ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Thursday, January 14, 2010

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

അസാധാരണമായ ഒരു ആകാശ പ്രതിഭാസത്തോടെയാണ് അടുത്ത പതിറ്റാണ്ടിന്റെ ആരംഭം. ജനുവരി 15ന് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ "വലയ സൂര്യഗ്രഹണ'ത്തിന് ലോകം സാക്ഷിയാകും. കേരളീയര്‍ക്കും ഇതു നന്നായി കാണാന്‍ അവസരം ഉണ്ടാകുമെന്നതും ഒരു പ്രത്യേകതയാണ്.

സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രബിംബത്തിനു കഴിയാതെവരികയും ഗ്രഹണം പൂര്‍ത്തിയാകുമ്പോള്‍ ചന്ദ്രന്റെ കറുത്ത രൂപം സൂര്യന്റെ നടുക്കും, സൂര്യന്റെ അരികുകള്‍, 'കനലില്‍ ചുട്ട കനകവളപോലെ' ചുറ്റും വൃത്തരൂപത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യുന്ന അസുലഭമായ ഒരു സൂര്യഗ്രഹണമാണിത്.

ഗ്രഹണം അതിന്റെ പൂര്‍ണരൂപത്തില്‍ വര്‍ക്കലയ്ക്കു തെക്കുഭാഗത്തേയ്ക്കു മാത്രമേ ദൃശ്യമാകു. കേരളത്തില്‍ എവിടെനിന്നും ഭാഗികമായി കാണാവുന്ന ഗ്രഹണം, തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലും (പുനലൂര്‍, അഞ്ചല്‍) പൂര്‍ണമായി കാണാനാകും. പകല്‍ 11.5ന് ആരംഭിക്കുന്ന ഗ്രഹണം 3.05ന് അവസാനിക്കും- നാലു മണിക്കൂര്‍. ഗ്രഹണത്തിന്റെ പരമകാഷ്ഠ 1.14നാണ്. സൂര്യന്റെ 92 ശതമാനവും ചന്ദ്രബിംബത്താല്‍ മറയുകയും ചുറ്റും പ്രഭാവൃത്തം ദൃശ്യമാകുകയും ചെയ്യുന്ന ഈ പ്രതിഭാസം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലമായി 'നാസ' പ്രഖ്യാപിച്ചിട്ടുള്ളത് തമിഴ്നാട്ടിലെ ധനുഷ്കോടിയാണ്.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകുമെങ്കിലും ഉഗാണ്ടയില്‍ തുടങ്ങി മധ്യ ആഫ്രിക്ക, മാലി ദ്വീപുകള്‍, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, വടക്കന്‍ ശ്രീലങ്ക, ബര്‍മ, തെക്കു കിഴക്കന്‍ ചൈന എന്നിങ്ങനെയാണ് പൂര്‍ണ വൃത്താകൃതിയിലുള്ള നിഴലിന്റെ സഞ്ചാരം. 300 കിലോ മീറ്റര്‍ വ്യാസമുള്ള ഈ നിഴല്‍ മണിക്കൂറില്‍ 1656 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. ഗ്രഹണം ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നത് അകലെ മഹാസാഗരത്തിനു നടുവിലാണ്- 11 മിനിറ്റും എട്ടു സെക്കന്‍ഡും. ഇത്രയും നേരം നീണ്ടുനില്‍ക്കുന്ന 'വലയ സൂര്യഗ്രഹണം' 1033 വര്‍ഷങ്ങള്‍ക്കുശേഷം ഇനി 3043-ാം ആണ്ടിലെ ഉണ്ടാകൂ.

ഗ്രഹണം ഉച്ചസമയത്താണ്. അസാധാരണമായത് ഉണ്ടാകുമ്പോള്‍ നോക്കാനുള്ള വ്യഗ്രത ഇവിടെയും സംഭവിക്കാം. എന്നാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യന്റെ ദിശയിലേക്കു നോക്കുന്നത് കണ്ണുകള്‍ക്ക് തകരാറുകളുണ്ടാക്കിയേക്കാം. അതുകൊണ്ട് പുകപിടിപ്പിച്ച ചില്ലുപാളിയോ, പ്രകാശവിധേയമാക്കിയ എക്സ്റേ ഫിലിമുകളോ ഉപയോഗിച്ചു മാത്രമേ ഗ്രഹണം കാണാന്‍പാടുള്ളു. ശാസ്ത്രസംഘടനകള്‍ നോക്കുന്നതിനായി ചില 'അരിപ്പ'കള്‍ സംവിധാനംചെയ്ത് വിതരണംചെയ്യുന്നുണ്ട്. കാര്‍ഡ്ബോര്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരമിട്ട് അതിലൂടെ സൂര്യരശ്മി കടന്നുപോകാന്‍ അനുവദിച്ച് അത് നിരപ്പായ പ്രതലത്തില്‍ വീഴ്ത്തിയാലും ഗ്രഹണത്തിന്റെ ഛായ ലഭിക്കും. ഒരുകാരണവശാലും ബൈനോക്കുലറിലൂടെയോ ടെലസ്കോപ്പിലൂടെയോ നോക്കരുത്.

അസാധാരണവും വിഷമയവുമായ കിരണങ്ങളൊന്നുംതന്നെ ഗ്രഹണസമയത്ത് ഉണ്ടാകില്ല. വീടിനുള്ളില്‍ ചടഞ്ഞുകൂടുകയോ ആഹാരം വര്‍ജിക്കുകയോ ചെയ്യേണ്ടതുമില്ല. ഇന്ന് ഗ്രഹണമാണല്ലോ എന്നു കരുതി സൂര്യന്‍ ചില പ്രത്യേക കിരണങ്ങള്‍ ഉതിര്‍ക്കുന്ന പതിവില്ല. ഗ്രഹണത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ വേണ്ടും വിവരമില്ലാതിരുന്ന കാലത്ത് സാധാരണക്കാരന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ രാഹു-കേതു കഥകളില്‍ ഇന്നും വിശ്വസിക്കുക എന്നത് ബുദ്ധിശൂന്യമാണ്. അടുത്ത സൂര്യഗ്രഹണം 2010 ജൂലൈ 11ന് കുക്സ്, ഈസ്റ്റര്‍ ദ്വീപസമൂഹങ്ങളില്‍ (കിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകള്‍) കാണാം. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇത് ഭാഗികമായി കാണാം. നമുക്ക് അത് ദൃശ്യമല്ല.

പ്രൊഫ. പി എസ് ശോഭന്‍,
ദേശാഭിമാനി കിളിവാതിൽ

No comments: