ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, March 11, 2011

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും

ജപ്പാനിൽ സുനാമി. വടക്കുകിഴക്കൻ മേഖലയിൽ ഭൂകമ്പം. വൻ ദുരന്തം. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോവിൽ നിന്നും373 കിലോമീറ്റർ അകലെയാണ് സുനാമി ഉണ്ടായത്. 33 അടി ഉയരത്തിൽ തിരമാലകൾ അടിച്ച് കയറി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫോങ്ഷ്യൂ പ്രവിശ്യ. റിക്ച്ചർ സ്കെയിലിൽ 8.9 രേഖപ്പെടുത്തി. ഇന്ത്യൻ സമയം 11- 55 -നാണ് (ജപ്പാൻ സമയം 2.45) ലോകത്തെ നടുക്കിയ ഭൂകമ്പം.

ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ നിരവധി ആളുകൾ മരണപ്പെട്ടതായി വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആളപായത്തെയും നാശത്തെയും സംബന്ധിച്ച് ഔദ്യോകിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ധാരാളം മരണം സംഭവിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇതെഴുതുന്ന സമയത്ത് പതിനെട്ട് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. ഒരു ഹോട്ടൽ തകർന്നു വീണു. ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്. വേറെയും കെട്ടിടങ്ങൾ തകർന്നുവീഴുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. അഞ്ച് ആണവ നിലയങ്ങൾ അടച്ചിട്ടു. വിമാനത്താവളങ്ങളും അടച്ചിട്ടു. രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാകുന്നുവെന്ന് ജപ്പാൻ പ്രധാന മന്ത്രി പറഞ്ഞു.

പസഫിക്ക് തീരത്തുള്ള മറ്റ് പല രാജ്യങ്ങൾക്കും ഭൂകമ്പഭീഷണി ഉണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, റഷ്യ എന്നിവിടങ്ങൾക്കും ഭൂകമ്പ-സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഇതുവരെ ലോകത്ത് ഉണ്ടായ ഭൂകമ്പങ്ങളിൽ ഏറ്റവും വലുത് റിക്ച്ചർ സ്കെയിലിൽ 9.5 ആണ് രേഖപ്പെടുത്തിയത് എന്നിരിക്കെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭൂകമ്പത്തിന്റെ തീവ്രത ചെറുതല്ലെന്ന് വ്യക്തമാക്കുന്നു.

സുനാമി എന്നാൽ?

(മലയാളം വിക്കി പീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം)

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം.

സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി.

ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.

കാരണങ്ങൾ

സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.

ഉയർത്തപ്പെട്ട ജലം ഭൂഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. തിരകൾ സമുദ്രത്തിലൂടെ, (കുളത്തിൽ കല്ലു വീണാലെന്ന പോലെ) ചുറ്റുപാടും സഞ്ചരിക്കുന്നു.

സവിശേഷതകൾ

സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും.

മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.

ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും (ഒരു ഓളത്തലപ്പു് കടന്നുപോയതിനു ശേഷം അടുത്ത ഓളത്തലപ്പു് എത്തുന്നതിനുള്ള സമയം, ഇതു് മിനിട്ടുകൾ തൊട്ടു് മണിക്കൂറുകൾ വരെ ആവാം), വളരെ നീണ്ട തരംഗദർഘ്യവും (കിലോമീറ്ററുകളോളം) സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്.

ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.

എഡിറ്റ് ചെയ്തത്: ആയിരത്തി അഞ്ഞൂറിന് മുകളിൽ ആളുകൾ ജപ്പാനിലെ ഭൂകമ്പത്തിൽ മരിച്ചതായി തുടർന്നുള്ള ദിവസങ്ങളിലെ വാർത്തകൾ ! വ്യക്തമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

No comments: