ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2015 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആകെ ലഭിച്ച രണ്ട് ഫുൾ എ പ്ലസുകൾ ഉൾപ്പെടെ ന്യൂസ്റ്റാറിൽ 100% വിജയം! പ്ലസ്-ടൂവിലും സ്കൂൾ ഫസ്റ്റും സെക്കൻഡും ന്യൂസ്റ്റാറിൽ

Saturday, October 24, 2009

ബി. പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

  1. ആദ്യം അധിക വായന ഇഷ്ടപ്പെടാത്തവർക്കും സമയമില്ലാത്തവർക്കും വേണ്ടി ഈ എഴുത്തിന്റെ രത്നച്ചുരുക്കം:

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്

വിശദമായ വായന ആഗ്രഹിയ്ക്കുന്നവർ ഇനിയും തുടർന്നു വായിക്കുക.

മുൻകുറിപ്പ് : പ്രേമാനന്ദിനെ അടുത്ത് കാണാനും ഇടപഴകാനും കഴിഞ്ഞ സന്ദർഭങ്ങളിലെ അനുഭവങ്ങളും കേട്ടും വായിച്ചും അറിഞ്ഞവയുമായ കാര്യങ്ങൾ ഓർമ്മകളിൽ നിന്ന് അടർത്തിയെടുത്ത് കുറിയ്ക്കുന്നതാണ് പോസ്റ്റ്!ബി. പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

.ടി.കോവൂരിനു ശേഷം അദ്ദേഹം തുടങ്ങിവച്ച പോരാട്ടങ്ങളുടെ തുടർച്ചക്കാരനായി അറിയപ്പെട്ടിരുന്ന പ്രേമാനന്ദ് ഒരു മാന്ത്രികൻ കൂടിയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. നിരവധി അമൂല്യ ഗ്രന്ധങ്ങളുടെയും ലഘുലേഖകളുടെയും കർത്താവുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്പതില്പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അദ്ദേഹം പുസ്തകങ്ങൾ വിറ്റാണ് തന്റെ പോരാട്ടങ്ങൾക്കും ഉപജീവനത്തിനും പണം കണ്ടെത്തിയിരുന്നത്

കേരളീയനും ഭാരതീയനും എന്നതിലുപരി ഒരു ആഗോളപൌരനായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.

യു.പി സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ദേശീയപ്രക്ഷോഭത്തിൽ പങ്കു ചേർന്നു. വളരെ ചെറുപ്പത്തിലേ തന്നെ എന്തിനെയും ചോദ്യം ചെയ്തിരുന്ന അദ്ദേഹം നല്ല ഒരു അന്വേഷണ കുതുകിയുമായിരുന്നു.. നിരവധി ആശ്രമങ്ങളിൽ കടന്നു കൂടി താമസിച്ച് ദിവ്യന്മാരുടെ തട്ടിപ്പുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി അവ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി. സാക്ഷാൽ സത്യ സായി ബാബയായിരുന്നു മുഖ്യ മായും അദ്ദേഹത്തിന്റെ കടുത്ത വിമർശനത്തിനു പാത്രീഭവിച്ചത്. സായി ബാബ ഉൾപ്പെടെ പല മനുഷ്യ ദൈവങ്ങളും അവകാശപ്പെട്ടിരുന്ന പല സിദ്ധികളുടെയും പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങൾ കണ്ടെത്തുകയും അവയൊക്കെ ജനങ്ങൾക്കു മുന്നിൽ പ്രേമാനന്ദ് തുറന്നു കാട്ടുകയും ചെയ്തു.എല്ലാത്തരം തട്ടിപ്പുകളെയും അദ്ദേഹം അതിശക്തമായി വിമർശിച്ചു. മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.

നിഷേധത്തിന്റെ നിഷേധം ഉൾക്കൊള്ളുന്ന യുക്തിവാദത്തിന്റെ പക്ഷം ചേർന്നു നിന്ന നിർഭയനായ നിഷേധി അനീതിയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ജീവിതാന്ത്യം വരെ വിരാമമിട്ടിരുന്നില്ല.ശക്തനായ ഒരു പോരാളി മാത്രമായിരുന്നില്ല സ്നേഹത്തിന്റെ തൂവൽ സ്പർശം കൂടിയായിരുന്നു മാനവികതാ വാദിയുടെ ജീവിതം. ജീവിതമാകട്ടെ അദ്ദേഹത്തിനു എല്ലാ അർത്ഥത്തിലും പോരാട്ടവുമായിരുന്നു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം ശാസ്ത്ര- യുക്തിവാദ -പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളരെയധികം ഗുണപ്പെട്ടു. കാരണം പ്രേമാനന്ദിനു പകരം വയ്ക്കാൻ അതു പോലെ മറ്റൊരാളില്ലായിരുന്നു. എൺപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെങ്കിലും അത് ഒരു തീരാ നഷ്ടമാണ്. പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത ഒരു അപൂർവ്വ വ്യക്തിപ്രഭാവത്തിന്റെ കാലം ചെയ്യൽ. മനുഷ്യ ദൈവങ്ങളുടെ ഒരു പ്രധാന വെല്ലുവിളിയാണ് അസ്തമിച്ചിരിയ്ക്കുന്നത്.ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല.രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു.ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു. സമ്മേളനങ്ങൾക്കൊക്കെ വരുമ്പോൾ അവിടെ താമസം ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്ത് അർദ്ധരാത്രി കഴിഞ്ഞും അദ്ദേഹം മറ്റുള്ളവരുമായി സൊറ പറഞ്ഞിരിയ്ക്കുമായിരുന്നു. പക്ഷെ രാവിലെ നമ്മൾ ചെറുപ്പക്കാരൊക്കെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുമ്പോഴേയ്ക്കും നേരത്തെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞ് കുളിച്ച് ഫ്രഷായി നല്ല വേഷം ധരിച്ച് പത്രപാരായണം നടത്തുന്ന പ്രേമാനന്ദിനെയായിരുന്നു കാഴ്ച കണ്ടിരുന്നത്.

ഒരു നല്ല മജീഷ്യനായിരുന്ന പ്രേമാനന്ദ് മാജിക്കിനെ ഒരു ജീവിതോപാധിയായല്ല,
അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ഒരു സമരായുധമായിട്ടാണ് കൊണ്ടുനടന്നിരുന്നത്. ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.

പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ നടക്കുന്നിടത്തൊക്കെ വൻ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. മിക്കപ്പോഴും പരിപാടിയുടെ സംഘാടകർ യുക്തിവാദി സംഘം പ്രവർത്തകർ ആയതിനാൽ തുടക്കത്തിൽ ആരും പരിപാടി അത്ര ഗൌനിക്കുന്ന പതിവില്ല. പക്ഷെ പ്രേമാനന്ദ് പരിപാടി തുടങ്ങിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ വേദിയ്ക്കുമുന്നിൽ കാഴ്ചക്കാർ നിറയുകയാണു പതിവ്. മിക്ക സ്ഥലങ്ങളിലും പരിപാടിതുടങ്ങുന്നതിനു മുൻപേ എത്തി ചേരുന്ന പ്രേമാനന്ദ് ആളിന്റെ രൂപം കൊണ്ടും തമാശകളും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും പരിപാടി നടക്കുന്ന സ്ഥലത്തെ ആളുകളുമായി നല്ല ചങ്ങാത്തത്തിൽ ആയിക്കഴിഞ്ഞിരിയ്ക്കും.. പരിപാടി തുടങ്ങിയാൽ സരസമായി ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സവിശേഷമായ സംഭാഷണങ്ങളുമായി തന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടിയിൽ ആളുകളുടെ സജീവ ശ്രദ്ധയെ തളച്ചിടുമായിരുന്നു.ദിവ്യ ശക്തികൊണ്ട് കാണിയ്ക്കുന്നത് എന്ന് മനുഷ്യ ദൈവങ്ങൾ അവകാശപ്പെടുന്ന മാന്ത്രിക വിദ്യകളുടെ ശാസ്ത്രീയ വശം അനാവരണം ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. ഒരു മനുഷ്യനും ദൈവമാകാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതുകൊണ്ടുതന്നെ ദിവ്യന്മാരുടെ പേടിസ്വപ്നമായിരുന്നു പ്രേമാനന്ദ്. ദൈവത്തിന്റെ അടുത്ത ആളുകൾ എന്നു പറഞ്ഞ് ദിവ്യന്മാരായി ചമഞ്ഞു നടന്ന് തട്ടിക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വശക്തനായ ഏക ദൈവത്തിൽ വേണമെങ്കിൽ വിശ്വസിയ്ക്കുക. അങ്ങനെയൊരു ദൈവം ഉണ്ടെന്നു താൻ വിശ്വസിയ്ക്കുന്നില്ലെങ്കിലും വേണമെന്നുള്ളവർ വിശ്വസിയ്ക്കുക. പക്ഷെ ദൈവത്തിനു ഏജന്റന്മാരില്ല.ദൈവത്തിന് അതിന്റെ ആവശ്യവുമില്ല. പ്രേമാനന്ദ് പറഞ്ഞു.

യ്ഥാർത്ഥ ദൈവത്തിന് ആരും കാണിയ്ക്ക നൽകേണ്ടതില്ല.കാരണം ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല. ദൈവം സർവ്വശക്തനാണെങ്കിൽ ഏതുതരം പണവും സ്വയം നിർമ്മിയ്ക്കുവാൻ ദൈവത്തിനു കഴിയില്ലേ? പിന്നെന്തിനാണ് ദൈവത്തിനു കാണിയ്ക്ക? അദ്ദേഹം ചോദിച്ചിരുന്നു. മാത്രവുമല്ല ഒരു കള്ളൻ മോഷ്ടിച്ചതു പിടിയ്ക്കപ്പെടരുതേ എന്നു പ്രാർത്ഥിയ്ക്കുന്നു. നഷ്ടപ്പെട്ടവൻ കള്ളനെ പിടിയ്ക്കാനും മോഷണം പോയതു തിരിച്ചു കിട്ടാനും പ്രാർത്ഥിയ്ക്കുന്നു. മോഷ്ടിച്ചവനും മോഷ്ടിയ്ക്കപ്പെട്ടവനും ദൈവത്തിന്റെ സൃഷ്ടികൾ! അപ്പോൾ ദൈവം ആരുടെ പ്രാർത്ഥന കേൾക്കും? കള്ളന്റെയോ, മോഷ്ടിക്കപ്പെട്ടവന്റെയോ? പലപ്പോഴും കള്ളന്റെ പ്രാർത്ഥനയാണു ഫലിയ്ക്കുന്നതെന്ന് അദ്ദേഹം തമാശയായി കൂട്ടി ചേർക്കും.

എന്നാൽ വിശ്വാസങ്ങളുടെ പേരിൽ അക്രമങ്ങൾ ഉണ്ടാകരുത്. സമൂഹത്തിൽ അശാന്തി വിതയ്ക്കരുത്. ചില മനുഷ്യ ദൈവങ്ങളുടെ പേരിൽ നടത്തുന്ന ആതുരാലയങ്ങളും മറ്റു ജീവ കാരുണ്യപ്രവർത്തനങ്ങളും ആളെക്കൂട്ടാനുള്ള ചൂണ്ടയാണെങ്കിലും അവ നല്ലതുതന്നെയെന്ന് അദ്ദേഹം പറയുമായിരുന്നു. നല്ലതു ആരു ചെയ്താലും, അത് വിശ്വാസിയായാലും അവിശ്വാസിയായാലും, മതത്തിന്റെ പേരിലായാലും മറ്റു തരത്തിലായാലും അംഗീകരിയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.എന്നാൽ സൽകർമ്മങ്ങൾ ചെയ്യുന്നു എന്നു കരുതി തട്ടിപ്പുകൾ അംഗീകരിയ്ക്കാനാകില്ല. അന്ധവിശ്വാസങ്ങൾ ആളുകളിൽ അടിച്ചേല്പിയ്ക്കുന്നതും ന്യായീകരിയ്ക്കാനാകില്ല.

അദ്ദേഹത്തിന്റെ രൂപം ഒരു സന്യാസിയുടെ മാതിരി നീണ്ടു വളർന്ന നരച്ച ധാടിയും നീണ്ട ജുബ്ബയും അയഞ്ഞ പാന്റ്സും തോളിൽ ഒരു തോർത്തുമാണ്. അതിനാൽ സന്യാസി എന്നു തെറ്റിദ്ധരിച്ച് ചിലർ സ്വാമി എന്ന് വിളിക്കുമ്പോൾ അദ്ദേഹം കോപാകുലനാകും. തന്നെ തെറിവിളിച്ചാ‍ലും സ്വാമി എന്നു വിളിയ്ക്കരുത്, സ്വാമിമാർ ഭൂരിപക്ഷവും കള്ളസ്വാമിമാരാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നു വേർതിരിവില്ലാത്ത ചൂഷകനും ചൂഷിതരും ഇല്ലാത്ത മതവും ജാതിയുമില്ലാത്ത കള്ള ദിവ്യന്മാരും തട്ടിപ്പുകളുമില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം സൃഷ്ടിയ്ക്കുവാൻ പരിശ്രമിയ്ക്കണമെന്ന അഹ്വാനവുമായാണ് അദ്ദേഹം തന്റെ ഓരോ പ്രസംഗവും ദിവ്യാദ്ഭുത അനാവരണ പരിപാടികളും അവസാനിപ്പിയ്ക്കാറുള്ളത്.

അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും. ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങളെ സ്വീകരിയ്ക്കാൻ വൈമനസ്യം കാണിയ്ക്കേണ്ടതില്ലെന്നും ഹിതകരമല്ലാത്തതിനെ മാത്രം നിരാകരിയ്ക്കുവാനും അദ്ദേഹം പറഞ്ഞു.

പ്രേമാനന്ദിനോടൊപ്പം ചെലവഴിയ്ക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. പ്രായ ഭേദമന്യേ ഊഷ്മളമായ സൌദൃദം സ്ഥാപിയ്ക്കുവാൻ അദ്ദേഹത്തിനു നിമിഷങ്ങൾ മതിയായിരുന്നു. കുട്ടികളോടും യുവാക്കളോടും മുതിർന്നവരോടും തികഞ്ഞ ആദരവോടെയായിരുന്നു പെരുരുമാറ്റം. സദാ പുഞ്ചിരിയ്ക്കുന്ന മുഖം ആദ്യം കാണുന്നവരിൽ പോലും വർഷങ്ങളുടെ പരിചയമുള്ളതു പോലെ തോന്നിപ്പിച്ചിരുന്നു.തമാശ പറയാൻ വിരുതനായിരുന്ന അദ്ദേഹം എവിടെ എത്തിയാലും ചുറ്റിലും ഒരു ആൾകൂട്ടം ഉണ്ടാകുമായിരുന്നു. യുക്തിവാദിയായ അദ്ദേഹത്തെ സ്വാമി എന്നു വിളിച്ചാൽ മാത്രമേ അദ്ദേഹം ക്ഷോഭിച്ചിരുന്നുള്ളു. കൂടെ കൂടുന്നവർ ചെറുപ്പക്കാരാണെങ്കിൽ അല്പം അശ്ലീലച്ചുവയുള്ള നിർദ്ദോഷമായ ഫലിതങ്ങളും കൂടിയാകുമ്പോൾ പിന്നെ ചെറുപ്പക്കാർക്കു ഹരമാകുമായിരുന്നു.

എന്തായാലും മരണം ഒഴിവാക്കാൻ കഴിയാത്തതും യാഥാർത്ഥ്യവും ആണ്. അതുകൊണ്ട് ഇനി പ്രേമാനന്ദ് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിയ്ക്കുന്ന ശൂന്യത പരിഹരിയ്ക്കാനാകില്ല. സമാനതകളില്ല്ലാത്ത വ്യക്തിത്വത്തോടു നമുക്കു ചെയ്യാൻ കഴിയുന്നത് അദ്ദേഹം നടത്തിവന്ന സത്യാന്വേഷണവും ശാസ്ത്ര പ്രചാരണവും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എല്ലാവിധ ചൂഷണങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും തുടർന്നുകൊണ്ട് വിവിധ സമര പഥങ്ങളിലൂടെ അദ്ദേഹം അഗ്രഹിച്ചതു പോലെ സമത്വ സുന്ദരമായ ഒരു നല്ല നാളേയ്ക്കു വേണ്ടി പരിശ്രമിയ്ക്കുക എന്നതാണ്. അതിനാ‍യി അദ്ദേഹം തെളിയിച്ച ദീപശിഖ നാം ഏറ്റുവാങ്ങുക! തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ അതുല്യനായ വിപ്ലവകാരിയുടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

യുക്തിവാദി സംഘത്തിന്റെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന പൊതു യോഗങ്ങളെ പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാ‍ടിയും ഇടയ്ക്കിടെയുള്ള പ്രസംഗങ്ങളും കൊണ്ടു പലപ്പോഴും കൊഴുപ്പിച്ചിരുന്നു. അദ്ദേഹം പരിപാടികൾ അവതരിപ്പിയ്ക്കുന്ന സ്ഥലങ്ങളിൽനിന്നൊക്കെ വിശ്വാസികളിൽ നിന്നടക്കം സ്നേഹോജ്വലമായ സ്വീകരണങ്ങളാണു ലഭിച്ചിരുന്നത്. മനുഷ്യ ദൈവങ്ങളുടെ തട്ടിപ്പുകൾക്കെതിരെ കടുത്ത ദൈവവിശ്വാസികൾ പോലും സംസാരിയ്ക്കുവാൻ പ്രേമാനന്ദ് കാരണമായിട്ടുണ്ട്. താൻ കണ്ടെത്തിയ ദിവ്യ തട്ടിപ്പുകൾ എങ്ങനെയാണ് അവർ നടത്തുന്നതെന്ന് കേരളം ഉൾപ്പെടെ രാജ്യത്തുടനീളവും വിദേശ രാജ്യങ്ങളിലും നിരവധിപേരെ അദ്ദേഹം പഠിപ്പിച്ച് പരിശീലിപ്പിച്ച് തന്റെ ശിഷ്യരാക്കിയിട്ടുണ്ട്. ഇന്നു പ്രേമാനന്ദിന്റെ ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്നു സ്വായത്തമാക്കിയ മേജിക്കുകൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പ്രചരണത്തിനായി വേദികളിൽ അവതരിപ്പിച്ചു പോരുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും പല സമയത്തായി നിരവധി യുക്തിവാദികളെ ദിവ്യാദ്ഭുതങ്ങൾ പഠിപ്പിച്ച് പ്രേമാനന്ദ് തന്റെ ശിഷ്യരും പിൻ ഗാമികളുമാക്കിയിട്ടുണ്ട്

ദിവ്യാദ്ഭുതങ്ങളിൽ അന്തരീക്ഷത്തിൽ നിന്നും ഭസ്മം പിടിച്ച് ആൾക്കൂട്ടത്തിനു മുഴുവൻ നല്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു, വിഭൂതി എന്ന ഭസ്മവും സായിബാബ നൽകുന്ന ഭസ്മവും ഒന്നാണെന്ന്; അതിന്റെ രഹസ്യം ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ് കാണികളെ ജിജ്ഞാസയിലാക്കും. എന്നിട്ട് അല്പം കഴിയുമ്പോൾ ആളുകൾ അതു വെളിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ചിരിച്ചുകൊണ്ടു പറയും ഇതിൽ മറ്റൊന്നുമില്ല, സായിബാബയും ഞാനും ഒരേ കടയിൽനിന്നാണ് ഇതു വാങ്ങുന്നതെന്ന്. ഇതു കഞ്ഞിവേള്ളത്തിൽ ഉരുട്ടി കുഴച്ച് ചെറു ഗോളങ്ങളാക്കി കൈ വെള്ളയുടെ പുറകിൽ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഒളിച്ചു വച്ചിട്ട് തന്ത്ര പൂർവ്വം പുറത്തെടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ഇതു തന്നയാണ് ദിവ്യൻ മാരുടെയും പരിപാടിയെന്നും അദ്ദേഹം പറയുന്നു. മറിച്ച് ആർക്കെങ്കിലും ദിവ്യ ശക്തി ഉണ്ടെന്നു തെളിയിച്ചാൽ ലക്ഷക്കണക്കിനു ഡോളറുകളായിരുന്നു വാഗ്ദാനം.

ഏതോ ഒരു മുസ്ലിം ദിവ്യനെ ആണെന്നു തോന്നുന്നു തൊട്ടാൽ മണക്കുമത്രേ! അതുകൊണ്ട് അദ്ദേഹം ദൈവമായി. അങ്ങനെയെങ്കിൽ അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കുന്ന, തൊട്ടാൽ മണക്കുന്ന തന്നെയും ദൈവമെന്നു വിളിയ്ക്കണം എന്നാവശ്യപ്പെട്ടിട്ട് അദ്ദേഹം എല്ലാവർക്കും ഷേക്ക് ഹാൻഡു നൽകുന്നു. എന്നിട്ടു മണത്തുനോക്കാൻ പറയും . അപ്പോൾ എല്ലാവരുടെ കൈയ്യിലും മണം. പിന്നെ അതിന്റെ രഹസ്യം വെളിപ്പെടുത്തൽ. മറ്റേതോ ഒരു സ്വാമിയെ തൊട്ടാൽ മധുരിയ്ക്കും! തന്റെ ദേഹത്തിൽ തൊട്ടു നോക്കൂ ഞാനും മധുരമാണ് എന്നു പറഞ്ഞ് ആളുകളെക്കൊണ്ട് പ്രേമാനന്ദിനെ തൊടുവിയ്ക്കുന്നു. അപ്പോൾ തൊട്ടവർക്കെല്ലാം കൈയ്യിൽ മധുരം! പിന്നെ സാക്രിന്റെ രഹസ്യം വെളിപ്പെടുത്തൽ. അങ്ങനെ എത്രയെത്ര രഹസ്യങ്ങളുടെ ചുരുൾ അദ്ദേഹം അഴിച്ചിരിയ്ക്കുന്നു!

വേദികളിൽ ഒരിയ്ക്കലുമദ്ദേഹം ക്ഷോഭിയ്ക്കുമായിരുന്നില്ല. ചില ദൈവങ്ങളെക്കുറിച്ച് അശ്ലീലം കലർന്ന സംഭാഷണങ്ങൾ മേമ്പൊടിയായി ചേർക്കുന്നത് ഏറെപ്പേരെ രസിപ്പിയ്ക്കുമായിരുന്നെങ്കിലും ചിലരെയൊക്കെ പ്രകോപിപ്പിയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടി ഉഷാറായി വരുമ്പോൾ വിശ്വാസികളുടെ പ്രകോപനം ഭയന്ന് അശ്ലീലച്ചുവയുള്ള കുത്തുവാക്കുകൾ അതിരു കടക്കുന്നത് യുക്തിവാദി സംഘം പ്രവർത്തകർ വിലക്കുമായിരുന്നു. എന്നാൽ കാഴ്ചക്കാരിലെ വിശ്വാസികൾ അടക്കമുള്ള വിരുതന്മാർ നിർദ്ദോഷമായ അദ്ദേഹത്തിന്റെ അശ്ലീല ഫലിതങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിയ്ക്കുമായിരുന്നു. ചിലപ്പോൾ അശ്ലീലം പറയരുതെന്നു പറഞ്ഞാൽ അദ്ദേഹം പറയുന്ന അശ്ലീല പദങ്ങളിൽ അശ്ലീലമില്ലെന്നു പരസ്യമായി വാദിയ്ക്കും. മനുഷ്യ ശരീരത്തിലുള്ള അവയവങ്ങളൊന്നും അശ്ലീലമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദഗതി (തമാശയ്ക്ക്). അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതൊക്കെ കൂടി പറയുന്നുവെന്നു മാത്രം.

ഒരിയ്ക്കൽ അദ്ദേഹം ഏതോ ഒരു സ്വാമിനിയെക്കുറിച്ചു പറഞ്ഞപ്പോൾ അവർക്കു നല്ല നല്ല മുലകളുള്ളതു കൊണ്ടാണ് ഭക്തന്മാർ കെട്ടിപ്പിടിയ്ക്കുവാൻ തിക്കിത്തിരക്കുന്നതെന്നു പറഞ്ഞു. ഇതു കേട്ട് തുടർന്നു വരാനിരിയ്ക്കുന്ന അശ്ലീലങ്ങളുടെ ഘോഷയാത്ര ഭയന്ന് യുക്തിവാദി പ്രവർത്തകർ വായിൽ പിടിയ്ക്കാൻ ചെന്നപ്പോൾ മുല അശ്ലീലമാണോ എന്നായി അദ്ദേഹം. ഞാൻ മുലകുടിച്ചാണു വളർന്നത്. നിങ്ങൾ മുല കുടിച്ചിട്ടില്ലേ? എന്റെ മക്കൾ എന്റെ ഭാര്യയുടെ മുല കുടിയ്ക്കുന്നു.എന്റെ ഭാര്യക്കു നല്ല നല്ല മുലകളുണ്ട്. നിങ്ങളുടെ ഭാര്യമാർക്കു മുലകളില്ലേ? സഹോദരിമാർക്കു മുലകളില്ലേ? അമ്മമാർക്കു മുലകളില്ലേ? മുലകൾ പരിപാവനമല്ലേ? മനോഹരമല്ലേ? .അതേ പോലത്തെ മുലകളല്ലേ ദൈവങ്ങൾക്കും ഉള്ളത്? ദൈവങ്ങളുടെ മുലയ്ക്കുമാത്രം എന്താണു പ്രത്യേകത ?എന്നൊക്കെയായി അദ്ദേഹം! (അടി കിട്ടാൻ മറ്റെന്തു വേണം!)അതും ഇംഗ്ലീഷുകാരൻ മലയാളം പറയുന്ന ശൈലിയും കൂടിയാണെന്നോർക്കണം. അങ്ങനെ അനേകം മുല പ്രായോഗം നടത്തിയപ്പോൾ അദ്ദേഹം മാത്രമല്ല കാഴ്ചക്കാരിൽ നല്ലപങ്കും സായൂജ്യരാകുന്നു. ജനം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടു വിളിച്ചു പറഞ്ഞു. മുലയിൽ പള്ളോന്നുമില്ല. അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതും പറഞ്ഞുവെന്നു മാത്രം.

ഏതോ ഒരു ദിവ്യൻ ദിവ്യശക്തിയാൽ തന്റെ ലിംഗത്തിൽ ഭാരം കെട്ടിത്തൂക്കി നടക്കുന്ന കാര്യം ഒരിക്കൽ അദ്ദേഹം വിശദീകരിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നു. ലിംഗത്തിൽ ഭാരം തൂക്കുന്നതും ദിവ്യശക്തിയൊന്നുമല്ലെന്നും അതിന്റെ രഹസ്യമെന്താണെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകൾ അടക്കമുള്ള കാണികൾ ഇരുന്ന വേദിയായതിനാൽ അക്കാര്യം അശ്ലീലമായി പറയേണ്ടെന്നായി യുക്തിവാദി സംഘം പ്രവർത്തകർ.‘സാമാനത്തിൽകല്ലും കെട്ടി നടക്കുന്നത് അശ്ലീലമില്ലാത്ത രീതിയിൽ ഒന്നു പറഞ്ഞുകൊടുക്കാൻ കഴിയുന്നവർ മുന്നോട്ടു വരണമെന്നായി പ്രേമാനന്ദ്. ആളുകൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും? നിഷ്കളങ്കവും നിർദ്ദോഷവുമായ അദ്ദേഹത്തിന്റെ ശ്ലീലവും അശ്ലീലവുമായ തമാശകൾ ദിവ്യാദ്ഭുത അനാവരണ പരിപാടികളെ ഏറെ നർമ്മരസപ്രധാനങ്ങൾ കൂടിയാക്കി. ഓരോ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുമ്പോൾ ദിവ്യൻമാർ മന്ത്രം ചൊല്ലുന്നതിനു പകരം അവരെ കളിയാക്കിക്കൊണ്ട് ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഭാഷാപദങ്ങൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ മന്ത്രം ചൊല്ലൽ കേട്ടാൽ മരിച്ചു കിടക്കുന്നവൻ പോലും ചിരിച്ചു തള്ളും. അദ്ദേഹത്തിന്റെ പരിപാടികൾ കണ്ടു മടങ്ങുന്ന വിശ്വാസികളിൽ പലരും അവിശ്വാസികൾ ആയിട്ടുണ്ടായിരിക്കില്ല; എന്നാൽ അന്ധമായ പല വിശ്വാസങ്ങളും തീർച്ചയായും ധാരാളം പേരിൽ നിന്നും വിട്ടൊഴിഞ്ഞു പോയിട്ടുണ്ടാകും.

അദ്ദേഹം പുകവലിയ്ക്കുമായിരുന്നു. യുക്തിവാദിയായ അദ്ദേഹം പുകവലിയ്ക്കുന്നത് അയുക്തികമായ പ്രവൃത്തിയല്ലേയെന്ന് ഒരിയ്ക്കൽ ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം അതിനെ ന്യായീകരിയ്ക്കുമെന്നാണു ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം തന്റെ തോളിൽ നിന്നും തോർത്തെടുത്തിട്ട് ഒരു പുക ആഞ്ഞു വലിച്ചിട്ട് പുറത്തേയ്ക്കുള്ള പുക തോർത്തിൽ കപ്പിവച്ച് കറ പിടിപ്പിച്ചിട്ട് അത് കാണിച്ചു തന്നു. എന്നു വച്ചാൽ സിഗരറ്റു വലിയ്ക്കുന്നവന്റെ കരൾ ഇതു പോലിരിയ്ക്കും.ആരോഗ്യത്തിന് ഇത് തികച്ചും ഹാനികരം.

താൻ ചെയ്യുന്നു എന്നുള്ളതു കൊണ്ടു മാത്രം പുകവലി എന്ന വിപത്ത് ആരോഗ്യത്തിനു ഹാനികരമാകാതിരിയ്ക്കില്ലെന്നും ഇത് അയുക്തികമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിയ്ക്കുകയാണു ചെയ്തത്. തനിയ്ക്കിതു ശീലമായതുകൊണ്ട് തുടരുന്നു. നിറുത്താൻ കഴിയാഞ്ഞിട്ടല്ല. നിറുത്താൻ ശ്രമിയ്ക്കാഞ്ഞിട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. യുക്തിവാദികൾക്ക് പുകവലി പോലുള്ള ദു:ശീലങ്ങൾ ഒരിയ്ക്കലും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം യുക്തിബോധമുള്ളവർ അയുക്തികമായ പ്രവൃത്തികൾ ചെയ്യാൻ പാടില്ല

കൈയ്യിൽ കാശില്ലാതെ ഉലകം ചുറ്റുന്ന അദ്ഭുതവും അദ്ദേഹം കാണിച്ചിട്ടുണ്ട്. അതൊക്കെ തുറന്നു പറയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിൽ ടിക്കറ്റെടുക്കാതെ ട്രെയിൻ യാത്ര ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞു. ട്രെയിനിൽ കയറി ഡ്രസ്സെല്ലാം ട്രെയിനിൽ നിന്നു വെള്ളമെടുത്ത് കഴുകി ട്രെയിനിൽ തന്നെ വിരിയ്ക്കും. ട്രെയിൻ പോകേണ്ട സ്റ്റേഷനിൽ പോയി മടങ്ങി പുറപ്പെട്ട സ്റ്റേഷനിൽ എത്തുമ്പോൾ ഡ്രസ്സെല്ലാം ഉണങ്ങും. അതെല്ലാം പറക്കി പുറത്തിറങ്ങി ചിലപ്പോൾ ഉറക്കവും അവിടൊക്കെ തന്നെ ആയിരിയ്ക്കും.

ടിക്കറ്റെടുക്കാതിരുന്നാൽ എക്സാമിനർ പിടിയ്ക്കില്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പലപ്പോഴും പിടിച്ചിട്ടുണ്ട്; പക്ഷെ പ്രേമാനന്ദ് കലപിലാ സംസാരിച്ചു തുടങ്ങും. വൃദ്ധനല്ലേ, യാചകനായ ഏതോ വട്ടു കേസാണെന്നൊക്കെ കരുതി എക്സാമിനർമാർ പ്രേമാനന്ദിനോടു തർക്കിച്ച് മടുത്ത് പിന്മാറി പോകുമത്രേ! അല്ലാതെന്തു നിവൃത്തി? അവർക്കു വേറെ പണിയില്ലെ? പിന്നെ കൈയ്യിൽ കാശില്ലാത്തവനു യാത്ര ചെയ്യേണ്ടേ? ശാസ്ത്രം പ്രചരിപ്പിയ്ക്കണ്ടെ? അതു ടിക്കറ്റ് എക്സാമിനർ മാർ ചെയ്യുമോ? ഇങ്ങനെയൊക്കെ ചോദിച്ച് ഉച്ചത്തിൽ ഹാ,ഹാ,ഹാന്ന് ഒരു ചിരിയും! എന്നിട്ട് അടുത്തിരിയ്ക്കുന്നവന്റെ തോളീൽ രണ്ട് തട്ടലും ! അതാണ് കുസൃതിക്കാരൻ കൂടിയായ പ്രേമാനന്ദ് !

ഇന്ത്യയിലും കൈയ്യിൽ കാശില്ലെന്നു കരുതി ഇന്ത്യൻ റെയിൽ വേ ഉള്ളിടത്തോളം തനിയ്ക്കു യാത്ര ചെയ്യാതിരിയ്ക്കാൻ കഴിയില്ലെന്നാണ് പ്രേമാനന്ദിന്റെ ഭാഷ്യം.കൈയ്യിൽ കാശില്ലെങ്കിൽ ടിക്കറ്റെടുക്കണമെന്ന കാര്യത്തിൽ തനിയ്ക്കു പിടിവാശിയൊന്നും ഇല്ലത്രേ! പിന്നെ ഒരു സമ്മേളന സ്ഥലത്തു വച്ചു പറഞ്ഞു ഇന്നും താൻ റെയിൽ വേയെ പറ്റിച്ചുവെന്ന്! അത് എങ്ങനെയെന്നു ചോദിച്ചപ്പോൾ പറയുകയാ‍ണ് താൻ റിട്ടേൺ ടിക്കറ്റെടുത്തിരുന്നു. പക്ഷെ സമ്മേളനം ഇന്നു തീരില്ലല്ലോ; അതുകൊണ്ടു താൻ മടങ്ങി പോകുന്നില്ല. അപ്പോൾ താൻ റെയിൽ വേയെ പറ്റിച്ചിരിയ്ക്കുകയല്ലേ എന്നു ചോദിച്ചിട്ട് പൊട്ടിച്ചിരിയ്ക്കുന്നു. അതെ, ചിലപ്പോൾ അദ്ദേഹം കുട്ടികളെ പോലെയാണ്. എന്നു വച്ച് എപ്പോഴും ടിക്കറ്റെടുക്കാതെ നടക്കുന്ന തട്ടിപ്പുകാരനൊന്നുമല്ല. ഇതൊക്കെ ഓരോ കുസൃതികൾ ഒപ്പിയ്ക്കുന്നതാണ് . പ്രേമാനന്ദെന്ന ശാസ്ത്ര പ്രതിഭയ്ക്കുള്ളിലെ പച്ചയായ മനുഷ്യനെ മനസ്സിലാക്കുവാൻ അദ്ദേഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുവെന്നേയുള്ളു. ഐൻസ്റ്റീൻ അടക്കമുള്ള പ്രശസ്തരായ ശാസ്ത്ര പ്രതിഭാധനൻ മാർക്കൊക്കെ ഇതുപോലെ നിഷ്കളങ്കവും വിചിത്രവുമായ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്നു.

വേറെയും ചില കുസൃതികൾ ഒപ്പിയ്ക്കാറുണ്ടായിരുന്നു, പ്രേമാനന്ദ്. ഒരിയ്ക്കൽ ഏതോ ഒരു സന്യാസിനിയുടെ ആശ്രമത്തിൽ ചെന്നു. സാമിനി എല്ലാവരെയും മകനേ മകളേ മക്കളേ എന്നൊക്കെയാണു വിളിയ്ക്കുന്നത്. സ്വാമിനി പ്രേമാനന്ദിനെയും മകനേ യെന്നു വിളിച്ചു. അദ്ദേഹം വിളിയും കേട്ടു. പക്ഷെ മകനാണെങ്കിൽ പാലു തരണമെന്നായി പ്രേമാനന്ദ്! പാലു കുടിച്ചേ പോകൂ എന്നായപ്പോൾ സ്വാമിനിയുടെ ഗുണ്ടകൾ വന്ന് തൂക്കിയെടുത്ത് വെളിയിലെറിഞ്ഞുവെന്നു പറഞ്ഞിട്ട് അദ്ദേഹം ചിരിയ്ക്കുന്ന ഒരു ചിരിയുണ്ട്. പോക്കിരി തരം ചോദിച്ചിട്ട് അടി കിട്ടിയില്ലേ എന്നു ചോദിച്ചപ്പോൾ കിളവനായ തന്നെ അടിച്ചാൽ താൻ ചാകും. ചത്താൽ പിന്നെ അവർക്കു റിസ്കല്ലേ ? അതുകൊണ്ടാണു തല്ലാതെ വിട്ടതെന്നാണ് പ്രേമാനദിന്റെ വിശദീകരണം.

ഇങ്ങനെ ചില അടികൊള്ളിത്തരങ്ങൾ ഉണ്ടെങ്കിലും പ്രേമാനന്ദ് കൂടെയുണ്ടെങ്കിൽ അടി കൊള്ളാതെ പലയിടത്തു നിന്നും രക്ഷപ്പെടാനും കഴിഞ്ഞിരുന്നു. അടി ഇരിയ്ക്കുന്നിടത്ത് പോയി ചോദിച്ചു വാങ്ങുന്നതിൽ വിരുതന്മാരാണല്ലോ യുക്തിവാദികൾ.(നോക്കണേ എന്നിട്ടും യുക്തിവാദികൾ എന്നാണ് അവർ അറിയപ്പെടുന്നത് !) . യോഗങ്ങളിലെ പ്രസംഗങ്ങളോ ദിവ്യാദ്ഭുത അനാവരണങ്ങളോ മതാന്ധന്മാരിൽ പ്രകോപനങ്ങൾ ഉണ്ടാക്കുമ്പോൾ അക്രമ സജ്ജരായി വരുന്ന അവരെ പ്രേമാനന്ദ് സ്നേഹ പൂർവ്വം തോളിൽ തട്ടി അനുനയിപ്പിച്ച് ശാന്തരാക്കി വിടുന്ന ഒട്ടെറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്രമിയ്ക്കാൻ വന്നവർ തന്നെ അദ്ദേഹത്തിന്റെ കുശലക്കാരായി മാറുന്നതായിരിയ്ക്കും പിന്നെ കാണുക. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചുവയുള്ള മലയാളം ഒരു പ്രത്യേകതരത്തിൽ ആകർഷണീയവും മധുരതരവുമായിരുന്നു.

ഞാൻ ആദ്യമായി പ്രേമാനന്ദിനെ കാണുന്നത് തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ജംഗ്ഷനിൽ ഒരു യുക്തിവാദി സംഘം പൊതുയോഗത്തിൽ ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിയ്ക്കാൻ വന്നപ്പോഴാണ്. അന്നവിടെയുള്ള നാട്ടുകാരിൽ പലരെയും അദ്ദേഹം ഒരു ദിവ്യശക്തിയുമില്ലാതെ അഗ്നിയിൽ കൂടി നടത്തിച്ചു. കോന്നിയിലെ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകിയത്. പിന്നെ തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലും വിവിധ സമ്മേളനങ്ങളിൽ വച്ച് കാണുവാനും സൌഹൃദപ്പെടാനും കഴിഞ്ഞിരുന്നു.

കൂടാതെ ഒരിയ്ക്കൽ എന്റെ നാടായ തട്ടത്തുമലയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ കൊണ്ടുവന്ന് ദിവ്യാദ്ഭുതങ്ങൾ അനാവരണം ചെയ്യിച്ചു. അന്ന് തട്ടത്തുമലയിൽ നനാജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും നേതാക്കളും ഗംഭീരമായ സ്വീകരണം നൽകിയിരുന്നു. മടങ്ങാൻ നേരം പ്രേമാനന്ദിന്റെ കൈപ്പടയ്ക്കും ആട്ടോഗ്രാഫിനും വേണ്ടി ആളുകൾ വളഞ്ഞിരുന്നു. ഒരു വൈകുന്നേരം വന്ന് രാത്രി ഏറെ സമയം വരെ തട്ടത്തുമല ജംഗ്ഷനിൽ ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു.നാട്ടുകാരെ അക്ഷരാർത്ഥത്തിൽ സ്നേഹ സൌഹൃദങ്ങളിലൂടെ അദ്ദേഹം കൈയ്യിലെടുത്തിരുന്നു.

തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ അതുല്യനായ വിപ്ലവകാരിയ്ടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് ഒരിയ്ക്കൽ കൂടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

പിൻ കുറിപ്പ് : ലേഖനം അല്പം നീണ്ടു പോയതിൽ വിഷമമില്ല. ജീവിതം അത്രയേറെ അർത്ഥപൂർണ്ണമാക്കിയ ഒരു മഹാമനുഷ്യൻ മരണപ്പെടുമ്പോൾ ഇങ്ങനെ ഒരു ഓർമ്മക്കുറിപ്പെങ്കിലും എഴുതാതിരിയ്ക്കാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈയ്യുള്ളവനു കഴിയില്ല. ഇത് അക്ഷരങ്ങൾ കൊണ്ട്‌ അദ്ദേഹത്തിനുള്ള എന്റെ പുഷ്പവർഷം!

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, September 9, 2009

ഇതിപ്പോ എന്തൂട്ടം അദ്ധ്യാപകരാ ?

ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?

വീണ്ടും ഒരു അദ്ധ്യാപകദിനം;
അദ്ധ്യാപകർക്കെല്ലാം ആശംസകൾ!

നമ്മുടെ പൊതു വിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അദ്ധ്യാപകർ പലരും പിരിച്ചുവിടൽ ഭീഷണിയിലും. എങ്ങനെ പള്ളിക്കൂടങ്ങൾ പൂട്ടാതിരിയ്ക്കും. എങ്ങനെ സാറന്മാരെ പിരിച്ചു വിടാതിരിയ്ക്കും? അതല്ലേ പഠിപ്പിപ്പ്, അതല്ലേ ആത്മാർഥത, അതല്ലേ അറിവും പൊക്കൊണോം! പഠിപ്പിയ്ക്കാനറിയില്ല. അറിയാമെങ്കിൽതന്നെ പഠിപ്പിയ്ക്കാ‍ൻ വയ്യ. പത്രം പോലും വായിക്കില്ല. ലോകത്ത് എന്തു നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ട്. പള്ളിക്കൂടങ്ങൾ കണ്ടുപിടിച്ചത് തങ്ങൾക്ക് ഉദ്യോഗം നോക്കാൻ വേണ്ടിയാണെന്നാണ് അദ്ധ്യാപകരിൽ പലരും കരുതുന്നത്. അല്ലാതെ കുട്ടികളെ പഠിപ്പിയ്ക്കാനല്ല! പി.റ്റി.എ മുതലായ
ഏർപ്പാടുകളും ഇവർക്കിഷ്ടമല്ല. തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ. കാരണം തങ്ങളുടെ പഠിപ്പിപ്പിന്റെ മെച്ചം അവർക്കാണല്ലോ നന്നായി അറിയാവുന്നത്. സ്വന്തം മക്കളെ സുരക്ഷിതരാക്കിയിട്ട്, പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാൻ മുറവിളി കൂട്ടുന്നു!

പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാനുള്ള കുറുക്കു വഴി ഒന്നേയുള്ളു. നിലവിലുള്ള അദ്ധ്യാപരെ എല്ലാം പിരിച്ചുവിടുക. അവുത്തുങ്ങൾ പറമ്പു കിളയ്ക്കാൻ പോട്ടെ. അതിനാണ് ഇപ്പോൾ ആളില്ലാത്തത്. പകരം കെടി കെട്ടിയ ഇംഗ്ലീസ് മീഡിയം സ്കൂളുകളിലെപോലെ കേവലം പത്താം തരം പാസായവരെയോ പ്ലുസ് ടു കഴിഞ്ഞവരെയോ ഡിഗ്രീ തോറ്റവരേയോ ഒക്കെ ഡെയ് ലീ വേജുകളായി പൊതു വിദ്യാലയങ്ങളിലും നിയമിച്ചാൽ മതി. അവർ നന്നായി പഠിപ്പിച്ചുകൊള്ളും. കാരണം പഠിപ്പിച്ചില്ലെങ്കിൽ ജോലി പോകുമല്ലോ. ഹെഡ്മാസ്റ്ററായും വിദ്യാഭ്യാസമൊന്നും നോക്കാതെ ആമ്പിയറുള്ള ആരെയെങ്കിലും ഡെയ് ലീ വേജുകളായി നിയമിയ്ക്കണം. അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ലോഡിംഗുകാർ ആയാലും മതി. അവർക്കു കുറച്ചെങ്കിലും സാമൂഹ്യ ബോധം ഉണ്ടാകും. തൊഴിൽ സുരക്ഷിതത്വമാണ് അദ്ധ്യാപകരെയും മറ്റു സർക്കാർ ജീവനക്കാരെയും പാഴിക്കളയുന്നത്. ജോലി പോകുമെന്നു പേടിയ്ക്കേണ്ടല്ലോ!

സംഘടിയ്ക്കാനും ആനുകൂല്യങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ബഹുമിടുക്ക്. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും മറ്റും വലിയ വായിൽ വാചാലരാകും. ട്രെയിനിംഗിനു വിളിച്ചാൽ പോകില്ല. പോയാൽതന്നെ ക്ലാസ്സെടുക്കുന്നവരെ പരിഹസിച്ച് ഇരുന്ന് ഉറങ്ങി തള്ളും. പൈസയും വാങ്ങി മടങ്ങും. അറിഞ്ഞുകൂടാത്ത കാര്യങ്ങളൊക്കെ പിള്ളേർക്ക് പ്രോജക്റ്റായും അസൈന്മെന്റായും സെമിനാറായും പദപ്രശ്നമായിട്ടുമൊക്കെ നൽകും. പിള്ളേർ പാരലൽ കോളേജുകാരുടെ കയ്യിൽ കൊണ്ടു കൊടുക്കും ചെയ്തുകൊടുക്കാൻ! അതൊക്കെ ചെയ്തുകൊടുത്ത് പാരലൽ കോളേജ് അദ്ധ്യാപകരുടെ അറീവു വികസിയ്ക്കുന്നു! സ്ക്കൂൾ അദ്ധ്യാപകർ പാരലൽ കോളേജ് അദ്ധ്യാപകരെ കുറ്റം പറയുകയും ചെയ്യും. സ്കൂളുകാർ പാഠപുസ്തകങ്ങളിലെ അന്വേഷിയ്ക്കൂ, കണ്ടുപിടിയ്ക്കൂ എന്നിങ്ങനെയുള്ള ഭാഗങ്ങൾ എടുത്തു കാണിച്ചു കൊടുത്തിട്ട് വീട്ടീൽ കൊണ്ടുപോയി ചെയ്തു കൊണ്ടു വരാൻ പറയും. കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ അപ്പൂപ്പനോടു പോയി ചോദിയ്ക്കാൻ പറയും.

ഒരു പദ്യം പോലും കണാതെ പഠിയ്ക്കാൻ പാടില്ല. കണ്ണുപൊട്ടും. അക്ഷരം പഠിപ്പിയ്ക്കരുത്. അത് മാന്ത്രിക ശക്തികൊണ്ട് അവർ സ്വയം നേടിക്കൊള്ളൂം! അദ്ധ്യാപകരുടെ മക്കളെ അവർ വീട്ടിൽ വച്ച് അക്ഷരങ്ങൾ പഠിപ്പിച്ചുകൊള്ളും. പാവങ്ങൾക്ക് അതു കഴിയില്ലല്ലോ. അവർ അക്ഷരം പഠിയ്ക്കാൻ പാടില്ല. അതുപോലെ പുസ്തകങ്ങളിലാകട്ടെ വിവരങ്ങൾ അപൂർണ്ണമയേ നൽകൂ. വാശിയാ! കുറെ കാര്യങ്ങൾ പഠിയ്ക്കാനാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. അവിടെ ചെല്ലുമ്പോഴോ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ നൽകി ഞെട്ടിയ്ക്കുന്നു. അല്ലേ സ്വയം അന്വേഷിച്ചു കണ്ടു പിടിയ്ക്കാനാണെങ്കിൽ പിന്നെ സ്ക്കൂളിൽ പോകുന്നതെന്തിന്? വല്ല പാട്ടയും പറക്കി ജീവിച്ചാൽ പോരേ?

ജി.എസ്.റ്റി.യുക്കാരുടെ കാര്യം പോകട്ടെ. ആ കെ.എസ്.റ്റി എ ക്കാരെങ്കിലും സ്വന്തം മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചെർക്കുന്നത് വിലക്കരുതോ? അങ്ങനെയുള്ളവർക്ക് മെംബെർ ഷിപ്പ് നിഷേധിയ്ക്കാമോ? എവിട! ചില കെ.എസ്.റ്റി. എക്കാരുടെ നടപ്പും ഭാവവും കണ്ടാൽ വിദ്യാഭ്യാസം കണ്ടുപിടിച്ചതേ അവരാണെന്നു തോന്നും. എന്തിനു്, സി.പി.എമ്മിന്റെ ലോക്കൽ നേതാക്കളെ പോലും എടുക്കാത്ത പൈസയിൽ നോക്കുന്നതു പോലെയാണ് അവരിൽ പലരും നോക്കുന്നത്. കാരണം മാർക്സിസവും ലെനിനിസവും ഒക്കെ അവർക്കല്ലെ അറിയൂ. അവരുടെയും നമ്മുടെ എൻ.ജി.ഓ മാരുടെയും ഒക്കെ ശമ്പളം, കൈക്കൂലി മറ്റാനുകൂല്യങ്ങൾ, സ്ഥലം മാറ്റം മുതലായവയുടെ കാര്യം കൈകാര്യം ചെയ്യാനല്ലേ മാർക്സിസവും ലെനിനിസവും ഒക്കെ ഉദ്ഭവിച്ചത്. അതൊന്നും ശരിയ്ക്കു നടന്നില്ലെങ്കിൽ വോട്ടും ചിലപ്പോൾ എതിർ പാർട്ടിയ്ക്കു കൊടുക്കും. അതാണു സംഘടനാബോധം! വർഗ്ഗബോധം.

മാർക്സിസ്റ്റു വിരുദ്ധ അദ്ധ്യാപകർക്കാണെങ്കിൽ പിന്നെ ഇടതുപക്ഷം എന്തു നടപ്പിലാക്കുന്നോ അതൊക്കെ എതിർത്ത് സായൂജ്യരായിക്കൊണ്ടിരുന്നാൽ മതി. സമരമൊക്കെ കെ.എസ്,റ്റി.എ കാരും എൻ.ജി.ഓ യൂണിയൻ കാരും നടത്തി എല്ലാം നേടി കൊടുത്തു കൊള്ളും. തങ്ങൾ ചുമ്മാ അവരുടെ സമരങ്ങളെയൊക്കെ എതിർത്ത് രാഷ്ട്രീയ കൂറ് കാണിച്ചുകൊണ്ടിരുന്നാൽ മതി. വല്ലപ്പോഴും രണ്ടു തല്ലുംകൂടി അവരിൽ നിന്നും വാങ്ങാൻ കഴിഞ്ഞാൽ കൃതാർത്ഥരുമായി. എല്ലാം വേണം. പക്ഷെ മെയ്യനങ്ങരുത്. അവർക്കും ജോലി ചെയ്യാതെ എങ്ങനെ കായികളു വാങ്ങാം എന്ന ഗവേഷണത്തിൽ കഷി രാഷ്ട്രീയ ഭേദമൊന്നും ഇല്ല. അക്കാര്യത്തിൽ സഹകരണം തന്നെ!

ഇംഗ്ലീഷ് അറിയാതിരുന്നാൽ ഭാവി പോകും എന്നു കരുതിയാണല്ലോ രക്ഷകർത്താക്കൾ (കാശിന്റെ കൊഴുപ്പുകൊണ്ട്) കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. പണ്ടൊക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിയ്ക്കുന്ന കുട്ടികൾ ഇംഗ്ലീഷൊക്കെ സംസാരിക്കുമായിരുന്നു. ഇന്ന് വ്യാപകമായി നാടുനീളെ മുളച്ചു പൊങ്ങുന്ന വിദ്യാഭ്യാസ “കടകളിൽ” നിന്നും വിദ്യാഭ്യാസം വിലയ്ക്കുവാങ്ങുന്നവർക്ക് വേണ്ടത്ര നിലവാരമൊന്നും കിട്ടുന്നില്ല എന്നതാണു സത്യം. എന്നാലും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിയ്ക്കുന്നത് ഒരു ഫാഷനാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളിൽ ചിലയിടത്തൊക്കെ ഇംഗ്ലീഷ് മീഡിയം തുടങ്ങി പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ പലയിടത്തും അദ്ധ്യാപകർതന്നെ അതിനു പാരപണിയുന്നുണ്ട്. മലയാളത്തിൽ തന്നെ പഠിപ്പിയ്ക്കാൻ പറ്റുന്നില്ല. പിന്നേയല്ലേ ഇംഗ്ലീഷ് !

ഇംഗ്ലീഷ് ഇന്നത്തെ കാലത്ത് അറിയേണ്ടത് ആവശ്യം തന്നെ. എന്നാൽ അത് മലയാളത്തെ അവഗണിച്ചു കൊണ്ടാകരുതെന്നേയുള്ളു. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രിവരെ പഠിച്ചാൽ പോലും ഇംഗ്ലീഷിൽ ഒരു വാചകം സ്വന്തമായി എഴുതാനോ അത്യാവശ്യം സംസാരിയ്ക്കാനോ കഴിയാതെ പോകുന്നുണ്ട്. അതു നമ്മുടെ സിലബസിന്റെയും അദ്ധ്യാപന രീതിയുടെയും കുഴപ്പമാണ്. പാഠ്യപദ്ധതികൾ പലവുരു മാറി മറിഞ്ഞു വന്നിട്ടും ഇതിനു പരിഹാരമുണ്ടായില്ല. തീർച്ചയായും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് പത്താം തരം കഴിയുമ്പോൾ നല്ല നിലവാരം ഉണ്ടാകുമെന്നു വന്നാൽ കുറച്ചൊക്കെ ഇംഗ്ലീഷ് മീഡിയം ട്രെന്റ് കുറഞ്ഞു കിട്ടും. പിന്നെ മലയാളം മീഡിയത്തിനു ഗമയില്ലെന്നു കരുതി ഇംഗ്ലീഷ് മീഡിയത്തിൽ വിടുന്ന പൊങ്ങച്ചക്കാർ പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കില്ല. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരിൽ ചിലർ അടക്കം.

മലയാളത്തോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളെങ്കിലും ഒരു വിധം ഭംഗിയായി കൈകാര്യം ചെയ്യാൻ പത്തം ക്ലാസ്സു കഴിയുമ്പോഴെങ്കിലും കുട്ടികൾക്കു കഴിയണം. അതുപോലെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, സ്റ്റേറ്റ് സിലബസ്, സെൻട്രൽ സിലബസ് തുടങ്ങിയ തരം തിരിവുകളൊക്കെ നിയമം മൂലം എടുത്തുകളയണം. എട്ടാം ക്ലാസ്സുമുതൽ സയൻസ് വിഷയങ്ങൾ മാത്രം ഇംഗ്ലീഷിൽ പഠിപ്പിയ്ക്കണം. പരീക്ഷയ്ക്കു ഇംഗ്ലീഷിലോ മാതൃ ഭാഷയിലോ ഉത്തരം എഴുതാൻ അവസരം നൽകണം. അപ്പോൾ നിലവാരം ഉയർന്ന കുട്ടികൾക്കും അല്ലാത്തവർക്കും പ്രശ്നം ഉണ്ടാകില്ല. മറ്റു വിഷയങ്ങളൊക്കെ പ്ലുസ് ടു വരെയും മലയാളത്തിൽ പഠിപ്പിച്ചാൽ മതി. അതിനു മുകളിലോട്ടു ഇംഗ്ലീഷിലും മാതൃ ഭാഷയിലും ഉത്തരമെഴുതാൻ പാകത്തിൽ പാഠ്യ പദ്ധതികൾ ക്രമീകരിയ്ക്കണം. എന്നാൽ സയൻസു വിഷയങ്ങൾ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ടാം തരം മുതൽ മുകളിലോട്ട് ഇംഗ്ലീഷിൽ ആക്കണം.

അതുപോലെ പരീക്ഷകളിൽ തോൽ വി എന്ന സമ്പ്രദായം എടുത്തു കളയണം. അർഹമായ ഗ്രേഡുകൾ നൽകിയാൽ മതി. ഡി പ്ലുസിൽ താഴെയുള്ള ഗ്രേഡുകൾ ആവശ്യമില്ല. പത്തും പന്ത്രണ്ടും കൊല്ലം പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ അറിവുകളും അനുഭവങ്ങളും നേടുന്നുണ്ട്. അതിനാൽ തോൽക്കുന്ന ഗ്രേഡ് ആവശ്യമില്ല. എല്ലാവരെയും ജയിപ്പിയ്ക്കണം. പുതിയ പാഠ്യ പദ്ധതിയുടെ കാഷ്ചപ്പാടൊക്കെ നല്ലതുതന്നെ. ചില പാഠങ്ങളും സാമൂഹ്യ ബോധം ഉൾക്കൊള്ളുന്നവയാണ്. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ പഠന ഭാരം പണ്ടത്തേതിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. എന്നാൽ മതിയായ നിലവാരവും ഇല്ല. ഇനിയും പാഠ്യപദ്ധതികൾ പുന:പരിശോധിയ്ക്കണം.

ഇനി അദ്ധ്യാപകരെ പറ്റി മറ്റു ചിലത്. ഇന്നത്തെ അദ്ധ്യാപകരെ അദ്ധ്യാപകർ എന്നു വിളിയ്ക്കുന്നതിൽ യാതൊരർഥവും ഇല്ല. പണ്ടൊക്കെ അദ്ധ്യാപകൻ എന്നു പറഞ്ഞാൽ കുട്ടികൾ മാത്രമല്ല, നാടാകെ ബഹുമാനിയ്ക്കുന്ന മാതൃകാ വ്യക്തിത്വങ്ങളായിരുന്നു. വേഷം കൊണ്ടും പെരുമാറ്റം കൊണ്ടും പോലും അവർ തിരിച്ചറിയപ്പെട്ടിരുന്നു. ഇന്നോ. ചുരിദാറും ഇട്ട് അണിഞ്ഞൊരുങ്ങാൻ മാത്രം വരുന്ന ടീച്ചർമാർ; ടീഷർട്ടും (സാക്ഷാൽ ബനിയൻ തന്നെ ഇത്) ഇട്ട് മുപ്പത്താറു പോക്കറ്റും വച്ച് കാച്ചിലു വള്ളികളും പടർത്തി ചെളിയിൽ കുഴച്ചെടുത്തതു പോലുള്ള പാന്റ്സും ധരിച്ച് വരുന്ന ആൺ അദ്ധ്യാപകരെ കണ്ടാൽ കുട്ടിയാണോ അദ്ധ്യാപകനാണോ എന്ന് തിരിച്ചറിയാൻ ആകില്ല. . നമ്മുടെ നാട്ടിൽ ചുരിദാർ ഇട്ട് പഠിപ്പിയ്ക്കാൻ ആദ്യമായി അവസരം നൽകിയ മഹാവിപ്ലവകാരിയാകുന്നു ഈ ഞാൻ! പക്ഷെ ചുരിദാർ ഇടുന്ന റ്റീച്ചർമാരെ കുട്ടികൾ സാറെ എന്നല്ല, ചേച്ചീ എന്നേ വിളിയ്ക്കുന്നുള്ളൂ.

കുട്ടികളെക്കാൾ മോഡേൺ വേഷം ധരിച്ചെത്തുന്ന അദ്ധ്യാപകന്മാരുമായി ഇന്നത്തെ കുട്ടികൾ അളിയാ മച്ചു ബന്ധത്തിലാണ്. കാലം പോകുന്ന പോക്കെ. വൈകുന്നേരം ബിവറേജസിന്റെ മുൻപിൽ ചെന്ന് ക്യൂ നിൽക്കുന്ന അദ്ധ്യപകനോട് അവിടെയെത്തുന്ന കുട്ടി കാശു കൊടുത്തിട്ടു പറയും “സാറെ ഒരു പയന്റും കൂടി ഇങ്ങെടുത്തു തരാൻ“! അദ്ധ്യാപകരുടെ സകല വിലയും കളഞ്ഞു കുളിയ്ക്കുന്ന ഇവറ്റകളെ അദ്ധ്യാപകർ എന്നല്ല മദ്യാപകർ എന്നാണു വിളിയ്ക്കേണ്ടത്. ചില ചെറുപ്പക്കാരായ അദ്ധ്യാപകരാണെങ്കിൽ റൊമാന്റിക് ഹീറോകളും കൂടിയാണ്. പകൽ പഠിപ്പിയ്ക്കും. തരം കിട്ടിയാൽ പഞ്ച്ചാരയടിയ്ക്കും. വീട്ടിൽചെന്നിട്ടു കുട്ടികളെ ഫോൺ വിളിയ്ക്കും. വീട്ടുകാർ വിചാരിയ്ക്കും സംശയങ്ങൾ പറഞ്ഞു കൊടുക്കുകയാണെന്ന്. ശരിയാണ്. മറ്റു ചില സംശയങ്ങളാണ് അവർ തീർത്തുകൊടുക്കുന്നത്!

ചില സ്കൂളുകളിൽ അദ്ധ്യാപകർക്കും യൂണിഫോം ഉണ്ട്. അത് വ്യാപകമാക്കേണ്ടിയിരിയ്ക്കുന്നു. ഇനിയും ചില പെണ്ണു സാറന്മാർ സാരിയും ഉടുത്തു വന്നാലും പ്രശ്നമാണ്. ചില പ്രകോപനപരമായ ഉടുപ്പുകളായിരിയ്ക്കും പിന്നെ ഉടുത്തോണ്ടു വരിക. അത് സഹാദ്ധ്യാപകരുടെയും മറ്റു കാഴ്ചക്കാരെരുടെയും മാത്രമല്ല, മുതിർന്ന ക്ലാസ്സുകളിലാണെങ്കിൽ ആൺകുട്ടികളുടെ കൂടി മനോനില അവതാളത്തിലാക്കും. ആൺകുട്ടികൾക്കു ചുമ്മാ ഗുരുപാപം ഉണ്ടാക്കിക്കൊടുക്കാൻ അതിടയാക്കും.ഒക്കെ പ്രശ്നങ്ങളാ! സൌകര്യം നോക്കിയാൽ പിന്നെ ചുരിദാറും പാന്റ്സും ഒക്കെ തന്നെ നല്ലതെന്നു ഇഷ്ടമില്ലാതെ സമ്മതിയ്ക്കെണ്ടിയും വരുന്നു. എന്താ ചെയ്ക!

ഇടയ്ക്ക് ഞാൻ അദ്ധ്യാപപകരെക്കുറിച്ച് പറയുന്ന ഈ കുടിയപരാധങ്ങൾ സ്കൂളു തൊട്ടു കോളേജു- പ്രൊഫഷണൽ കോളെജ്- പാരലൽ കൊളേജ് തുടങ്ങി എല്ലാ മേഖലകളിലെ അദ്ധ്യാപകരെയും മനസ്സിൽ വച്ചു കൊണ്ടു തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിയ്ക്കട്ടെ. അദ്ധ്യാപനവൃത്തി ഏറ്റവും ഇഷ്ടപ്പെടുന്ന, വർഷങ്ങളായി അദ്ധ്യാപനം സേവനവും കച്ചവടവും ആക്കിയ ഒരാൾ മാത്രമല്ല ഇതെഴുതുന്ന ഞാൻ എന്ന ഈ അദ്ധ്യാപക- വിരോധി. സ്വന്തം നാടിനും നാ‍ട്ടുകാർക്കും വേണ്ടി ജീവിതത്തിന്റെ നല്ല പങ്കും ഉഴിഞ്ഞുവച്ച സർവ്വാദരണീയനായ ഒരു മാതൃകാദ്ധ്യാപകന്റെ മകനുമാണ്. ആ ഒരു കൊച്ചു ജോലി കൊണ്ട് സംതൃപ്തിയോടെ ജീവിച്ച ദരിദ്ര കുടുംബാംഗമാണ്! അതുകൊണ്ടുതന്നെ കാലം മാറിയെന്നു കരുതി അദ്ധ്യാപകർ നിലയും വിലയും വിടരുതെന്ന് ആഗ്രഹിയ്ക്കുന്നത്. അധ്യാപകർ കുട്ടികളാൽ ഏറെ അനുകരിയ്ക്കപ്പെടുന്നവരാണ്. അവർ കുട്ടികൾക്ക് കുറച്ചൊക്കെ മാതൃകയായിരിയ്ക്കണം. ഒന്നുമില്ലെങ്കിലും തെറ്റു ചെയ്യുന്നത് മറ്റാരും അറിയാതെയെങ്കിലും സൂക്ഷിയ്ക്കണം. കുറച്ചൊക്കെ സാമൂഹ്യപ്രതിബദ്ധത വേണം. വെറും ഉപജീവനോപാധി എന്നതിനപ്പുറം സർക്കാർ ജോലികൾ സാമൂഹ്യസേവത്തിനുള്ള അവസരമായി കണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം. അദ്ധ്യാപകർ ആയാലും മറ്റ് ഉദ്യോഗസ്ഥർ ആയലും.

ഈയിടെ ഒരു സ്കൂൾ ഹെഡ്മിസ് ട്രസുമായി ഒന്നു സംസാരിയ്ക്കേണ്ടി വന്നു (ഇടയേണ്ടി വന്നു ) . അപ്പോഴാണ് മനസിലായത് ചന്തയിൽ മീൻ വിൽക്കുന്ന പാവം പെണ്ണുങ്ങൾ എത്ര നല്ല സംസ്കാരം ഉള്ളവരാണെന്ന്. അത് വർഷങ്ങളായി പിള്ളേരെ പഠിപ്പിയ്ക്കുന്ന ഒരു ഹെഡ്മിസ്ട്രസിന് ഇല്ലാതെ പോയി. അത് ഞാൻ സാന്ദർഭികമായി ഇപ്പോൾ ഓർത്തെന്നേയുള്ളു. മറ്റു പല അനുഭവങ്ങളും ഉണ്ട്. അതൊന്നുമിവിടെ വിളമ്പുന്നില്ല. പണ്ടത്തെ അദ്ധ്യാപകരെ പറയിക്കാനുണ്ടായ ഇന്നത്തെ അദ്ധ്യാപകരിൽ ഒരു വിഭാഗത്തിനെതിരെ ഇത്തിരി രോഷപ്പെടണമെന്നു കരുതിയെന്നേയുള്ളു. ഈ ഒരു വിഭാഗം എന്നു പറഞ്ഞാൽ തൊണ്ണൂറ്റഞ്ചു ശതമാനത്തിൽ കുറച്ചു കളഞ്ഞ് അവരുടെ മൃഗീയ ഭൂരിപക്ഷത്തെ തരം താഴ്ത്തരുത്! ഒരു അഞ്ചു ശതമാനമേ വരൂ നല്ല അദ്ധ്യാപകർ. അവർ പക്ഷെ സമ്പൂർണ്ണമായും നല്ല അദ്ധ്യാപകർ തന്നെ. അവരെ ഞാൻ ബഹുമാനിയ്ക്കും. ബഹുമാനിച്ചിട്ടുമുണ്ട്. അവർ പഠിപ്പിച്ച കുട്ടികൾ എന്നും അവരെ ഓർക്കും.അല്ലാത്തവർ വിസ്മരിയ്ക്കപ്പെടും.

ഇനി ഒന്നു ഞാൻ പറയാമല്ലോ. എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് നല്ലവരായ എന്റെ ചില സ്കൂൾ അദ്ധ്യാപകർ ആ‍ായിരുന്നു. അവരെ ഞാൻ ഇന്നും ബഹുമാനിയ്ക്കുന്നു. എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തിയ എന്റെ പല കഴിവുകളും (എന്തു കഴിവ്? ചുമ്മാ) കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച നല്ല അദ്ധ്യാപകർ. ഇന്ന് ഞാൻ ഈ താന്തോന്നിത്തം എഴുതുന്നതിനുള്ള അക്ഷര ജ്ഞാനം പോലും അവരിൽ നിന്നു കിട്ടിയതാണ്. അവരുടെ പ്രോത്സാഹനം ആണ്. അക്ഷരത്തെറ്റ് അധികം വരാതെ ഒരു പള്ളെങ്കിലുമെഴുതാനും പറയാനും കഴിയുന്നത് വലിയ കാര്യം തന്നെ! എന്റെ സ്കൂൾ അദ്ധ്യാപകരിൽ ചിലർ എന്നെ വേണ്ടവിധം അന്നു ഗൌനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ നല്ലൊരു സാമൂഹ്യ വിരുദ്ധനായി പോയേനെ (അതായത് ഇന്നത്തേക്കാൾ വലിയ സാമൂഹ്യ വിരുദ്ധൻ)! അങ്ങനെയുള്ള നല്ലനല്ല അദ്ധ്യാപകർ-ട്യൂട്ടൊറിയൽ കോളേജ് അദ്ധ്യാപകർ അടക്കമുള്ളവർക്ക് ഇന്നത്തെ അദ്ധ്യാപകരിൽ നല്ലൊരു പങ്കും അപമാനമാണ്.

ഇങ്ങനെയൊക്കെ എഴുതിയെന്നു വച്ച് ഞാൻ അദ്ധ്യാപക വിരോധിയൊന്നും അല്ല കേട്ടോ! ഇനി എന്നെങ്കിലും ഒരു പക്ഷെ വിവാഹം തന്നെ കഴിയ്ക്കേണ്ടിവന്നാൽ അതും ഒരു ടീച്ചറായാൽ കൊള്ളാമെന്നും, മരിയ്ക്കുമ്പോഴും ആരെയെങ്കിലും പഠിപ്പിച്ചു കൊണ്ട് മരിയ്ക്കാൻ കഴിയണേ എന്നുമാണ് ഇല്ലത്ത ദൈവത്തോട് ഈയുള്ളവന്റെ പ്രർത്ഥന. ഈ ഉള്ളവൻ ഒരു മൂരാച്ചിയാണെന്നു കരുതിയാലും വേണ്ടില്ല. എന്റെ പിതാശ്രീയടക്കം ഒരുപാട് മാതൃകാദ്ധ്യാപകർക്ക് ജന്മം നൽകിയ എന്റെ ചുറ്റുവട്ടത്തിരുന്ന് ഇന്നത്തെ അദ്ധ്യാപക സമൂഹത്തിന്റെ സ്വഭാവ രീതികൾ കാണുമ്പോൾ സത്യമാ‍യും എനിക്കു തീരെ പിടിയ്ക്കുന്നില്ലെന്നു പറഞ്ഞുവച്ചുകൊണ്ടും, ഇത്രയും എഴുതി സായൂജ്യമടയുന്നതായി പ്രഖ്യാപിച്ചുകൊണ്ടും ചുരുക്കുന്നു.. ഈ എഴുതിയത് ഇന്നും അദ്ധ്യാപനത്തെ പവിത്രമായി കാണുന്ന അദ്ധ്യാപകരെയും മറ്റും വേദനിപ്പിയ്ക്കാതിരിയ്ക്കട്ടെ. മറ്റു പണിയൊന്നുമില്ലാതിരിയ്ക്കുന്നവർക്ക് ഇങ്ങനെയൊക്കെ എഴുതാൻ തോന്നുന്നതു സ്വാഭാവികം മാത്രം!

Tuesday, August 18, 2009

സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ


ലേഖനം

സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ
എന്താണു സ്വാതന്ത്ര്യം?


സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.

ചില നിർവ്വചനങ്ങൾ

'ഗവർണ്മെന്റിന്റെ അവിഹിതാധികാരത്തിന് എതിയായത് എന്തോ അതാണു സ്വാതന്ത്ര്യം' എന്ന് സീലി എന്ന രാഷ്ട്രീയ ചിന്തകൻ നിർവ്വചിച്ചു. സ്വാതന്ത്ര്യം ആധുനിക രാഷ്ട്രത്തിൽ' എന്ന ഗ്രന്ഥത്തിൽ ലാസ്കി എന്ന രാഷ്ട്രീയ ചിന്തകൻ പറയുന്നത് ആധുനിക നാഗരികതയിൽ വ്യക്തികൾക്ക് സൌഭാഗ്യം ഉറപ്പുനൽകുന്ന അവശ്യ സാമൂഹ്യാവസ്ഥകളുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയാണു സ്വാതന്ത്ര്യം' എന്നാണ്. ഗ്രാമർ ഒഫ് പൊളിറ്റിക്സ്എന്ന തന്റെ ഗ്രന്ധത്തിൽ ലാസ്കി തന്നെ പറയുന്നത് സ്വാതന്ത്ര്യം എന്നാൽമനുഷ്യർക്ക് അവരുടെ വ്യക്തിത്വം നന്നായി പരിപാലിയ്ക്കാനുപകരിയ്ക്കുന്ന അന്തരീക്ഷം സംരക്ഷിയ്ക്കപ്പെടുന്ന അവസ്ഥഎന്നാണ്. എന്നാ‍ൽ മക്ക്നി എന്ന മറ്റൊരു രാഷ്ട്രീയ ചിന്തകൻ സ്വാതന്ത്ര്യത്തെ നിർവ്വചിച്ചിരിയ്ക്കുന്നത്നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥ എന്നതിനെക്കാൾ വിവേക രഹിതം ആയവയ്ക്കു പകരം വിവേകപൂർവ്വകമായ നിയന്ത്രണങ്ങൾ ഉണ്ടാകുന്ന അവസ്ഥഎന്നാണ്.

മേൽചൊന്ന നിർവ്വചനങ്ങളിൽനിന്ന് സ്വാതന്ത്ര്യം എന്നതിനു രണ്ടു വശങ്ങൾ ഉണ്ടെന്നു കാണാം. ഒന്നു സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മകമായ വശം (Negative Aspect)) . മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ വശം (Positive Aspect) മേല്പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം സ്വാതന്ത്ര്യത്തിന്റെ നിഷേധാത്മക വശത്തിനാണ്, നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയ്ക്കാണു പ്രാധാന്യം നൽകുന്നത്. പിന്നത്തെ രണ്ടു നിർവ്വചനങ്ങൾ അതിന്റെ ക്രിയാത്മക വശങ്ങൾ ലഭ്യമാകുന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകുന്നു.

സ്റ്റേറ്റിന്റെ അവിഹിതമായ ഇടപെടലുകളിൽനിന്നും രക്ഷപ്പെടാൻ നമുക്കു സ്വാതന്ത്ര്യം കൂടിയേ തീരൂ എന്നു നിഷേധാത്മക വശം വിവക്ഷിയ്ക്കുന്നു. അന്യർ തടസ്സം ചെയ്യാതെ തനിയ്ക്കിഷ്ടമുള്ളതെന്തും ചെയ്യാൻ സൌകര്യമുള്ള ഒരു മേഖല ലഭ്യമാക്കുക എന്നതാണ് ഇതിനർത്ഥം. എന്നാൽ ക്രിയാത്മകമായ വശം മനുഷ്യന്റെ പ്രവൃത്തികൾക്ക് അന്യായമായ നിയന്ത്രണങ്ങളും നിരോധനങ്ങളും വഴി തടസം സൃഷ്ടിയ്ക്കാത്ത അവസ്ഥയല്ല സ്വാതന്ത്ര്യം എന്നും, സ്വാതന്ത്ര്യം പരിരക്ഷിയ്ക്കുവാൻ നിയമം ആവശ്യമാണെന്നും ആണ് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഭിന്ന രൂപങ്ങൾ

സ്വാതന്ത്ര്യത്തെ പ്രധാനമായും അഞ്ച് ഇനമായി തിരിയ്ക്കാറുണ്ട്. സ്വാഭാവിക സ്വാതന്ത്ര്യം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ദേശീയ സ്വാതന്ത്ര്യം. ഇവിടെ നമുക്കു ചർച്ച ചെയ്യാനുള്ളതു ദേശീയ സ്വാതന്ത്ര്യം ആണെങ്കിലും മറ്റുള്ളവയെക്കുറിച്ച് സാമാന്യേന മനസ്സിലാക്കിയിട്ട് നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം.

സ്വാഭാവിക സ്വാതന്ത്ര്യം (Natural Liberty)

ഒരു മനുഷ്യനു തന്നിഷ്ടപ്രകാരം ജീവിയ്ക്കുവാനുള്ള സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം. അതായത് ഒരുവന് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം. അത്തരം സ്വാതന്ത്ര്യം കൂട്ടക്കുഴപ്പങ്ങളിലേയ്ക്കായിരിയ്ക്കും നയിക്കുക. അക്രമങ്ങൾക്ക് അത് കാരണമാകും എന്നതിൽ സംശയമില്ല. ഒപ്പം കയ്യൂക്കുള്ളവൻ കാര്യക്കാരനും ആകും. അനിയന്ത്രിതമായ സ്വാതന്ത്ര്യം എല്ലാവർക്കും ആസ്വദിയ്ക്കാനാകില്ല. ഒരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യം മറ്റൊരുവന്റെ സ്വാഭാവിക സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടും. ഈ സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യം ആവുകയില്ല. എന്തും ചെയ്യാനുള്ള ലൈസൻസായി മാറും ഇത്തരം അനിയന്ത്രിത സ്വാതന്ത്ര്യം. സമൂഹമോ രാഷ്ട്രമോ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സ്വാതന്ത്ര്യം നില നിന്നിരിയ്ക്കാം. പക്ഷെ ആ‍ാധുനിക സമൂഹത്തിൽ ഇതു സാധ്യമല്ലതന്നെ.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്. യുക്തിസഹജമായ കാഴ്ചപ്പാടിൽ നോക്കിയാൽ പ്രകൃതി എല്ലാ മനുഷ്യർക്കും നൽകുന്ന സ്വാതന്ത്ര്യമാണ് സ്വാഭാവിക സ്വാതന്ത്ര്യം എന്നു കാണാം. സമൂഹത്തിൽ എല്ലാവരും തുല്യരാണ്. സ്ഥാനവലിപ്പത്തിന്റെ പേരിൽ ആരെയും മുതലെടുക്കുവാൻ അനുവദിച്ചുകൂടാ, വേറെ ആർക്കും ഇല്ലാത്ത അവകാശം (Special Priviliges) ഒരാൾക്കു മാത്രം അനുവദിച്ചുകൂടാ എന്നൊക്കെയാണ് ഇതിന്റെ അർത്ഥം.

പൌരസ്വാതന്ത്ര്യം (Civil Liberty)

നിയമപരമായ അംഗീകാരം ഉള്ളതും ഗവർണ്മെന്റിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു പരിരക്ഷിയ്ക്കപ്പെടുന്നതുമായ അവകാശങ്ങളുടെ ആകെത്തുകയാണ് പൌരസ്വാതന്ത്ര്യം. ഇതു രാഷ്ട്രം നിർമ്മിയ്ക്കുന്നതും പൌരന്മാർക്കുവേണ്ടി സംരക്ഷിയ്ക്കുന്നതുമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്. അവകാ‍ശങ്ങൾ ഉറപ്പുനൽകുന്ന നിയമം പൌരന്മാർക്കു സംരക്ഷണവും ഉറപ്പു നൽകുന്നു.

പരമപ്രധാനമായ ചില അംഗീകൃതാവകാശങ്ങളാണ് :

1.ജീവിയ്ക്കാനും വ്യക്തി സ്വാതന്ത്ര്യം പുലർത്തുവാനുമുള്ള അവകാശം, 2.സല്പേരു സമ്പാദിയ്ക്കുവാനുള്ള അവകാശം, 3. മതസ്വാതന്ത്ര്യം, 4.സംഘം ചേരാനും അഭിപ്രായം പ്രകടിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം, 5.സംഘടനകളും യൂണിയനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, 6.സഞ്ചാരസ്വാതന്ത്ര്യം, 7.കുടുംബജീവിത സ്വാതന്ത്ര്യം, 8.ഉടമ്പടികൾ ഉണ്ടാക്കുവാനുള്ള അവകാശം, 9.സ്വത്തു സമ്പാദിയ്ക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ.

എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇപ്പറഞ്ഞ അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതുനന്മ, ക്രമസമാധാനം, അന്തസ്സ്, മാന്യത, സന്മാർഗ്ഗബോധം, കോടതി അലക്ഷ്യം തുടങ്ങിയവയുടെ പേരിൽ ഈ അവകാശങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാൻ സ്റ്റേറ്റിനു കഴിയും.

രാഷ്ട്രീയസ്വാ‍തന്ത്ര്യം (Political Liberty)

രാഷ്ട്രകാര്യങ്ങളിൽ സജീവമായിരിക്കാനുള്ള ശക്തിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നു ലാസ്കി പറയുന്നു. ജനഹിതമനുസരിച്ച് ഭരണം നടത്തുമ്പോഴേ ഇതു സാധ്യമാകൂ.തന്മൂലം ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമാ‍ണു പരമാവധി രാഷ്ട്രീയസ്വാ‍തന്ത്ര്യം കണ്ടെത്താനാകുക. അപ്പോൾ രാഷ്ട്രീയസ്വാതന്ത്ര്യം എന്നാൽ ജനാധിപത്യം എന്നർത്ഥം. പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശങ്ങളാണ് 1.വോട്ടു ചെയ്യാനുള്ള അവകാശം, 2. സ്ഥാനാർത്ഥിയായി നിൽക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം, 3.പൊതുവായ ഉദ്യോഗമെന്തെങ്കിലും വഹിയ്ക്കാനുള്ള അവകാശം, 4. രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിയ്ക്കാനും, ഗവർണ്മെന്റിനെ വിമർശിയ്ക്കാനുമുള്ള അവകാശം എന്നിവ.

സാമ്പത്തിക സ്വാതന്ത്ര്യം (Economics Liberty)

രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നോടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുണ്ട്. പട്ടിണി, വിശപ്പ്, അനാഥാവസ്ഥ എന്നിവ ജനങ്ങളെ തുറിച്ചു നോക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പൊള്ളയാണ്. അർത്ഥശൂന്യമാണ്. അവശ്യ സാധനങ്ങൾ കിട്ടാതെയും തൊഴിലില്ലാതെയും മനുഷ്യൻ ക്ലേശിയ്ക്കുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നിരർത്ഥകമായി ഭവിയ്ക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ സുരക്ഷിതത്വവും ‘അന്നന്നയപ്പം’ കണ്ടെത്താനുള്ള ന്യായമായ സൌകര്യങ്ങളും എന്നാണർത്ഥം. ആവശ്യങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽനിന്നും ഉള്ള മോചനമാണത്. സ്വതന്ത്ര സമൂഹത്തിന്റെ നട്ടെല്ലാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുറെപ്പേരുടെ മാത്രം സമൃദ്ധി എന്നതിനു പകരം എല്ലാവർക്കും മതിയാകുന്നത് ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം വയ്ക്കേണ്ടത്.

ദേശീയ സ്വാതന്ത്ര്യം (National Liberty)


ഇനിയാണു നാം നമ്മുടെ വിഷയത്തിലേയ്ക്കു വരുന്നത്`. സ്വാതന്ത്ര്യം എന്നപദം രാഷ്ട്രങ്ങൾക്കുംവ്യക്തികൾക്കും വഴങ്ങും. ഇതുവരെ പറഞ്ഞതു രാഷ്ട്രത്തിലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണെങ്കിൽ ഇവിടെ രാഷ്ട്രത്തിന്റെ തന്നെ സ്വാതന്ത്ര്യത്തെ പറ്റിയാണ് പരാമർശിയ്ക്കുന്നത്. ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരുവൻ കടന്നു കയറുന്നതു പോലെ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു മേൽ മറ്റൊരു രാഷ്ട്രം കടന്നുകയറുന്നതും. ആഭ്യന്തരസ്വാതന്ത്ര്യം ഉണ്ടായിരിയ്ക്കുകയും, യാതൊരുവിധ വിദേശ നിയന്ത്രണത്തിനും വിധേയമാകാതിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രം സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാം.

ജനങ്ങൾ സ്വതന്ത്രരും പരമാധികാരികളുമായിരിയ്കുന്ന, അവർക്ക് അവരുടേതായ ഗവർണ്മെന്റുള്ള രാഷ്ട്രമാണ് സ്വതന്ത്ര രാഷ്ട്രം. ഒരു രാജ്യം പരിപൂർണ്ണ പരമാധികാര പദവി നേടുമ്പോഴാണ് അത് ദേശീയ സ്വാതന്ത്ര്യം ഉള്ളതായിത്തീരുന്നത്. 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യയ്ക്കു ദേശീയസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രവും പരമാധികാരം ഉള്ളതുമായ രാഷ്ട്രമാണ്. ബാഹ്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത പരമാധികാര റിപ്പബ്ലിക്കാണ്. പൌര-രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിൽ ദേശീയസ്വാതന്ത്ര്യത്തിനു വമ്പിച്ച പ്രാധാന്യം ഉണ്ട്.

വിദേശ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനം

നമ്മുടെ രാജ്യം ഇന്ത്യ, നൂറ്റാണ്ടുകളോളം വിദേശ ഭരണത്തിൻ കീഴിലായിരുന്നു. നാം ദേശാഭിമാനപ്രചോദിതരായി ഈ അന്യായത്തിനെതിരെ തിരിഞ്ഞ് സ്വാതന്ത്ര്യം നേടിയെടുക്കാൻ നൂറ്റാണ്ടു നീണ്ടുനിന്ന സമുജ്ജ്വലമായ പോരാട്ടങ്ങൾ വേണ്ടിവന്നു. സ്വാർത്ഥം വെടിഞ്ഞ്, ജീവൻ പണയം വച്ച്, നമ്മുടെ പൂർവ്വികരായ ദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ പോരാട്ടങ്ങളിൽ എത്രയോപേർക്ക് ജീവൻ ത്യജിയ്ക്കേണ്ടിവന്നു. ആ ത്യാഗങ്ങളുടെ, സഹനങ്ങളുടെ ആകെത്തുകയാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ദേശീയ സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നാം ഇരന്നു വാങ്ങിയതല്ല. പൊരുതി നേടിയതാണ്. പോരാളികൾ അവരുടെ സ്വന്തം ജീവിതത്തോടു ക്ഷമാപണം ചെയ്തുകൊണ്ടാണ് ജീവിതം തന്നെ പോരാട്ടമാക്കിയത്.

സ്വന്തം നേട്ടത്തേക്കാളുപരി സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി നിലകൊണ്ട പൂർവ്വികരാണ് നാം ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. സ്വർത്ഥം വെടിയാൻ സന്നദ്ധതയുള്ള മനുഷ്യർ ഓരോ കാലത്തും ഉണ്ടായിരുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ ചരിത്രം ഇങ്ങനെ ആയിക്കുമായിരുന്നോ? എല്ലാവർക്കും വേണ്ടി കുറച്ചാളുകൾ എല്ലാ കാലത്തും തങ്ങളൂടെ സ്വകാര്യ ജീവിതങ്ങളെ തൃണവൽഗ്ഗണിച്ചിട്ടുണ്ട്. മനുഷ്യൻ അണുകുടുംബങ്ങളായി, സ്വാർത്ഥതയുടെ കുടുസു കൊട്ടാരങ്ങളിൽ ഒതുങ്ങുന്ന ഇന്നത്തെ ലോകത്തുനിന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികൾ നമുക്ക് അദ്ഭുതങ്ങളായി മാറുന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള മഹാരഥന്മാർ നമുക്ക് പുരാണത്തിലെ ഏതോ സങ്കല്പകഥാപാത്രത്തെ പോലെ അവിശ്വസനീയങ്ങളും അദ്ഭുതങ്ങളുമാകുന്നു.

എത്ര അച്ഛനമ്മമാരുടെ പ്രതീക്ഷകളായിരുന്ന മക്കളായിരുന്നു വിദ്യാലയങ്ങൾ വിട്ട് കത്തുന്ന സ്വാതന്ത്ര്യ സമരത്തിലെ അഗ്നിസ്ഫുലിംഗങ്ങളായി മാറി ബ്രിട്ടീഷുകാരന്റെ ബൂട്ടടികളെ വിറപ്പിച്ചത്! ഒരു പക്ഷെ അന്നു 1947 ആഗസ്റ്റിലെ 15-ന്റെ ആ‍ അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മഹാഭാഗ്യം. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ, അന്നു സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്വാർത്ഥം വെടിഞ്ഞ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കുവാൻ പിന്നീട് ആരുണ്ടാകുമായിരുന്നു എന്നു നാം ഒരു വേള ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് മക്കളെ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമാക്കാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കളോ അവർ ശീതീകരിച്ചു വളർത്തുന്ന അവരുടെ മക്കളോ ദേശാഭിമാനത്താൽ പ്രചോദിതരായി സ്വാർത്ഥം വെടിഞ്ഞു സമരത്തിന്റെ തീച്ചൂളയിലേയ്ക്കു കടന്നു വരുമായിരുന്നോ? മരണാസന്നമായി പിടയുന്നസഹജീവിയ്ക്കുനേരെ തിമിരം നടിച്ചു നടന്നു പോകുന്ന ഇന്നത്തെ മനുഷ്യരിൽ എത്രപേർ ഉണ്ടാകുമായിരുന്നു, നമുക്കു സ്വാതന്ത്ര്യം നേടിത്തരുവാൻ? ഒരു പക്ഷെ, 1947 ആഗസ്റ്റു 15-നു നമുക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കിൽ!

ഇന്ന് നമ്മുടെ പൂർവ്വികർ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യവും പരമാധികാരവും തന്ത്രപൂർവ്വം കവർന്നെടുക്കാനും ആ കവർന്നെടുക്കലിനു പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടു കൂട്ടി കൊടുപ്പൊകാരായി നമ്മുടെ കാവലാളുകൾ തന്നെ സ്വയം മാറുകയും ചെയ്യുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുന്ന, കണ്ണുകളെ ബോധപൂർവ്വം പിൻ വലിയ്ക്കുന്ന, ഇന്നിന്റെ നമ്മൾ നാളെ വീണ്ടും കടന്നുവരാവുന്ന പാരതന്ത്ര്യത്തിന്റെ തനിയാവർത്തനങ്ങൾക്ക് ഇന്നേ താളം പിടിയ്ക്കുന്നവരായി മാറുകയാണോ?

ഈയുള്ളവൻ പുനർജന്മത്തിലൊന്നും വിശ്വസിയ്ക്കുന്നില്ല. എന്നാൽ പുനർജന്മം, സ്വർഗ്ഗ-നഗരം ഇതൊക്കെ സത്യമെന്നിരിയ്ക്കട്ടെ; അങ്ങനെയെങ്കിൽ, പുനർജ്ജനിച്ചവർക്കു പരലോകത്തിരുന്നുകൊണ്ടു ഇഹലോകം കാണാമെങ്കിൽ, ഇന്നിന്റെ യഥാർത്ഥ്യങ്ങൾക്കു നേരേ നോക്കി മണ്മറഞ്ഞ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ നമ്മോടു ഉറക്കെ വിളിച്ചു പറയുന്നുണ്ടാകണം; അരുതേ! നാം ത്യജിച്ചും സഹിച്ചും നിങ്ങൾക്കു നേടിത്തന്ന നന്മകൾ അടിയറ വയ്ക്കരുതേ എന്ന്! നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞചെയ്യാം നാം നമ്മുടെ പരമാധികാരം സംരക്ഷിയ്ക്കുമെന്ന് !

ഭദ്രൻ തീക്കുനിയുടെ ഒരു കവിത സാന്ദർഭികമായി ഇവിടെ ഒന്നുദ്ധരിച്ചുകൊള്ളട്ടെ;

മതിലുകൾ

ഭദ്രൻ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അതെ, സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിലാണ് നമ്മുടെ പൂർവ്വികർ പൊരുതി നേടിത്തന്ന സ്വാന്ത്ര്യം ഇന്നു നാം അനുഭവിയ്ക്കുന്നത്. ഇനി ഒരുവേള നമ്മുടെ രാജ്യം അസ്വസ്ഥതകളിലേയ്ക്കും, അസ്വാതന്ത്ര്യത്തിലേയ്ക്കും, അപകടങ്ങളിലേയ്ക്കും നീങ്ങിയലും ഈ സ്വാർത്ഥതയ്ക്കുള്ളിൽ അന്ധ-ബധിര-മൂകരായി അഭിനയിച്ച് നാം ഇന്നിന്റെ പൌരന്മാർ- ഒരുപക്ഷെ നാളെയുടേയും പൌരന്മാർ- അടയിരിയ്ക്കും! ഒടുവിൽ നമ്മുടെ സ്വാർത്ഥമായ ലോകത്തിലേയ്ക്ക്, നമ്മുടെ മതിൽക്കെട്ടുകൾ ഭേദിച്ചുകൊണ്ട് നമ്മുടെ സ്വത്തവും, സ്വാതന്ത്ര്യവും കവർന്നെടുക്കാൻ പിടിച്ചെടുക്കുവാൻ പുത്തൻ അധീശ ശക്തികൾ കടന്നു വരുമ്പോൾ നമുക്കുവേണ്ടി ശബ്ദിയ്ക്കുവാൻ ആർക്കാണു ശബ്ദമുണ്ടാ‍യിരിയ്ക്കുക? ഒരു വേള നമ്മുടെ രാജ്യത്തിനുവേണ്ടി നമുക്കൊന്നു സ്വാർത്ഥരാകാതിരിയ്ക്കുക എന്നു നമുക്കു പ്രതിജ്ഞചെയ്യാം; സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ!

നിയന്ത്രിതമാക്കപ്പെടുന്ന സ്വാതന്ത്ര്യം

ഇനി സ്വാതന്ത്ര്യം എന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവിയ്ക്കാ‍ൻ കഴിയുമോയെന്നു നമുക്കൊന്നു പരിശോധിയ്ക്കാം. അപരിമിതമായ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ ആർക്കും അനുഭവിയ്ക്കുവാൻ കഴിയില്ല.നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം എന്നാൽ അരാജകത്വം എന്നാണ് അർത്ഥം. അതിരൂക്ഷമായ സംഘട്ടനങ്ങളിലേയ്ക്കായിരിയ്ക്കും അതു നയിക്കുക. ഈ സംഘട്ടനങ്ങളിലാകട്ടെ കൈയ്യൂക്കുള്ളവർക്കായിരിയ്ക്കും വിജയം. അപ്പോൾ അത് പ്രാകൃതകാലത്തെന്നോ കായികശേഷി കൂടുതൽ ഉള്ളവൻ കൂട്ടത്തിൽ തലവനാകുമ്പോലുള്ള അനുഭവമായിരിയ്ക്കും.

സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടവിധം അനുഭവിയ്ക്കണമെങ്കിൽ അതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകണം. സമൂഹത്തിന്റെ പൊതു നന്മയ്ക്കായി രാഷ്ട്രം തന്നെ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഒരാളുടെ സ്വാതന്ത്ര്യത്തിന്മേൽ മറ്റൊരാളോ സമൂഹമോ ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വരുന്നതിനു പുറമെ, ഓരൊരൊത്തരും താന്താങ്ങളുടെ സ്വാതന്ത്ര്യങ്ങളെ സ്വയം തന്നെ നിയന്ത്രിയ്ക്കേണ്ടിയും വരും.

നമുക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ജനിച്ചുവീഴുന്ന നാൾ മുതൽ നാം ചില അസ്വാതന്ത്ര്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. വളർന്ന് സാമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനനുസരിച്ച് പല അസ്വാതന്ത്ര്യങ്ങളും നാം ചോദിച്ചു വാങ്ങുന്നുമുണ്ട്. ജനിച്ചു വീഴുമ്പോൾ മുതൽ നാം അമ്മ, അച്ഛൻ മുതലായ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാകുന്നു.സ്വന്തം വീടും കുടുംബവും ഒരു നിയന്ത്രിത മേഖലയാണ്. ഓരോരോ കുടുംബംങ്ങളിലായിരിയ്ക്കുമല്ലോ ഓരോരുത്തരും ജനിച്ചു വളരുന്നത്.

കുടുംബത്തിന്റെ പൊതുവായ നിലനില്പിനും നന്മയ്ക്കും വേണ്ടിയും ഓരോരുത്തരും കുടുബത്തിന്റെ നിയന്ത്രണങ്ങൾക്ക് സ്വയമേവ വിധേയമാകുന്നു. കുടുംബത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി നമ്മുടെ പല ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങളും മാറ്റി വയ്ക്കുന്നു. ഈ വിട്ടു വീഴ്ച കുടുംബത്തിന്റെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.ഇവിടെ ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തെ സ്വയമേവ പരിമിതപ്പെടുത്തുകയാണ്. കുടുംബകാര്യത്തിൽ കുടുംബം എന്നത് വലിയ യൂണിറ്റും ഓരോ കുടുംബാംഗങ്ങളും അതിലെ ചെറിയ യൂണിറ്റുകളും ആണ്. ഇതിൽ കുടുബം എന്ന വലിയ യൂണിറ്റിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടു കുടുംബത്തിന്റെ മൊത്തം താല്പര്യത്തിനു വേണ്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും അവരുടെ പല സ്വാതന്ത്ര്യവും അനുഭവിയ്ക്കാതെ വിട്ടുവീഴ്ചചെയ്യുന്നു.

ഇനി കുടുംബത്തിൽ നിന്ന് സമൂഹത്തിലേയ്ക്കിറങ്ങുമ്പോഴോ? അവിടെ വീണ്ടും നാം നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും അടിയറവയ്കുന്ന ഓട്ടേറെ സന്ദർഭങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയായി പള്ളിക്കൂടത്തിൽ പോകുമ്പോൾ ആ പള്ളിക്കൂടത്തിന്റെ മൊത്തം താല്പര്യാർത്ഥം ഓരോ കുട്ടികളുടെയും പല അഭിരുചികളും മാറ്റി വയ്ക്കേണ്ടി വരുന്നു.

പൊതുവായ യൂണിഫോം, അച്ചടക്കം, കൃത്യനിഷ്ഠ തുടങ്ങിയ നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഇവിടെയും വ്യക്തി താല്പര്യങ്ങളെക്കാളുപരി സ്കൂളിന്റെ മൊത്തം താല്പര്യങ്ങൾക്കാണു കൂടുതൽ പരിഗണന ലഭിയ്ക്കുക. അതുപോലെ ഒരു തൊഴിൽ സ്വീകരിച്ച് ഒരു തൊഴിൽ സ്ഥാപനത്തിൽ ചെന്നാൽ അവിടെയുമുണ്ട് നിയന്ത്രണങ്ങൾ. ആ തൊഴിൽ സ്ഥാപനത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനുതകുന്ന വിധമുള്ള നിയമാവലികളും പെരുമാറ്റ ചട്ടങ്ങളും അവിടെയുമുണ്ടാകും. അതെല്ലാം പാലിച്ചു കൊള്ളാമെന്നു വാക്കാലോ കൈയ്യൊപ്പാലോ സമ്മതിച്ചു കൊണ്ടാണ് ഒരാൾ ഒരു തൊഴിലിൽ പ്രവേശിയ്ക്കുന്നത്. അവിടെയും ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ ഒരംശം സ്വയമേവ പണയപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതു താല്പര്യത്തിനും സ്വന്തം ജീവ സന്ധാരണത്തിനും വേണ്ടിയാണ് ഇവിടെ വ്യക്തി തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കുന്നത്‌

ഇനി നാം മറ്റേതെങ്കിലും ഒരു സംഘത്തിൽ ചേരുന്നുവെന്നു വിചാരിയ്ക്കുക. ഉദാഹരണത്തിനു ഒരു വായന ശാലയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സാംസ്കരിക സംഘടനയിൽ. അവിടെ ചെന്നു അംഗത്വമെടുക്കുമ്പോൾ ആ സ്ഥാപനത്തിന്റെ പൊതുവായ ലക്ഷ്യങ്ങളെയും താല്പര്യങ്ങളെയും മുന്നിർത്തിയുള്ള നിയമാവലികളും പെരുമാറ്റചട്ടങ്ങളും ഉണ്ടാകും.അവ ലംഘിച്ചാൽ അതിൽ നിന്നും പുറത്താകും. അതിന്റെ നിമാവലികളും പെരുമാറ്റ ചട്ടങ്ങളും പാലിയ്ക്കുവാൻ അത്തരം കൂട്ടായ്മകളിൽ അംഗമാകുന്ന ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അപ്പോൾ അവിടെയും ആ ഒരു സംഘടനയ്ക്കുവേണ്ടി അതിൽ അംഗമാകുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ ഒരംശം അടിയറ വയ്ക്കുകയാണ്.

അതുപോലെ ഒരാ‍ളോ കുടുംബമോ ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുകയണെങ്കിൽ ആ മതത്തിന്റെ തത്വങ്ങളും ബന്ധപ്പെട്ട മത സ്ഥാപനങ്ങളുടെ നിയമാവലികളും പെരുമാറ്റചട്ടങ്ങളും പാലിയ്ക്കുക വഴി അവിടെയും സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ മതവിശ്വാസത്തിനു വേണ്ടി അടിയറ വയ്ക്കുകയാണ്. മത ശാസനകൾക്കും മത സ്ഥാപനങ്ങളുടെ അംഗീകൃത വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മതത്തിൽ നിന്നും നിഷ്കാസിതരായേക്കാം. സാമൂഹ്യ നിയന്ത്രണങ്ങളിൽ മത നിയന്ത്രണങ്ങൾക്കും ഒരു നല്ല പങ്കുണ്ട്.

മതത്തിന്റെ കാര്യത്തിൽ അല്പം അധികം പറയാനുള്ളത് മറ്റു സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിക്കപ്പോഴും മതങ്ങളാണ്. പ്രത്യേകിച്ചും മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ. അവിടങ്ങളിൽ ചിലപ്പോൾ മതനിയമങ്ങൾ തന്നെ രാഷ്ട്രത്തിന്റെയും നിയമങ്ങൾ ആകുന്നത് ഫലത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കു മേൽ അതിരു കടന്ന നിയന്ത്രണങ്ങൾക്ക് ഇടയാക്കും. ജനാധിപത്യ സംവിധാനം കൂടി ഇല്ലാത്ത സമൂഹങ്ങളാണെങ്കിൽ പിന്നെ സ്വാതന്ത്ര്യം എന്നത് വ്യക്തികൾക്ക് അവിടെ ഒളിച്ചും ഭയന്നും അനുഭവിയ്ക്കേണ്ട ഒന്നായി മാറുന്നു.

ഇനി ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നുവെന്നിരിയ്ക്കട്ടെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായ ഭരണഘടനയും, നിയമാവലികളും, പെരുമാറ്റച്ചട്ടങ്ങളും, പരിപാടികളും മറ്റും ഉണ്ടാകും. അപ്പോൾ ഏതെങ്കിലും പാർട്ടിയിൽ അംഗ മാകുന്നതോടെ ആ പാർട്ടിയുടെ പൊതുവായ താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അതിലെ അംഗങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നല്ലൊരംശം ആ പാർട്ടിയ്ക്കു മുന്നിൽ അടിയറ വയ്ക്കുകയാണ്.

ഒരാൾ ഒരു പാർട്ടിയിൽ ചേരുന്നത് അതിന്റെ നിയമാവലികളും ലക്ഷ്യങ്ങളും മറ്റും അംഗീകരിച്ചുകൊണ്ടാണ്. അവിടെ പാർട്ടി എടുക്കുന്ന ഏതു പൊതുവായ തീരുമാനങ്ങളും അംഗീകരിയ്ക്കുവാൻ ഓരോ പാർട്ടി അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. ഒരു അംഗത്തിന് ഏതെങ്കിലും കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ അഭിപ്രായവും തീരുമാനവുമാണ് അംഗീകരിയ്ക്കേണ്ടത്. അവിടെ പാർട്ടി താല്പര്യമാണ് വലുത്; വ്യക്തി താല്പര്യമല്ല. അതായത് ഭൂരിപക്ഷാഭിപ്രായം അനുസരിച്ചുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നു സാരം. മറിച്ച് പാർട്ടിയുടെ നിയമാവലികളോ പെരുമാറ്റ ചട്ടങ്ങളോ ഏതെങ്കിലും അംഗം ലംഘിച്ചാൽ ആ അംഗം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടാം. അപ്പോൾ സ്വാതന്ത്ര്യം അവിടെയും പരിമിതപ്പെടുന്നു. അഥവാ ഒരാളുടെ സ്വാതന്ത്ര്യം പൊതുവായ താല്പര്യങ്ങൾക്കു വേണ്ടി അയാൾ സ്വയം അടിയറ വയ്ക്കുന്നു.

ഇനി എല്ലാറ്റിലും പ്രധാനമായി ഒന്നുള്ളത് ഏതൊരാളും ജനിയ്ക്കുന്നതും വളരുന്നതും ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ ആയിരിയ്ക്കുമല്ലോ. അഥവാ ഏതൊരാളും ഏതെങ്കിലും ഒരു രാഷ്ട്രത്തിലെ പൌരത്വം സ്വീകരിച്ചേ മതിയാകൂ.ഓരോ രാഷ്ട്രത്തിനും ലിഖിതവും അലിഖിതവുമായ ഭരണഘടനയും, നിയമങ്ങളും നിയമസംവിധാനങ്ങളും ഉണ്ടാകും. രാഷ്ട്രത്തിന്റെ ഭാഗമായി മാറുന്ന വ്യക്തികൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം താല്പര്യങ്ങൾ പലതും ബലികഴിയ്ക്കേണ്ടി വരും. അങ്ങനെ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ പല സ്വാതന്ത്ര്യവും സ്വയം അടിയറ വയ്ക്കുന്നു. അഥവാ രഷ്ട്രം രാഷ്ട്രത്തിന്റെ പൊതു നന്മയ്ക്കായി പൌരന്മാർക്കുമേൽ ചില നിയന്ത്രണങ്ങൾ വയ്ക്കുന്നു. എല്ലാവർക്കുംസ്വാതന്ത്ര്യം ശരിയായ രീതിയിൽ അനുഭവിയ്ക്കുവാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അന്യായമായ നിയന്ത്രണങ്ങൾ പാടില്ലെന്നു മാത്രം!

അങ്ങനെയങ്ങനെ പല വിധത്തിലും നിയന്ത്രണവിധേയമാക്കപ്പെട്ട് ലഭ്യമാകുന്നതാണു യതാർത്ഥസ്വാതന്ത്ര്യം എന്നു പറയുന്നത്. അതായത് സ്വാതന്ത്ര്യം എന്നാൽ ഏതൊരു രാഷ്ട്രത്തിലും അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായതുമായ ചില നിയന്ത്രണ സംവിധാനങ്ങളോടെ അതിലെ പൌരന്മാർക്കു ലഭ്യമാക്കുന്ന അമൂല്യമായ ഒന്നാണ്. അവ അനുഭവിയ്ക്കുന്നതും പക്വതയോടെ വേണം. നാം ഓരോരുത്തരും അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും ബാധകമാണ്.

ചുരുക്കത്തിൽ സ്വാതന്ത്ര്യം എന്നാൽ എവിടെയും ആർക്കും എന്തും ചെയ്യാം എന്നുള്ളതല്ല; സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.