ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Thursday, December 23, 2010

കെ. കരുണാകരന് ആദരാഞ്ജലികൾ!

ഇന്ന് (2010 ഡിസംബർ 23) വൈകുന്നേരം അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെ. കരുണാകരന് ആദരാഞ്ജലികൾ!

Thursday, December 9, 2010

സ്ത്രീശാക്തീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

(ഇത്തവണത്തെ പ്ലസ് വൺ ഓപ്പൺ സ്കൂൾ പ്രൈവറ്റ് രജിസ്ട്രേഷൻ കുട്ടികൾക്ക് ഒരു സ്കൂൾ സെന്ററിൽ നിന്നും അസൈൻമെന്റിനു നൽകിയ വിഷയം സ്ത്രീ ശാക്തീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്നതായിരുന്നു. ഈ അസെയിൻമെന്റ് കുട്ടികൾക്ക് സ്വയം എഴുതാൻ സഹായത്തിന് പറഞ്ഞു പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് ഇവിടെ ലേഖന രൂപത്തിൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി എഴുതിയിരിക്കുന്നത്)

സ്ത്രീശാക്തീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ


നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാ‍പനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം സാമ്പതികഘടകം തന്നെ.

സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?

മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.

മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.

ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂ‍ർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.

വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.

തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ഒരു ജീവിതരീതിയാണ്.Justify Full

Sunday, November 21, 2010

സ്ത്രീസ്വാതന്ത്ര്യം

നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യവാദിയാണോ? ആണെങ്കിലും അല്ലെങ്കിലും ദാ ഈ കവിത ഒന്നു പോയി വായിച്ചു നോക്കൂ സ്ത്രീസ്വാതന്ത്ര്യം

http://easajim.blogspot.com

വിശ്വമാനവികം 1

Thursday, November 11, 2010

QUESTION PAPER PLUS- ONE (HSE 1)


ചോദ്യകടലാസ്സ് പതിനൊന്നാം തരം

2010 നവംബർ മാസത്തിൽ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് വന്ന പ്ലസ്-വൺ ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപേപ്പർ. ഇത് തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെയുള്ള ഏതാനും സ്കൂളുകളിൽ ചോദിച്ചതാണ്. ഇപ്പോഴത്തെ ചോദ്യമാതൃകകളും മറ്റും താല്പര്യമുള്ള എല്ലാവർക്കും കാണാനും വിലയിരുത്തനുമാണ് ഇത് സ്കാൻ ചെയ്ത് ഇവിടെ ഇടുന്നത്. ഓരോ ഭാഗത്തു വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം!QUESTION PAPER CLAASS 10


ചോദ്യപേപ്പർ പത്താംതരം


2010 നവംബർ മാസത്തിൽ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയുടെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപേപ്പർ. ഇത് തട്ടത്തുമല ഗവർണ്മെന്റ് സ്കൂളിൽ ഉൾപ്പെടെയുള്ള ഏതാനും സ്കൂളുകളിൽ ചോദിച്ചതാണ്. ഇപ്പോഴത്തെ ചോദ്യമാതൃകകളും മറ്റും താല്പര്യമുള്ള എല്ലാവർക്കും കാണാനും വിലയിരുത്തനുമാണ് ഇത് സ്കാൻ ചെയ്ത് ഇവിടെ ഇടുന്നത്. ഓരോ ഭാഗത്തു വച്ച് ക്ലിക്ക് ചെയ്ത് വലുതാക്കി കാണാം!


Friday, October 29, 2010

അയ്യപ്പന്‍ എ (കവി)


മലയാള കവി . അയ്യപ്പൻ മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന വാർത്തയും ചില ലേഖനങ്ങളും സ്കാൻ ചെയ്തിടുന്നു. ശരിക്ക് കണ്ട് വായിക്കുവാൻ ചിത്രങ്ങളിൽ ക്ലിക്കുചെയ്ത് വലുതാക്കാവുന്നതാണ് !Friday, October 15, 2010

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

ദേശാഭിമാനി വാര്‍ത്ത‍

സാന്‍ജോസ് ഖനി (ചിലി): പ്രതീക്ഷകളെ മറികടന്ന രക്ഷാപ്രവര്‍ത്തനം. ഉത്തരചിലിയില്‍ രണ്ടായിരത്തില്‍പ്പരം അടി താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളെയും പുറത്ത് എത്തിച്ചപ്പോള്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കും ശാസ്ത്രനേട്ടത്തിനും മുന്നില്‍ സമയംപോലും തല കുനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാലുമാസം വേണ്ടിവരുമെന്നാണ് അധികൃതര്‍ നേരത്തെ കണക്കാക്കിയത്. എന്നാല്‍, 69 ദിവസവും എട്ട് മണിക്കൂറും കൊണ്ട് രക്ഷാപ്രവര്‍ത്തനം വിജയകരമാക്കി. തുരങ്കം നിര്‍മിച്ചശേഷം 'ഫീനിക്സ്' പേടകം ഉപയോഗിച്ച് 33 പേരെ പുറത്തെത്തിക്കാന്‍ 36 മുതല്‍ 48 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് കരുതിയത്. എന്നാല്‍, കാര്യങ്ങള്‍ സുഗമമായി നീങ്ങുകയും 22 മണിക്കൂര്‍ 37 മിനിറ്റുകൊണ്ട് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കാനായി. മുപ്പത്തിമൂന്നാമന്‍ ലൂയിസ് ഉര്‍സുവയെയും വഹിച്ച് പേടകം മുകളില്‍വന്നപ്പോള്‍ 'ക്യാമ്പ് ഹോപ്പില്‍'നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു. ബലൂണുകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഖനിക്ക് സമീപത്തെ കുന്നിന്‍ചരുവിലാണ് തൊഴിലാളികളുടെ ബന്ധുക്കള്‍ക്കായി 'ക്യാമ്പ് ഹോപ്പ്' തയ്യാറാക്കിയിരുന്നത്. തലസ്ഥാനമായ സാന്തിയാഗോയില്‍ ആയിരങ്ങള്‍ ആഹ്ളാദപ്രകടനം നടത്തി. കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ രക്ഷാപ്രവര്‍ത്തനം നേരിട്ട് കാണുകയായിരുന്ന ജനങ്ങള്‍ 'ചിലി നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി. രാജ്യമാകെ ആഘോഷങ്ങളില്‍ മുഴുകി. ബുധനാഴ്ച പുലര്‍ച്ചെയാണ് രക്ഷാപേടകം ഖനിയില്‍നിന്ന് ആദ്യതൊഴിലാളിയെ പുറത്തെത്തിച്ചത്. തുടക്കത്തില്‍ ഒരു മണിക്കൂര്‍ വീതം വ്യത്യാസത്തിലാണ് ഓരോരുത്തരെ ഭൂനിരപ്പില്‍ എത്തിച്ചത്. എന്നാല്‍, പടിപടിയായി വേഗത കൈവരികയും ഈ ഇടവേള അരമണിക്കൂര്‍വരെയായി കുറയുകയുംചെയ്തു. ഒരു നിമിഷംപോലും വിശ്രമിക്കാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ 33 പേരെയും പുറത്തെത്തിച്ചത്. 100 കോടിയോളം രൂപ രക്ഷാപ്രവര്‍ത്തനത്തിനായി ചെലവഴിച്ചു. ചിലിയുടെ ദേശീയവരുമാനത്തിന്റെ 40 ശതമാനവും ഖനനത്തില്‍നിന്നാണ്. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രസിഡന്റ് സെബാസ്റ്യന്‍ പിനേര ഖനിമന്ത്രി കൊദല്‍ക്കോയെതന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരുന്നു.

പാഠമാകട്ടെ ചിലിയുടെ വിപദി ധൈര്യം

പാഠമാകട്ടെ ചിലിയുടെ വിപദി ധൈര്യം

ദേശാഭിമാനി മുഖപ്രസംഗം

അസാധ്യമായി തോന്നുന്നതിനെ സാധ്യമാക്കുന്ന അത്യുജ്വലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതാപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും ഒടുങ്ങാത്ത ശുഭവിശ്വാസത്തിന്റെയും വിജയമാണ് ചിലിയില്‍ നമ്മള്‍ കണ്ടത്. സഹജാതരോടുള്ള സ്നേഹവും കരുതലും മുന്‍നിര്‍ത്തി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന സന്ദേശമാണ് ചിലിയിലെ ഖനിയില്‍നിന്ന് മനുഷ്യരാശി കണ്ടെടുത്തത്. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്, ക്ഷമയോടെ, എന്നാല്‍ സൂക്ഷ്മബുദ്ധിയോടെ പ്രത്യാശ കൈവിടാതെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു. ശാസ്ത്ര സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി വരുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിക്കായി ഉപയോഗിച്ചു. ലോകജനതയാകെ, ശ്വാസമടക്കിപ്പിടിച്ച്, ഈ രക്ഷാസംരംഭം വിജയിക്കണേ എന്ന ആഗ്രഹവുമായി നിലകൊണ്ടു. അങ്ങനെ, മരണത്തെ മുഖാമുഖംകണ്ട് ഖനിക്കുള്ളില്‍ 700 മീറ്റര്‍ അഗാധതയില്‍ കഴിഞ്ഞിരുന്ന 33 പേര്‍ 69 ദിവസത്തിനുശേഷം പുറത്തുവന്നു. അങ്ങനെ, ലോകത്തിലെ ഏറ്റവും വലിയ ഖനിദുരന്തങ്ങളിലൊന്നാകാമായിരുന്നത്, ലോകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായി മാറി. ശാസ്ത്രസാങ്കേതികവിദ്യയുടെ രംഗത്ത് നാം ഉണ്ടാക്കിയിട്ടുള്ള വിസ്മയാവഹമായ നേട്ടങ്ങള്‍, മനുഷ്യത്വപരമായ സല്‍സംരംഭങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തംകൂടിയായി ചിലിയിലെ കോപ്പിയാപ്പോ എന്ന സ്ഥലത്തുള്ള സാന്‍ജോസ് ഖനിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം. ചരിത്രത്തില്‍ അധികം സമാനതകളില്ലാത്ത സംഭവമാണ് ഇത്. അഗാധതയില്‍ കുടുങ്ങിപ്പോയവര്‍, അവിടത്തെ അന്ധകാരത്തില്‍ രണ്ടുമാസത്തിലേറെയാണ് കഴിഞ്ഞത്. അവര്‍ക്ക് പ്രാണവായുമുതല്‍ ആഹാരത്തിന് പകരമായുള്ള പോഷക കാപ്സ്യൂളുകള്‍വരെ കൃത്യമായി എത്തിച്ചുകൊടുത്തു. അവരുടെ ആത്മവീര്യം കെടാതെ നോക്കി. വിദേശസാങ്കേതികവിദ്യയും നാസാ വിദഗ്ദ്ധരേയും എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രത്യാശ കൈവിടാതെ നടത്തിയ ആ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ വിജയപ്രാപ്തിയിലെത്തി. ആത്മവീര്യം കെടാതെ കഠിനപ്രയത്നം നടത്തിയാല്‍ മനുഷ്യരാശിക്ക് പല ദുരന്തങ്ങളെയും മറികടക്കാനാകുമെന്ന ദൃഢമായ വിശ്വാസം ലോകജനതയുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നവിധത്തിലുള്ളതായി ചിലിയിലെ വിജയം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നും, രക്ഷാസംവിധാനങ്ങള്‍ ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നായി എത്തിച്ച് എങ്ങനെ ഏകോപിപ്പിക്കണമെന്നുമുള്ളതിന്റെ വിലപ്പെട്ട പാഠപുസ്തകംകൂടിയാകുന്നു ചിലിയിലെ അനുഭവം. തങ്ങളുടെ പക്കലുള്ള രക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിശദീകരണവുമായി അധികാരികള്‍ക്ക് വേണമെങ്കില്‍ നിസ്സഹായത പ്രകടിപ്പിക്കാമായിരുന്നു. എന്നാല്‍, ഉയര്‍ന്നതോതിലുള്ള വിപദി ധൈര്യത്തിന്റെ പിന്‍ബലത്തോടെ നാസാസംഘത്തെവരെ എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. നാലുമാസംവരെ വേണ്ടിവന്നേക്കുമെന്ന പ്രാഥമിക റിപ്പോര്‍ട്ടുകളില്‍പ്പോലും ആരും പ്രതീക്ഷ കൈവിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും രക്ഷാസാങ്കേതികവിദ്യയുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് എത്തിച്ചുതരൂ എന്നാണ് ചിലിയുടെ പ്രസിഡന്റ് അഭ്യര്‍ഥിച്ചത്. മനുഷ്യത്വത്തിന്റേതായ ഉയര്‍ന്ന ബോധത്തോടെ ലോകം അതിനോട് പ്രതികരിച്ചു. 2000 അടി താഴ്ചയിലേക്ക് മനുഷ്യത്വത്തിന്റെ കരങ്ങള്‍ നീണ്ടുചെന്നു. അതിരുകളെ കടന്നുനില്‍ക്കുന്നതരത്തിലുള്ള മാനവികതയുടെ ഐക്യദാര്‍ഢ്യത്തിന്റെ പാഠങ്ങള്‍കൂടി ലോകത്തിന് പകര്‍ന്നുനല്‍കുന്നുണ്ട് ചിലിസംഭവം. വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഈ മൂന്നാംസഹസ്രാബ്ദഘട്ടത്തില്‍പ്പോലും മനുഷ്യത്വത്തിന് നിരക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍, ജീവന്‍ പണയംവച്ച് അന്നന്നത്തെ ആഹാരത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നുണ്ട് പ്രത്യേകവിഭാഗം തൊഴിലാളികള്‍ക്കെന്നത്, ശാസ്ത്ര-സാങ്കേതികരംഗങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമൂഹം ഓര്‍മിക്കാറില്ല. അത്തരം ചില ദുരന്തസത്യങ്ങളുടെ നേര്‍ക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നുമുണ്ട് ചിലി. ഒന്നും പ്രതീക്ഷിക്കാനില്ലെന്ന അവസ്ഥയില്‍പ്പോലും പ്രതീക്ഷ കൈവിടാതെ ഭൂഗര്‍ഭജീവിതത്തെ അതിജീവിച്ച ഖനിത്തൊഴിലാളികളുടെ അജയ്യമായ ഇച്ഛാശക്തി ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. സമൂഹം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കേണ്ട മറ്റൊരു പാഠം. ഖനിഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് 17 ദിവസത്തോളം ലോകം കരുതിയത് 33 ജീവനും പൊലിഞ്ഞിട്ടുണ്ടാകുമെന്നാണ്. 17-ാം നാള്‍ ഖനിയുടെ അഗാധതകളില്‍നിന്നു ലഭിച്ച സന്ദേശത്തോട് ചിലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചത് കര്‍മധീരതയുടെ ഭാഷകൊണ്ടാണ്. നാല്‍പ്പത്തഞ്ചുദിവസംകൊണ്ട് തീര്‍ത്ത പുതുഗുഹയിലൂടെയാണ് 54 സെന്റീമീറ്റര്‍മാത്രം വ്യാസമുള്ള ഫീനിക്സ് എന്ന രക്ഷാപേടകം ഇരുളിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് 33 പേരെ വെളിച്ചത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചിതയില്‍നിന്ന് ഉയിര്‍ത്തെണീറ്റ് പറക്കുന്ന പക്ഷിയാണ് ഫീനിക്സ് എന്നതാണ് സങ്കല്‍പ്പം. ഖനിയുടെ പാതാളങ്ങളില്‍നിന്ന് ഭൂമുഖത്തേക്ക് തിരിച്ചുകയറിവന്നവര്‍ ഓരോരുത്തരും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനവാഞ്ഛയുടെയും പ്രത്യാശയുടെയും തിളങ്ങുന്ന ഫീനിക്സുകള്‍തന്നെ! ചിലിയില്‍ കണ്ട ആത്മവിശ്വാസവും വിപദിധൈര്യവും അര്‍പ്പണബോധവും കര്‍മധീരതയും മനുഷ്യത്വവും ലോകത്തിന് പാഠമാകട്ടെ! മാനവികതയുടേതായ ഈ സാര്‍വദേശീയ ഐക്യദാര്‍ഢ്യം എന്നും നിലനില്‍ക്കട്ടെ.

Friday, September 17, 2010

ധാടി (THE BEARD)

ധാടി (THE BEARD)

വിശാഖ് ലീലാ ഗോപിനാഥിന്റെ ഷോർട്ട് ഫിലിം "THE BEARD " (ധാടി) കാണുവാൻ ഇവിടെ ക്ലിക്കു ചെയ്ത് വിശ്വമാനവികം 1-ൽ എത്തുക

Monday, August 23, 2010

ന്യൂസ്റ്റാർ ഓണാഘോഷം 2010

ന്യൂസ്റ്റാർ ഓണാഘോഷം 2010 ആഗസ്റ്റ് 21

ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 21നു വിവിധ പരിപാടികളോടെ ന്യൂസ്റ്റാർ കോളേജിൽ നടന്നു. പ്രിൻസിപ്പൾ ഇ. എ.സജിം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മൊബൈലില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.


Saturday, August 14, 2010

ബ്ലോഗ് മീറ്റ് 2010-റിവ്യു

എറണാകുളം ബ്ലോഗ് മീറ്റ് 2010-റിവ്യു വായിക്കാൻ തഴെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്ത് വിശ്വമാനവികം ബ്ലോഗിൽ എത്തുക

വിശ്വമാനവികം 1
ദൂരെയിരുന്നവർ കൂട്ടുകൂടി കൂടിയിരുന്നവർ പാട്ടുപടി

http://easajim.blogspot.com/2010/08/blog-post_12.html

Thursday, July 1, 2010

പ്ലസ് വൺ, പ്ലസ് ടു: ഇനിയും പരിഷ്കരണങ്ങൾ ആവശ്യം

പ്ലസ് വൺ, പ്ലസ് ടു: ഇനിയും പരിഷ്കരണങ്ങൾ ആവശ്യം

പ്ലസ്-വൺ ആദ്യ ഘട്ട പ്രവേശനനടപടികൾ നാലാം അലോട്ട്മെന്റോടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനിയും സ്കൂൾ പ്രവേശനം കിട്ടാ‍ത്ത ധാരാളം കുട്ടികൾ അവശേഷിക്കുന്നുണ്ട്. അപേക്ഷാ ഫോമിൽ ഓപ്ഷൻ വച്ചിട്ടാണെങ്കിലും പോകാൻ അസൌകര്യമുള്ള സ്കൂളുകളിൽ അലോട്ട് അലോട്ട് മെന്റ് കിട്ടിയ ധരാളം കുട്ടികൾ സ്കൂളിൽ അഡ്മിഷൻ എടുക്കാതെയുമുണ്ട്. ഇനി പരീക്ഷ എഴുതി ജയിച്ചിട്ടുള്ള കുട്ടികളും ഉണ്ട്.

അതുപോലെ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് ജയിച്ച കുട്ടികൾക്ക് ആദ്യഘട്ടം അപേക്ഷ നൽകാൻ അവസരം ലഭിച്ചിരുന്നില്ല. അവർക്ക് ആദ്യഘട്ടത്തിൽ പ്രവേശനത്തിൻ അവസരം നൽകാതിരുന്നത് സാധാരണ സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് അനുഗ്രഹമായി. അല്ലെങ്കിൽ സാധാരണ സ്കൂളിലെ കുട്ടികളുടെ അവസരം കുറച്ചൊക്കെ സി.ബി.എസ്.ഇ ക്കാർ തട്ടിയെടുത്തേനെ! അതിന് അവസരം നൽകാതിരുന്ന സർക്കാർ നയം നന്നായി.

ഇനിയിപ്പോൾ സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സേ പരീക്ഷ ജയിച്ചവർക്കു പുറമെ സി.ബി.എസ്.ഇക്കാ‍ർക്കും ഇനി അടുത്തഘട്ടമായി അപേക്ഷിക്കാനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ ആദ്യം അപേക്ഷിച്ച് കിട്ടാതെ പോയവർക്ക് വീണ്ടും അപേക്ഷിക്കുവാൻ കഴിയുമോ എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. പല കാരണങ്ങളാൽ ഇതു വരെ സ്കൂളിൽ അഡ്മിഷൻ ലഭിക്കാത്ത എല്ലാ കുട്ടികൾക്കും വീണ്ടും അവസരം നൽകുകയാണ് വേണ്ടത്. കാരണം ഇപ്പോൾ സേ പരീക്ഷ എഴുതി ജയിച്ച പലരെക്കാളും മാർക്ക് നേരത്തെ വിജയിച്ച ആദ്യ ഘട്ടം അപേക്ഷകർക്ക് ഉണ്ടാകും.

അല്ല, എന്തിനാണ് അനാവശ്യമായ ഈ ദൌർലഭ്യം സൃഷ്ടിക്കുന്നത്? പത്താം തരം വിജയിക്കുന്ന എല്ലാവർക്കും അതത് സ്കൂളുകളിലോ അടത്തുള്ള സ്കൂളുകളിലോ അഡ്മിഷൻ നൽകുകയല്ലേ വേണ്ടത്?

അതുപോലെ കഴിഞ്ഞ പ്രാവശ്യം മുതൽ തുടങ്ങിവച്ച , പ്ലസ് വണ്ണിന്റെ മാർക്ക് കൂടി കൂട്ടി പ്ലസ് ടുവുന്റെ റിസൾട്ട് പ്രഖ്യാപിക്കുന്ന രീതിയും പുന:പരിശോധിക്കേണ്ടതാണ്. പകരം പ്ലസ് ടൂ പരീക്ഷയിൽതന്നെ ഒരു നിശ്ചിത ശതമാനം ചോദ്യങ്ങൾ പ്ലസ് -വണ്ണിൽ നിന്നു കൂടി ചോദിക്കുന്ന നിലയിൽ പ്ലസ് ടൂ ഫൈനൽ പരീക്ഷയെ പരിഷ്കരിക്കുകന്നതായിരുന്നു നല്ലത്.

മറ്റൊന്ന് , ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെയുള്ള തരം തിരിക്കൽ തന്നെ ഇല്ലാതാക്കേണ്ടതാണ്. ആവശ്യത്തിന് എല്ലാ വിഷയങ്ങളും എല്ലാവർക്കും പഠിക്കത്തക്ക നിലയിലും, എന്നാൽ പഠനഭാരം പരമാവധി ലഘൂകരിച്ചും നിലവിലൂള്ള കോംബിനേഷനുകൾ ഏകീകരിക്കുന്നതാണ് നല്ലത്.

Wednesday, June 23, 2010

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

സ്റ്റേറ്റ് സിലബസിൽ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.

ഒൻപതാം തരത്തിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെപറ്റി പറയുന്ന പാഠ ഭാഗം അതു പോലെ താഴെ കൊടുത്തിരിക്കുന്നു:

അവനവൻ പ്രസാധകനാവുമ്പോൾ.......

വിവര സാങ്കേതിക വിദ്യ സാർവത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയ ഉപാധികളും വികസിച്ചു വരുന്നു. വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ അവയിൽ ചിലതാണ്. വെബ് ലോക് (Weblog) എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (blog). പത്രമാസികകളിൽ എഴുത്തുകാരനും വായനക്കാരനുമിടയിൽ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകുമല്ലോ. എന്നാൽ ബ്ലോഗുകളിലാവട്ടെ, നമ്മുടെ രചനകൾ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ട് വായനക്കാരനു മുന്നിലെത്തുകയാണ്. കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല, അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, ഓർമകൾ, വാർത്തകൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം നമുക്കു നമ്മുടെ ബ്ലോഗിലൂടെ വായനക്കാർക്കുമുമ്പിലെത്തിക്കാനാവും. സാഹിത്യരചനകൾ കൂടാതെ ചിത്രങ്ങൾ, കാർട്ടൂണുകൾ, ഫോട്ടോകൾ, വീഡിയോകൾ, പാട്ടുകൾ എന്നിങ്ങനെ എല്ലാ സർഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കാം. ചുറ്റുമുള്ള സാമൂഹിക തിന്മകളോട് ക്രിയാത്മകമായി പ്രതികരിക്കാനും അവ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും ബ്ലോഗുകൾ അവസരമൊരുക്കുന്നു.

നമ്മുടെ മാതൃഭാഷയിൽ തന്നെ ഇതൊക്കെ നിർവഹിക്കുന്നതിനുള്ള സൌകര്യവും ഇന്നുണ്ട്. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്ലോഗ് സൃഷ്ടിക്കുകയാണ്. ബ്ലോഗർ, വേഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനുള്ള സൌകര്യം തികച്ചും സൌജന്യമായി നൽകുന്നുണ്ട്. സ്വന്തമായി ഒരു ഇ-മെയിൽ വിലാസമുള്ള ആർക്കും വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് സൃഷ്ടിക്കാവുന്നതേയുള്ളു. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന (പോസ്റ്റു ചെയ്യുന്ന) സൃഷ്ടികളെ സംബന്ധിച്ച് ബ്ലോഗ് കാണുന്ന (സന്ദർശിക്കുന്ന) ആർക്കും പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും ഇതിലുണ്ട്.

  • സ്കൂളുമായി ബന്ധപ്പെട്ട ഒരു അനുഭവക്കുറിപ്പ് തയാറാക്കി, നിങ്ങൾ സൃഷ്ടിച്ച ബ്ലോഗിൽ പേസ്റ്റ് ചെയ്യൂ. കൂട്ടുകാരുടെ ബ്ലോഗ് രചനകൾ വായിച്ച് അവയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തൂ.

Sunday, March 21, 2010

ഇതു പരീക്ഷയോ പീഡനമോ?

ഇതു പരീക്ഷയോ പീഡനമോ?

എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകൾ കുട്ടികൾക്ക് കടുത്ത വെല്ലുവിളിയാകുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് തട്ടത്തുമല നാട്ടുവർത്തമാനം ബ്ലോഗിൽ ഇട്ടിട്ടുണ്ട്. അതിലേയ്ക്കുള്ള ലിങ്ക് ഇതാണ് പേടിപ്പിക്കുന്ന ചോദ്യപ്പേപ്പറുകൾ

Friday, March 19, 2010

പ്ലസ്-ടു പരീക്ഷയിലെ പൊല്ലാ‍പ്പ്

പ്ലസ്-ടു പരീക്ഷയിലെ പൊല്ലാ‍പ്പ്

ഹയർ സെക്കണ്ടറിയിൽ ഈ അദ്ധ്യയന വർഷം മുതൽ പുതിയ ഒരു പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. പ്ലസ് വൺ പരീക്ഷയുടെ മാർക്കും കൂടി കൂട്ടിയായിരിക്കും പ്ലസ് ടുവിന്റെ റിസൾട്ട് നൽകുക എന്നതായിരുന്നു അത്. അതായത് പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചിരിക്കണം എന്ന് സാരം.

കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ തോറ്റു പോയ വിഷയങ്ങൾ എഴുതാൻ ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അതിലും തോറ്റു പോയവർ പൊതുവെ പഠിക്കാൻ അല്പം മോശമായ കുട്ടികൾ ആയിരിക്കുമല്ലോ; ഈ കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ വലയുകയാണ്. കാരണം പ്ലസ് വണ്ണിന് ജയിക്കാത്ത വിഷയങ്ങൾക്ക് കിട്ടേണ്ട മാർക്കു കൂടി പ്ലസ് ടുവിൽ അതേ വിഷയത്തിന് വാങ്ങണം .

എന്ന് വച്ചാൽ പഠിക്കാനുള്ള കഴിവിൽ താരതമ്യേന ദുർബലരായ ഈ കുട്ടികൾ പ്ലസ് ടു വിൽ മറ്റ് കുട്ടികൾ വാങ്ങുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങണം ( ഉദാഹരണത്തിന് പ്ലസ് വണിൽ ഫിസിക്സിന് ജയിക്കാനുള്ള മാർക്ക് കിട്ടാതിരുന്ന കുട്ടി ആ മാർക്കു കൂടി പ്ലസ് ടു ഫിസിക്സിന് വാങ്ങണം). ഇത് വളരെ പ്രയാസമുള്ള കാര്യമാണ്.

പ്ലസ് വണിൽ തോറ്റ വിഷയം വീണ്ടും എഴുതി ജയിക്കാനുള്ള അവസരം വീണ്ടും നൽകിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഒഴിവാക്കേണ്ടതാണ്. മുമ്പത്തെ പോലെ പ്ലസ് ടു ജയിക്കാൻ പ്ലസ് ടുവിലെ വിഷയങ്ങൾക്ക് ജയിക്കാനാവശ്യമായ മിനിമം മാർക്ക് മാത്രം വാങ്ങിയാൽ മതിയെന്ന നില പുനസ്ഥാപിക്കുന്നതായിരിക്കും നല്ലത് .

Saturday, March 6, 2010

ഇയാൻഡാ പി.എസ്.സി കോച്ചിംഗ് സെന്റർ

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

ബഹുമാന്യരെ,

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം

ഡയറക്ടർ

Saturday, January 16, 2010

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരു: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. ഈ നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി. ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു. നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി.

വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

മനുഷ്യൻ ഒന്നും മുൻകൂട്ടി പ്രവചിച്ച് അത്രയ്ക്കഹങ്കരിച്ചുകൂടെന്നു കരുതി ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വരുത്തുവാൻ നിസ്സഹായനായ ദൈവത്തിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

Thursday, January 14, 2010

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

അസാധാരണമായ ഒരു ആകാശ പ്രതിഭാസത്തോടെയാണ് അടുത്ത പതിറ്റാണ്ടിന്റെ ആരംഭം. ജനുവരി 15ന് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ "വലയ സൂര്യഗ്രഹണ'ത്തിന് ലോകം സാക്ഷിയാകും. കേരളീയര്‍ക്കും ഇതു നന്നായി കാണാന്‍ അവസരം ഉണ്ടാകുമെന്നതും ഒരു പ്രത്യേകതയാണ്.

സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രബിംബത്തിനു കഴിയാതെവരികയും ഗ്രഹണം പൂര്‍ത്തിയാകുമ്പോള്‍ ചന്ദ്രന്റെ കറുത്ത രൂപം സൂര്യന്റെ നടുക്കും, സൂര്യന്റെ അരികുകള്‍, 'കനലില്‍ ചുട്ട കനകവളപോലെ' ചുറ്റും വൃത്തരൂപത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യുന്ന അസുലഭമായ ഒരു സൂര്യഗ്രഹണമാണിത്.

ഗ്രഹണം അതിന്റെ പൂര്‍ണരൂപത്തില്‍ വര്‍ക്കലയ്ക്കു തെക്കുഭാഗത്തേയ്ക്കു മാത്രമേ ദൃശ്യമാകു. കേരളത്തില്‍ എവിടെനിന്നും ഭാഗികമായി കാണാവുന്ന ഗ്രഹണം, തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലും (പുനലൂര്‍, അഞ്ചല്‍) പൂര്‍ണമായി കാണാനാകും. പകല്‍ 11.5ന് ആരംഭിക്കുന്ന ഗ്രഹണം 3.05ന് അവസാനിക്കും- നാലു മണിക്കൂര്‍. ഗ്രഹണത്തിന്റെ പരമകാഷ്ഠ 1.14നാണ്. സൂര്യന്റെ 92 ശതമാനവും ചന്ദ്രബിംബത്താല്‍ മറയുകയും ചുറ്റും പ്രഭാവൃത്തം ദൃശ്യമാകുകയും ചെയ്യുന്ന ഈ പ്രതിഭാസം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലമായി 'നാസ' പ്രഖ്യാപിച്ചിട്ടുള്ളത് തമിഴ്നാട്ടിലെ ധനുഷ്കോടിയാണ്.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകുമെങ്കിലും ഉഗാണ്ടയില്‍ തുടങ്ങി മധ്യ ആഫ്രിക്ക, മാലി ദ്വീപുകള്‍, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, വടക്കന്‍ ശ്രീലങ്ക, ബര്‍മ, തെക്കു കിഴക്കന്‍ ചൈന എന്നിങ്ങനെയാണ് പൂര്‍ണ വൃത്താകൃതിയിലുള്ള നിഴലിന്റെ സഞ്ചാരം. 300 കിലോ മീറ്റര്‍ വ്യാസമുള്ള ഈ നിഴല്‍ മണിക്കൂറില്‍ 1656 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. ഗ്രഹണം ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നത് അകലെ മഹാസാഗരത്തിനു നടുവിലാണ്- 11 മിനിറ്റും എട്ടു സെക്കന്‍ഡും. ഇത്രയും നേരം നീണ്ടുനില്‍ക്കുന്ന 'വലയ സൂര്യഗ്രഹണം' 1033 വര്‍ഷങ്ങള്‍ക്കുശേഷം ഇനി 3043-ാം ആണ്ടിലെ ഉണ്ടാകൂ.

ഗ്രഹണം ഉച്ചസമയത്താണ്. അസാധാരണമായത് ഉണ്ടാകുമ്പോള്‍ നോക്കാനുള്ള വ്യഗ്രത ഇവിടെയും സംഭവിക്കാം. എന്നാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യന്റെ ദിശയിലേക്കു നോക്കുന്നത് കണ്ണുകള്‍ക്ക് തകരാറുകളുണ്ടാക്കിയേക്കാം. അതുകൊണ്ട് പുകപിടിപ്പിച്ച ചില്ലുപാളിയോ, പ്രകാശവിധേയമാക്കിയ എക്സ്റേ ഫിലിമുകളോ ഉപയോഗിച്ചു മാത്രമേ ഗ്രഹണം കാണാന്‍പാടുള്ളു. ശാസ്ത്രസംഘടനകള്‍ നോക്കുന്നതിനായി ചില 'അരിപ്പ'കള്‍ സംവിധാനംചെയ്ത് വിതരണംചെയ്യുന്നുണ്ട്. കാര്‍ഡ്ബോര്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരമിട്ട് അതിലൂടെ സൂര്യരശ്മി കടന്നുപോകാന്‍ അനുവദിച്ച് അത് നിരപ്പായ പ്രതലത്തില്‍ വീഴ്ത്തിയാലും ഗ്രഹണത്തിന്റെ ഛായ ലഭിക്കും. ഒരുകാരണവശാലും ബൈനോക്കുലറിലൂടെയോ ടെലസ്കോപ്പിലൂടെയോ നോക്കരുത്.

അസാധാരണവും വിഷമയവുമായ കിരണങ്ങളൊന്നുംതന്നെ ഗ്രഹണസമയത്ത് ഉണ്ടാകില്ല. വീടിനുള്ളില്‍ ചടഞ്ഞുകൂടുകയോ ആഹാരം വര്‍ജിക്കുകയോ ചെയ്യേണ്ടതുമില്ല. ഇന്ന് ഗ്രഹണമാണല്ലോ എന്നു കരുതി സൂര്യന്‍ ചില പ്രത്യേക കിരണങ്ങള്‍ ഉതിര്‍ക്കുന്ന പതിവില്ല. ഗ്രഹണത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ വേണ്ടും വിവരമില്ലാതിരുന്ന കാലത്ത് സാധാരണക്കാരന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ രാഹു-കേതു കഥകളില്‍ ഇന്നും വിശ്വസിക്കുക എന്നത് ബുദ്ധിശൂന്യമാണ്. അടുത്ത സൂര്യഗ്രഹണം 2010 ജൂലൈ 11ന് കുക്സ്, ഈസ്റ്റര്‍ ദ്വീപസമൂഹങ്ങളില്‍ (കിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകള്‍) കാണാം. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇത് ഭാഗികമായി കാണാം. നമുക്ക് അത് ദൃശ്യമല്ല.

പ്രൊഫ. പി എസ് ശോഭന്‍,
ദേശാഭിമാനി കിളിവാതിൽ

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ ദ്വീപ്രാഷ്ട്രമായ ഹെയ്തിയില്‍ വന്‍ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി ഭയപ്പെടുന്നു. മാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സ് തകര്‍ന്നടിഞ്ഞു. 30 ലക്ഷം പേരെ ദുരന്തംബാധിച്ചിട്ടുണ്ടാകുമെന്ന് രാജ്യാന്തര റെഡ്ക്രോസ് വക്താവ് പറഞ്ഞു. ക്യൂബയ്ക്കും വെനസ്വേലയ്ക്കും മധ്യേയുള്ള ദ്വീപാണ് ഹെയ്തി. ചൊവ്വാഴ്ച വൈകിട്ട് 4.53നാണ് ദ്വീപ്രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. പിന്നാലെ മൂന്നു തുടര്‍ചലനവുമുണ്ടായി. പ്രസിഡന്റിന്റെ കൊട്ടാരം ഉള്‍പ്പെടെ തലസ്ഥാനത്തെ കെട്ടിടങ്ങളെല്ലാം മണ്ണോടുചേര്‍ന്നു. എന്നാല്‍, പ്രസിഡന്റ് റെനെ പ്രവലും ഭാര്യയും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 2004ലുണ്ടായ അട്ടിമറിശ്രമത്തിനുശേഷം ഒമ്പതിനായിരത്തോളം യുഎന്‍ സേനാംഗങ്ങളെ ഹെയ്തിയില്‍ വിന്യസിച്ചിരുന്നു. ദൌത്യസംഘ തലവന്‍ ഹേദി അന്നാബിയും കാണാതായവരില്‍പ്പെടുന്നു. 200 വിദേശികള്‍ തങ്ങിയിരുന്ന ആഡംബരഹോട്ടലും നിലംപൊത്തി. ദരിദ്രരാജ്യമായ ഹെയ്തി ദുരന്തം താങ്ങാനാകാതെ തരിച്ചുനില്‍ക്കുകയാണ്. മരണസംഖ്യ തിട്ടപ്പെടുത്താന്‍തന്നെ ദിവസങ്ങള്‍ വേണ്ടിവരും. ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ സംവിധാനമില്ല. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന് മിക്കഭാഗവും ഒറ്റപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ ആലംബമില്ലാതെ കഴിയുകയാണ്. പരിക്കേറ്റവരും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരും അലമുറയിടുന്ന കാഴ്ചയാണെങ്ങും. അമേരിക്ക, ക്യൂബ, വെനസ്വേല തുടങ്ങിയ അയല്‍രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും സഹായം വാഗ്ദാനം ചെയ്തു. യുഎന്‍ ദൌത്യസംഘത്തിന്റെ ആസ്ഥാനമായ ഹോട്ടല്‍ ക്രിസ്റ്റഫര്‍ പൂര്‍ണമായി നശിച്ചെന്ന് യുഎന്‍ വക്താവ് അലൈന്‍ ലീറോയി ന്യൂയോര്‍ക്കില്‍ പറഞ്ഞു. 7000 സൈനികരും 2000 പൊലീസുകാരുമാണ് ദൌത്യസേനയിലുള്ളത്. ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും കഴിഞ്ഞാല്‍ കരീബിയയിലെ മൂന്നാമത്തെ വലിയ ദ്വീപായ ഹെയ്തിയില്‍ ചുഴലിക്കാറ്റ് വിനാശം വിതയ്ക്കുന്നത് പതിവാണ്. തലസ്ഥാനത്തുനിന്ന് 15 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.