢ്യം എന്നും നിലനില്‍ക്കട്ടെ.