ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Wednesday, June 23, 2010

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

സ്റ്റേറ്റ് സിലബസിൽ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.

ഒൻപതാം തരത്തിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെപറ്റി പറയുന്ന പാഠ ഭാഗം അതു പോലെ താഴെ കൊടുത്തിരിക്കുന്നു:

അവനവൻ പ്രസാധകനാവുമ്പോൾ.......

വിവര സാങ്കേതിക വിദ്യ സാർവത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയ ഉപാധികളും വികസിച്ചു വരുന്നു. വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ അവയിൽ ചിലതാണ്. വെബ് ലോക് (Weblog) എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (blog). പത്രമാസികകളിൽ എഴുത്തുകാരനും വായനക്കാരനുമിടയിൽ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകുമല്ലോ. എന്നാൽ ബ്ലോഗുകളിലാവട്ടെ, നമ്മുടെ രചനകൾ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ട് വായനക്കാരനു മുന്നിലെത്തുകയാണ്. കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല, അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, ഓർമകൾ, വാർത്തകൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം നമുക്കു നമ്മുടെ ബ്ലോഗിലൂടെ വായനക്കാർക്കുമുമ്പിലെത്തിക്കാനാവും. സാഹിത്യരചനകൾ കൂടാതെ ചിത്രങ്ങൾ, കാർട്ടൂണുകൾ, ഫോട്ടോകൾ, വീഡിയോകൾ, പാട്ടുകൾ എന്നിങ്ങനെ എല്ലാ സർഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കാം. ചുറ്റുമുള്ള സാമൂഹിക തിന്മകളോട് ക്രിയാത്മകമായി പ്രതികരിക്കാനും അവ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും ബ്ലോഗുകൾ അവസരമൊരുക്കുന്നു.

നമ്മുടെ മാതൃഭാഷയിൽ തന്നെ ഇതൊക്കെ നിർവഹിക്കുന്നതിനുള്ള സൌകര്യവും ഇന്നുണ്ട്. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്ലോഗ് സൃഷ്ടിക്കുകയാണ്. ബ്ലോഗർ, വേഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനുള്ള സൌകര്യം തികച്ചും സൌജന്യമായി നൽകുന്നുണ്ട്. സ്വന്തമായി ഒരു ഇ-മെയിൽ വിലാസമുള്ള ആർക്കും വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് സൃഷ്ടിക്കാവുന്നതേയുള്ളു. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന (പോസ്റ്റു ചെയ്യുന്ന) സൃഷ്ടികളെ സംബന്ധിച്ച് ബ്ലോഗ് കാണുന്ന (സന്ദർശിക്കുന്ന) ആർക്കും പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും ഇതിലുണ്ട്.

  • സ്കൂളുമായി ബന്ധപ്പെട്ട ഒരു അനുഭവക്കുറിപ്പ് തയാറാക്കി, നിങ്ങൾ സൃഷ്ടിച്ച ബ്ലോഗിൽ പേസ്റ്റ് ചെയ്യൂ. കൂട്ടുകാരുടെ ബ്ലോഗ് രചനകൾ വായിച്ച് അവയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തൂ.