ഉത്തരേന്ത്യയിലും നേപ്പാളിലും ഭൂകമ്പം; 21 മരണം
ദേശാഭിമാനി വാർത്ത
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഞായറാഴ്ച സന്ധ്യക്കുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കനത്ത നാശം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ സിക്കിമില്‍ ആറുപേരും നേപ്പാളില്‍ ഒമ്പതുപേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ ഭയന്നോടിയതിനെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്് ഒരാള്‍ മരിച്ചു. സിക്കിംനേപ്പാള്‍ അതിര്‍ത്തിയിലാണ് ശക്തമായ ചലനമുണ്ടായത്. സിക്കിമില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടായി. വടക്കുകിഴക്കന്‍ സിക്കിമിലെ പെങോങിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ ഇന്തോ തിബത്ത് അതിര്‍ത്തി പൊലീസ്(ഐടിബിപി) രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. ഐടിബിപി ആസ്ഥാനവും ഭൂചലനത്തില്‍ തകര്‍ന്നു.
വൈദ്യുതി ബന്ധം താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കാനായിട്ടില്ല. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍ വൈദ്യുതി, വാര്‍ത്താവിതരണബന്ധം നിലച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുവിട്ട് തെരുവുകളിലേക്കിറങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമ ബംഗാള്‍ , ബിഹാര്‍ , ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ , ഹരിയാണ എന്നീ സംസ്ഥാനങ്ങളും ഭൂകമ്പത്തില്‍ നടുങ്ങി. സിലിഗുരി, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ, പട്ന, ജയ്പുര്‍ , ഗുഡ്ഗാവ്, ഗുവാഹത്തി എന്നീ നഗരങ്ങളിലും ജനങ്ങള്‍ പരിഭ്രമിച്ച്് വീടുകളില്‍ നിന്ന് പുറത്തേക്കോടി. ഞായറാഴ്ച വൈകിട്ട് 6.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൊല്‍ക്കത്ത നഗരത്തില്‍ ഏകദേശം 15 സെക്കന്‍ഡോളം നീണ്ടു. ബംഗ്ലാദേശിലും ശക്തമായ ചലനമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് സിക്കിമില്‍ അനുഭവപ്പെട്ടത്. പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളിലും അസം, മേഘാലയ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
വടക്കന്‍ ബിഹാറിലെ ദര്‍ബംഗ ജില്ലയിലും അല്‍പ്പസമയത്തേക്ക് ഭൂചലനം നീണ്ടു. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിന്റെ പലഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റാഞ്ചിയില്‍നിന്നുള്ള വിവരം. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളായ മവു, അസംഗഡ്, ദേവരിയ, ബല്ലിയ എന്നീ നഗരങ്ങളിലേക്കും മധ്യപ്രദേശിലെ ഗ്വാളിയോര്‍ , ഭോപ്പാല്‍ , ഹോഷംഗാബാദ് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ തീവ്രത വ്യാപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങുമായി ടെലിഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുന്നതി. ദുരന്ത നിവാരണ ഏജന്‍സിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രി കാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ അഞ്ചു വിമാനങ്ങള്‍ സിക്കിമിലേക്ക് തിരിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് ഡാര്‍ജിലിങ്ങിലും സമീപ പ്രദേശങ്ങളിലും വൈദ്യൂതി ബന്ധം താറുമാറായി. അടിയന്തരമായി നാശനഷ്ടം വിലയിരുത്താന്‍ ജില്ലാ മജിസ്ട്രേറ്റിനോട് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ബംഗാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വാര്‍ത്താവിനിമയ ബന്ധം തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
No comments:
Post a Comment