ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, October 15, 2010

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

സമയത്തെ തോല്‍പ്പിച്ച രക്ഷാപ്രവര്‍ത്തനം

ദേശാഭിമാനി വാര്‍ത്ത‍

സാന്‍ജോസ് ഖനി (ചിലി): പ്രതീക്ഷകളെ മറികടന്ന രക്ഷാപ്രവര്‍ത്തനം. ഉത്തരചിലിയില്‍ രണ്ടായിരത്തില്‍പ്പരം അടി താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളെയും പുറത്ത് എത്തിച്ചപ്പോള്‍ മനുഷ്യന്റെ ഇച്ഛാശക്തിക്കും ശാസ്ത്രനേട്ടത്തിനും മുന്നില്‍ സമയംപോലും തല കുനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാലുമാസം വേണ്ടിവരുമെന്നാണ് അധികൃതര്‍ നേരത്തെ കണക്കാക്കിയത്. എന്നാല്‍, 69 ദിവസവും എട്ട് മണിക്കൂറും കൊണ്ട് രക്ഷാപ്രവര്‍ത്തനം വിജയകരമാക്കി. തുരങ്കം നിര്‍മിച്ചശേഷം 'ഫീനിക്സ്' പേടകം ഉപയോഗിച്ച് 33 പേരെ പുറത്തെത്തിക്കാന്‍ 36 മുതല്‍ 48 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് കരുതിയത്. എന്നാല്‍, കാര്യങ്ങള്‍ സുഗമമായി നീങ്ങുകയും 22 മണിക്കൂര്‍ 37 മിനിറ്റുകൊണ്ട് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കാനായി. മുപ്പത്തിമൂന്നാമന്‍ ലൂയിസ് ഉര്‍സുവയെയും വഹിച്ച് പേടകം മുകളില്‍വന്നപ്പോള്‍ 'ക്യാമ്പ് ഹോപ്പില്‍'നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു. ബലൂണുകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഖനിക്ക് സമീപത്തെ കുന്നിന്‍ചരുവിലാണ് തൊഴിലാളികളുടെ ബന്ധുക്കള്‍ക്കായി 'ക്യാമ്പ് ഹോപ്പ്' തയ്യാറാക്കിയിരുന്നത്. തലസ്ഥാനമായ സാന്തിയാഗോയില്‍ ആയിരങ്ങള്‍ ആഹ്ളാദപ്രകടനം നടത്തി. കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ രക്ഷാപ്രവര്‍ത്തനം നേരിട്ട് കാണുകയായിരുന്ന ജനങ്ങള്‍ 'ചിലി നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി. രാജ്യമാകെ ആഘോഷങ്ങളില്‍ മുഴുകി. ബുധനാഴ്ച പുലര്‍ച്ചെയാണ് രക്ഷാപേടകം ഖനിയില്‍നിന്ന് ആദ്യതൊഴിലാളിയെ പുറത്തെത്തിച്ചത്. തുടക്കത്തില്‍ ഒരു മണിക്കൂര്‍ വീതം വ്യത്യാസത്തിലാണ് ഓരോരുത്തരെ ഭൂനിരപ്പില്‍ എത്തിച്ചത്. എന്നാല്‍, പടിപടിയായി വേഗത കൈവരികയും ഈ ഇടവേള അരമണിക്കൂര്‍വരെയായി കുറയുകയുംചെയ്തു. ഒരു നിമിഷംപോലും വിശ്രമിക്കാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ 33 പേരെയും പുറത്തെത്തിച്ചത്. 100 കോടിയോളം രൂപ രക്ഷാപ്രവര്‍ത്തനത്തിനായി ചെലവഴിച്ചു. ചിലിയുടെ ദേശീയവരുമാനത്തിന്റെ 40 ശതമാനവും ഖനനത്തില്‍നിന്നാണ്. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രസിഡന്റ് സെബാസ്റ്യന്‍ പിനേര ഖനിമന്ത്രി കൊദല്‍ക്കോയെതന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരുന്നു.

No comments: