ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, August 26, 2011

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക


ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക

എം.എ. ബേബി

(ദേശാഭിമാനി ദിനപ്പത്രത്തിൽ രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ.)

ആഗസ്റ്റ്‌ 24, 2011

ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നുഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരിക്കലും ഓണപ്പരീക്ഷ ഉണ്ടായിരുന്നില്ല. അക്കാദമിക വര്‍ഷത്തെ മൂന്നായി വിഭജിച്ച് ഒന്നാമത്തെ ടേമിന്റെ അവസാനം കാല്‍ക്കൊല്ല പരീക്ഷയും രണ്ടാം ടേമിന്റെ അവസാനം അരക്കൊല്ല പരീക്ഷയും വര്‍ഷാവസാനം വാര്‍ഷിക പരീക്ഷയുമാണ് നടന്നിരുന്നത്. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. തുടര്‍മൂല്യനിര്‍ണയരീതി നിലവിലില്ലാതിരുന്ന കാലത്താണ് മൂന്ന് ടേം എന്ന സങ്കല്‍പ്പം നിലനിന്നത്. സാമ്പ്രദായിക മൂല്യനിര്‍ണയ രീതിയില്‍നിന്നുള്ള പരിവര്‍ത്തനം വര്‍ഷങ്ങള്‍ നീണ്ട അക്കാദമിക ചര്‍ച്ചകളിലൂടെ രൂപപ്പെട്ടതാണ്. ഇത്തരം അക്കാദമിക ചര്‍ച്ചകള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണോ, എല്‍ഡിഎഫ് ആണോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടന്നതല്ല. ഈ ചരിത്ര വസ്തുതകളെപ്പറ്റിയുള്ള അജ്ഞതയോ പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് ശാസ്ത്രീയ ധാരണകള്‍ കടന്നുവരാതെ അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലോ ആണ് ഇപ്പോള്‍ നടക്കുന്നത്.

ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ പരീക്ഷകള്‍ അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കും. പക്ഷേ, അത് ഏത് തരത്തിലുള്ളതാകണം എന്നത് അക്കാദമികമായി തീരുമാനിക്കപ്പെടേണ്ടതാണ്. പരീക്ഷാപരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ കമീഷനുകള്‍ സൂചിപ്പിച്ചത് പരിശോധിക്കേണ്ടതുണ്ട്. 1882 ലെ ഹണ്ടര്‍ കമീഷന്‍ , 191719 ലെ കല്‍ക്കത്ത യൂണിവേഴ്സിറ്റി കമീഷന്‍ അഥവാ സഡ്ലര്‍ കമീഷന്‍ , 1929 ലെ ഹര്‍ടോഗ് കമീഷന്‍ , 1944 ലെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശങ്ങള്‍ അഥവാ സാര്‍ജന്റ് പ്ലാന്‍ . 195253 ലെ മുതലിയാര്‍ കമീഷന്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത് നിയുക്തമായ എല്ലാ കമീഷനുകളും പരീക്ഷാപരിഷ്കരണത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമീഷനുകളെല്ലാം ഊന്നല്‍ കൊടുക്കുന്നത് ബാഹ്യപരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ (1966) ഇപ്രകാരം പറയുന്നു: 'സ്കൂളുകള്‍ നടത്തുന്ന ആന്തരിക മൂല്യനിര്‍ണയത്തിനും വിലയിരുത്തലിനും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. സമഗ്രമായ വിലയിരുത്തല്‍ ഇതുവഴി നടത്തണം; വിദ്യാര്‍ഥിയുടെ വളര്‍ച്ചയുടെ എല്ലാ വശങ്ങളും അതായത് വ്യക്തിപരമായ സവിശേഷതകളും താല്‍പ്പര്യങ്ങളും സമീപനങ്ങളും ബാഹ്യപരീക്ഷകളിലൂടെ വിലയിരുത്താന്‍ കഴിയില്ല. (9.84)' അതുപോലെ 1986 ലെ ദേശീയവിദ്യാഭ്യാസ നയത്തിലും അതിനെത്തുടര്‍ന്നുണ്ടാക്കിയ കര്‍മപരിപാടിയിലും പരീക്ഷാപരിഷ്കരണത്തെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓര്‍മ പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷയില്‍ മാറ്റം ആവശ്യമാണെന്നും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതി നടപ്പാക്കണമെന്നും സെമസ്റ്റര്‍ സമ്പ്രദായം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ബാഹ്യ പരീക്ഷയ്ക്കുള്ള ഊന്നല്‍ കുറയ്ക്കണമെന്നും ആന്തരിക മൂല്യനിര്‍ണയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മൂല്യനിര്‍ണയത്തിന് വ്യത്യസ്തങ്ങളായ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയം റിവ്യൂചെയ്യാന്‍ നിയുക്തമായ ആചാര്യ രാമമൂര്‍ത്തിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ ഠീംമൃറെ മി ഋിഹശഴവലേിലറ മിറ ഔാമില ടീരശലേ്യ&ൃെൂൗീ; എന്ന റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. 1990ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കല്‍ തുടര്‍ച്ചയായ ആന്തരിക മൂല്യനിര്‍ണയം പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്രെഡിറ്റ് സമാഹരിക്കാന്‍ കഴിയണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഗ്രേഡ് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. സ്കൂള്‍ പ്രവേശനം അയവുള്ളതാക്കുകയും സ്കൂള്‍ സംവിധാനമാകെ അനൗപചാരികമാക്കി മാറ്റുകയും ചെയ്യണം. 1993ല്‍ പ്രൊഫസര്‍ യശ്പാലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഘലമൃിശിഴ ംശവേീൗേ യൗൃറലി എന്ന ചെറുതും അര്‍ഥവത്തുമായ റിപ്പോര്‍ട്ടില്‍ പരീക്ഷകളെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല.' 'രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സ്കൂളുകള്‍ പ്രൈമറി തലത്തിന്റെ തുടക്കംമുതല്‍ നിരവധി ഔപചാരിക എഴുത്തുപരീക്ഷകള്‍ കടന്നുവേണം പത്താം ക്ലാസില്‍ എത്താനെന്ന ശക്തമായ ധാരണ പുലര്‍ത്തുന്നവയാണ്. പരീക്ഷകള്‍മാത്രമാണ് ഒരാളുടെ മികവിന് അടിസ്ഥാനമെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശിച്ച ഉടനെ ലഭിക്കുന്നത്

.' നിര്‍ദേശമായി യശ്പാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്, 'പാഠ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ അവസാനം നടത്തുന്ന പൊതുപരീക്ഷ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനംചെയ്യണം. പാഠഭാഗം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് പകരം ആശയാധിഷ്ഠിതമായ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തണം. വെറുതെ മനഃപാഠം പഠിക്കുക എന്ന ശരിയല്ലാത്ത പ്രവണതയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനും പഠനനിലവാരം ഉയര്‍ത്താനും പര്യാപ്തമായ ഏക പരിഷ്കാരം ഇതുമാത്രമാണ്.' മൂല്യനിര്‍ണയത്തെ സംബന്ധിച്ച് ലോകമെമ്പാടും വളര്‍ന്നുവന്ന പുതിയ ചിന്താധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ കാര്യത്തില്‍ എന്നും മുന്നില്‍ നടക്കുന്ന കേരളത്തില്‍തന്നെയാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയാടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ പേപ്പറില്‍നിന്ന് പുറത്തേക്ക് പോയില്ല. ആ ഘട്ടത്തിലാണ് 1997ല്‍ മൂല്യനിര്‍ണയരംഗത്ത് വലിയ പരിവര്‍ത്തനത്തിന് നാം തുടക്കം കുറിച്ചത്്. പ്രൊഫ. യശ്പാലും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടുവച്ച എന്‍സിഇആര്‍ടിപോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച പരിവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ വരുത്തിയത്. ഡിപിഇപി പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തില്‍ പ്രസ്തുത സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതിയും ഗ്രേഡിങ് സമ്പ്രദായവും ലോവര്‍ പ്രൈമറി ക്ലാസുകളില്‍ 1997ല്‍ തന്നെ ആരംഭിച്ചു. ഈ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ മാറ്റത്തിനനുസരിച്ച് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. 2000ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മൂല്യനിര്‍ണയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടപ്പാക്കണം, വൈജ്ഞാനിക മേഖലയിലേക്കും സഹവൈജ്ഞാനിക മേഖലയിലേക്കും മികവുകള്‍ പരിശോധിക്കണം, പോര്‍ട്ട് ഫോളിയോ നടപ്പാക്കണം, സെമസ്റ്റര്‍ സമ്പ്രദായം സെക്കന്‍ഡറി തലം മുതല്‍ നടപ്പാക്കണംതുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിച്ച മാറ്റങ്ങള്‍ . കേരളത്തിലെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദേശീയതലത്തിലും ഉണ്ടായിവരുന്ന ഘട്ടത്തിലാണ് 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളില്‍ അതുവരെ വികസിപ്പിച്ചുവന്ന പുതിയ പാഠ്യപദ്ധതി പിന്‍വലിക്കുകയും പഴയതിലേക്ക് തിരിച്ചുപോവുകയും ചെയ്തത്. എന്നാല്‍ , കക്ഷിരാഷ്ട്രീയ ഭേദമെന്യേ അക്കാദമിക സമൂഹത്തിന്റെ ഇടപെടല്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് നയം തിരുത്തേണ്ടിവന്നു. അധികാരത്തിലേറിയ ഉടന്‍ പിന്‍വലിച്ച പാഠ്യപദ്ധതി 2002ല്‍ പുനഃസ്ഥാപിക്കേണ്ടിവന്നു.

1997 മുതല്‍ രൂപംകൊണ്ട് മുന്നോട്ടുപോകുകയായിരുന്ന പാഠ്യപദ്ധതിയുടെ ശാസ്ത്രീയ ചൈതന്യത്തിനു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് വീണ്ടും പുനഃസ്ഥാപിച്ചത്. പാഠ്യപദ്ധതി മാറ്റത്തിനനുസരിച്ച് മൂല്യനിര്‍ണയത്തിലും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും മാര്‍ക്ക് റേഞ്ച് കം ഗ്രേഡിങ് രീതിയും 2005 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2002 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയായി വിശദമായ മൂല്യനിര്‍ണയ സമീപനരേഖയുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ കാര്യത്തില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2004 ഫെബ്രുവരി 4ന് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലുണ്ടായ പ്രസ്തുത ഉത്തരവിലെ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. മൂല്യനിര്‍ണയത്തില്‍ വരുത്തുന്ന മാറ്റം വഴി മാര്‍ക്ക് എന്ന ഒറ്റ അളവുകോലിന് പകരം കുട്ടിയുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷാന്ത്യപരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്ന പഴയരീതിക്ക് പകരം അധ്യയനവര്‍ഷത്തില്‍ ഉടനീളം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. കുട്ടിയുടെ ഓര്‍മശക്തിമാത്രം വിലയിരുത്തുന്ന പഴയ സമ്പ്രദായത്തിനുപകരം സമഗ്രമായി നാനാതരം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പരീക്ഷയോടുള്ള കുട്ടിയുടെ ഭയവും ആശങ്കയും ഒഴിവാക്കാന്‍ സാധിക്കുന്നു. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ വ്യക്തമായ ഉത്തരവ് 2004 ആഗസ്ത് 6ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

പരിവര്‍ത്തനത്തിനെതിരായ ശക്തികള്‍ അവരുടേതായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ വച്ച് ഗ്രേഡിങ് സമ്പ്രദായം 200405 അക്കാദമികവര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് 2004 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഭ്രാന്തമായ നടപടിക്കെതിരെ അക്കാദമിക സമൂഹവും പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും, രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ഒന്നിച്ചണിനിരന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വീണ്ടും മാറ്റി. ഗ്രേഡിങ് പുനഃസ്ഥാപിച്ചുകൊണ്ട് 2004 സെപ്തംബറില്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി ഇറക്കിയ നിരന്തര മൂല്യനിര്‍ണയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പാദവാര്‍ഷിക പരീക്ഷകള്‍ എന്ന സങ്കല്‍പ്പം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ജൂലൈയിലും നവംബറിലും ക്ലാസ് പരീക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പുരോഗമനപരമായ നടപടികളെ യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. (അവസാനിക്കുന്നില്ല)

2

വിദ്യാഭ്യാസത്തില്‍ പരീക്ഷയുടെ പ്രസക്തി

എം എ ബേബി

(ദേശാഭിമാനി ദിനപ്പത്രം)

ആഗസ്റ്റ്‌ 26, 2011

പരീക്ഷകളെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ 2005 ലെ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തിയിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: 'ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍ണയം എന്ന് പറഞ്ഞാല്‍ പരീക്ഷ, മാനസികസംഘര്‍ഷം, ഉല്‍ക്കണ്ഠ എന്നിവയാണ്. പാഠ്യപദ്ധതി നിര്‍വചിക്കാനും പരിഷ്കരിക്കാനും വേണ്ടി നടത്തുന്ന എല്ലാ പ്രയത്നവും വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ നിലനില്‍ക്കുന്ന പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും പാറയില്‍ ചെന്നിടിച്ച് നിഷ്ഫലമാകും. പഠനവും അധ്യാപനവും അര്‍ഥപൂര്‍ണവും കുട്ടികള്‍ക്ക് ആനന്ദപ്രദവുമാക്കുന്നതിനുള്ള യത്നത്തില്‍ പരീക്ഷകള്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ച് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. ഇപ്പോള്‍ പ്രീപ്രൈമറി സ്കൂള്‍ മുതല്‍ തന്നെ അധ്യയനവര്‍ഷത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളും വിലയിരുത്തലുകളും ഒക്കെ ബോര്‍ഡ് പരീക്ഷയുടെ ദുഃസ്വാധീനഫലമാണ്. ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും' (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005, ഖണ്ഡിക 3.11).

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുഗുണമായി കേരളീയാനുഭവങ്ങളുംകൂടി ഉള്‍ച്ചേര്‍ത്ത് ജനകീയമായ ചര്‍ച്ചകളിലൂടെ വികസിപ്പിച്ചതാണ് കേരളപാഠ്യപദ്ധതി ചട്ടക്കൂട്2007. ഇതില്‍ മൂല്യനിര്‍ണയത്തെ സമീപിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 'വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്.' ഇത്തരം നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്. 1) നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. 2) യുപി തലത്തില്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് പുറമെ ഒരു ചെറിയ എഴുത്തുപരീക്ഷ അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ നടത്താവുന്നതാണ്. 3) കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം. 4) ഹൈസ്കൂളില്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന വിലയിരുത്തലും ഒരു അര്‍ധവാര്‍ഷിക പരീക്ഷയും വര്‍ഷാന്ത പരീക്ഷയ്ക്ക് പുറമെ നടത്താം. ഇതേ രീതി ഹയര്‍സെക്കന്‍ഡറിയിലും തുടരാം. 5) മറ്റ് നാടുകളിലെ വിദ്യാഭ്യാസപ്രവണതകളെക്കുറിച്ചും മൂല്യനിര്‍ണയ രീതികളെക്കുറിച്ചും രക്ഷിതാക്കള്‍ , അധ്യാപകര്‍ , മാധ്യമങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കണം. 6) 200 സാധ്യായ ദിവസം ഉറപ്പാക്കത്തക്ക വിധത്തില്‍ പൊതുപരീക്ഷാസമയം ക്രമീകരിക്കേണ്ടതാണ്.

അക്കാദമിക സമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും കരിക്കുലം കമ്മിറ്റി പലതവണ ആഴത്തിലുള്ള ചര്‍ച്ച നടത്തി അംഗീകരിക്കുകയുംചെയ്ത കേരള പാഠ്യപദ്ധതി ചട്ടക്കൂട്2007 ന് അനുസൃതമായാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയരീതിയില്‍ പരിവര്‍ത്തനം വരുത്തിയത്. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണയ രീതികളിലുള്ള അശാസ്ത്രീയ അംശങ്ങളെ ഒഴിവാക്കി മൂല്യനിര്‍ണയത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുകയും കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. വിലയിരുത്തല്‍ പ്രക്രിയയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ വന്ന മാറ്റങ്ങളെ ദേശീയതലത്തില്‍ സമീപിക്കുന്നത് ഇപ്രകാരമാണ്: 'മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന് താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തിലായിരിക്കണം പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായും കുട്ടികളെ ഭയപ്പെടുത്താതെയും ചര്‍ച്ച, പാട്ട്, കളി തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് (2.8 സെക്ഷനില്‍). കേരളത്തില്‍ പിന്തുടരുന്ന മാതൃക ഇതാണ്' (എന്‍സിഇആര്‍ടിസോഴ്സ് ബുക്ക് ഓഫ് അസസ്മെന്റ് ഫോര്‍ ക്ലാസസ് ഒന്ന്പത്ത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്പേജ് 99; ഒക്ടോബര്‍ 2008ഒന്നാം എഡിഷന്‍). 1997ല്‍ കേരളത്തില്‍ ആരംഭിക്കുകയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തുടരുകയും അക്കാദമിക വിദഗ്ധരും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളും അംഗീകരിക്കുകയുംചെയ്ത മൂല്യനിര്‍ണയരീതിയില്‍നിന്ന് പിന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളീയാനുഭങ്ങള്‍ എങ്ങനെ മാതൃകയാക്കി എന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി അറിയേണ്ടതുണ്ട്. പുസ്തകഭാരത്തെക്കുറിച്ച് സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ രാജ്യസഭാപ്രസംഗം പ്രശസ്തമാണ്. തുടര്‍ന്ന് നിയോഗിക്കപ്പെട്ട യശ്പാല്‍ കമ്മിറ്റിയും ഇത് സംബന്ധിച്ച മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കമീഷനെ ഏത് സര്‍ക്കാരാണോ നിയോഗിച്ചത് എന്നുനോക്കിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമീപിച്ചത്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 100 പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങളെ രണ്ടാക്കി മാറ്റി. 1986 ലെ നാഷണല്‍ പോളിസി ഓണ്‍ എഡ്യൂക്കേഷനും മറ്റ് കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സെമസ്റ്റര്‍ രീതി മറ്റൊരു തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി. ഒന്നാമത്തെ പാഠപുസ്തകം പഠിപ്പിച്ചുതീരുന്ന ഘട്ടത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ ഏര്‍പ്പെടുത്തി. 200809 അക്കാദമിക വര്‍ഷം ഇത് നടപ്പാക്കി. കേരളപാഠ്യപദ്ധതി ചട്ടക്കൂട്2007ലെ കാഴ്ചപ്പാടിന് അനുഗുണമായാണ് ഈ രീതി അവലംബിച്ചത്. അക്കാദമിക പിന്തുണയോടുകൂടിയുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു ഇത്. സംസ്ഥാനത്ത് അനുവര്‍ത്തിച്ച പുതിയ മൂല്യനിര്‍ണയരീതി ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കി. എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലടക്കം പരീക്ഷ നടത്തുന്ന സിബിഎസ്ഇ 200910 അക്കാദമിക വര്‍ഷം മുതല്‍ നിരന്തരമൂല്യനിര്‍ണയം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അക്കാദമികവര്‍ഷത്തെ രണ്ട് ടേമുകളാക്കി മാറ്റി. ഏപ്രില്‍ സെപ്തംബര്‍ ഒന്നാം ടേമും, ഒക്ടോബര്‍ മാര്‍ച്ച് രണ്ടാം ടേമും. ടേമുകളുടെ അവസാനം ടേം പരീക്ഷകള്‍ നടക്കും. ടേം പരീക്ഷകള്‍ക്കിടയില്‍ അധ്യാപകര്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയംമാത്രമേ ഉണ്ടാകൂ. 60 ശതമാനം വെയിറ്റേജ് ടേം മൂല്യനിര്‍ണയത്തിനും 40 ശതമാനം വെയിറ്റേജ് അധ്യാപകര്‍ ക്ലാസ്മുറിയില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 10ാം ക്ലാസില്‍ സിബിഎസ്ഇ തയ്യാറാക്കുന്ന ബാഹ്യ ചോദ്യപേപ്പര്‍ ഉപയോഗിച്ചുള്ള പരീക്ഷപോലും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. സ്കൂളുകള്‍ തയ്യാറാക്കുന്ന മൂല്യനിര്‍ണയ ഉപാധിപ്രകാരം പരീക്ഷകള്‍ അഭിമുഖീകരിക്കുകയാണ് സിബിഎസ്ഇ സ്കീമിലുള്ള വിദ്യാര്‍ഥികള്‍ . ഇങ്ങനെ മൂല്യനിര്‍ണയ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഒരു അക്കാദമിക പിന്തുണയുമില്ലാതെ, ലാഘവത്തോടെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയും യുഡിഎഫ് പിന്നോട്ടുപോയത്. 2001 ല്‍ നടപ്പാക്കിക്കൊണ്ടിരുന്ന പാഠ്യപദ്ധതി പിന്‍വലിച്ചതിന് സമാനമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനങ്ങള്‍ തങ്ങള്‍ തിരുത്തിയിരിക്കുന്നു എന്നുമുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കണം എന്ന് പഠിച്ച് പറയാന്‍ ബാധ്യതപ്പെട്ട അധ്യാപക സംഘടനകളില്‍ ചിലത് രാഷ്ട്രീയ അന്ധതമൂലമോ അജ്ഞതമൂലമോ വിദ്യാഭ്യാസരംഗത്ത് പൊതുവെയും മൂല്യനിര്‍ണയരംഗത്ത് പ്രത്യേകിച്ചും ലോകമെമ്പാടും അംഗീകരിക്കുകയും ദേശീയ സര്‍ക്കാര്‍ ഉള്‍പ്പെടെ നടപ്പാക്കിത്തുടങ്ങിയതുമായ മാറ്റങ്ങള്‍പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി എന്ന ഒറ്റക്കാരണത്താല്‍ എതിര്‍ക്കുകയാണ്. 1957ല്‍ ഇ എം എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അധ്യാപകരായിരുന്നു. ഇതിന്റെ ഭാഗമായാണ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേതനം നല്‍കുന്ന അവസ്ഥ മാറി നേരിട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമായിത്തുടങ്ങിയതും സ്കെയില്‍ അനുവദിച്ചതും. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ വിമോചനസമര&ൃെൂൗീ; ശക്തിയുമായി ചേര്‍ന്ന് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടുനിന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ശാസ്ത്രീയ വിദ്യാഭ്യാസ രീതികളെ തകിടം മറിക്കുന്നതിന് വക്കാലത്ത് പിടിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ കാശില്ല എന്ന് പറഞ്ഞ് കോര്‍പറേറ്റുകളെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്ക് ക്ഷണിക്കുക, സിബിഎസ്ഇക്ക് ഇഷ്ടംപോലെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുക, ഇതൊന്നും ഉദ്ദേശിച്ചപോലെ നടക്കാതെ വരുമ്പോള്‍ കേരളീയ സമൂഹത്തിലെ മധ്യവര്‍ഗ താല്‍പ്പര്യവും തെറ്റായ വിശ്വാസവും മുതലെടുത്ത് വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പുരോഗമന നടപടികളെ ഇല്ലാതാക്കുക, പൊതു വിദ്യാലയങ്ങളുടെ ഉന്മേഷവും സര്‍ഗാത്മകതയും ഇല്ലാതാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ വേണ്ടെന്നുവച്ച കുട്ടികളെ പരീക്ഷയെന്ന മുള്‍മുനയില്‍ നിരന്തരമായി നിര്‍ത്തുക, പരീക്ഷയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കാന്‍മാത്രം പ്രേരിപ്പിക്കുന്ന പഴയ രീതിയിലേക്ക് അധ്യാപകരെ തിരിച്ചെത്തിക്കുക തുടങ്ങിയ നടപടികളാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ . ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ നടപടിയല്ലാതെ മറ്റെന്താണ്? അക്കാദമികമായി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കെല്ലാം മനസിലാവുന്നതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന ഉണര്‍വും കൂട്ടായ്മയുടെ വിജയഗാഥയുംഭഹരിതവിദ്യാലയം&ൃെൂൗീ;എന്ന ദൃശ്യ മാധ്യമ പരിപാടിയിലൂടെ വലിയ വിഭാഗം ജനങ്ങള്‍ നേരിട്ടു മനസിലാക്കിയതും അകമഴിഞ്ഞു പ്രശംസിച്ചതുമാണ്. വിദ്യാഭ്യാസരംഗത്ത് പോരായ്മകള്‍ ഇല്ലെന്നല്ല. എന്നാല്‍ , അവ ശ്രദ്ധാപൂര്‍വം ഇടപെട്ടാല്‍ തിരുത്താം എന്ന ആത്മവിശ്വാസം വളര്‍ന്നു വരികയായിരുന്നു. അതിനെ തളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട അക്കാദമികവും സാമൂഹികവുമായ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ജനമധ്യത്തിലേക്ക് ഇത്തരം സംവാദങ്ങള്‍ വിദ്യാഭ്യാസ തത്വങ്ങളെ മുന്‍്നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.

Tuesday, August 23, 2011

ആര്‍.എസ്.ശര്‍മ്മ അന്തരിച്ചു


ആര്‍.എസ്.ശര്‍മ്മ അന്തരിച്ചു


ഈ വാത്തയുടെ മുകളിൽ വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം


(ദേശാഭിമാനി വാർത്ത)

ഈ വാത്തയുടെ മുകളിൽ വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം