ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, June 23, 2010

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

സ്റ്റേറ്റ് സിലബസിൽ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.

ഒൻപതാം തരത്തിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെപറ്റി പറയുന്ന പാഠ ഭാഗം അതു പോലെ താഴെ കൊടുത്തിരിക്കുന്നു:

അവനവൻ പ്രസാധകനാവുമ്പോൾ.......

വിവര സാങ്കേതിക വിദ്യ സാർവത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയ ഉപാധികളും വികസിച്ചു വരുന്നു. വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ അവയിൽ ചിലതാണ്. വെബ് ലോക് (Weblog) എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (blog). പത്രമാസികകളിൽ എഴുത്തുകാരനും വായനക്കാരനുമിടയിൽ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകുമല്ലോ. എന്നാൽ ബ്ലോഗുകളിലാവട്ടെ, നമ്മുടെ രചനകൾ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ട് വായനക്കാരനു മുന്നിലെത്തുകയാണ്. കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല, അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, ഓർമകൾ, വാർത്തകൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം നമുക്കു നമ്മുടെ ബ്ലോഗിലൂടെ വായനക്കാർക്കുമുമ്പിലെത്തിക്കാനാവും. സാഹിത്യരചനകൾ കൂടാതെ ചിത്രങ്ങൾ, കാർട്ടൂണുകൾ, ഫോട്ടോകൾ, വീഡിയോകൾ, പാട്ടുകൾ എന്നിങ്ങനെ എല്ലാ സർഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കാം. ചുറ്റുമുള്ള സാമൂഹിക തിന്മകളോട് ക്രിയാത്മകമായി പ്രതികരിക്കാനും അവ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും ബ്ലോഗുകൾ അവസരമൊരുക്കുന്നു.

നമ്മുടെ മാതൃഭാഷയിൽ തന്നെ ഇതൊക്കെ നിർവഹിക്കുന്നതിനുള്ള സൌകര്യവും ഇന്നുണ്ട്. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്ലോഗ് സൃഷ്ടിക്കുകയാണ്. ബ്ലോഗർ, വേഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനുള്ള സൌകര്യം തികച്ചും സൌജന്യമായി നൽകുന്നുണ്ട്. സ്വന്തമായി ഒരു ഇ-മെയിൽ വിലാസമുള്ള ആർക്കും വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് സൃഷ്ടിക്കാവുന്നതേയുള്ളു. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന (പോസ്റ്റു ചെയ്യുന്ന) സൃഷ്ടികളെ സംബന്ധിച്ച് ബ്ലോഗ് കാണുന്ന (സന്ദർശിക്കുന്ന) ആർക്കും പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും ഇതിലുണ്ട്.

  • സ്കൂളുമായി ബന്ധപ്പെട്ട ഒരു അനുഭവക്കുറിപ്പ് തയാറാക്കി, നിങ്ങൾ സൃഷ്ടിച്ച ബ്ലോഗിൽ പേസ്റ്റ് ചെയ്യൂ. കൂട്ടുകാരുടെ ബ്ലോഗ് രചനകൾ വായിച്ച് അവയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തൂ.

12 comments:

കൂതറHashimܓ said...

അത് കൊള്ളാം

chithrakaran:ചിത്രകാരന്‍ said...

നല്ല തുടക്കങ്ങള്‍... ചിത്രകാരന്റെ ആശംസകള്‍ !

CKLatheef said...

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തികുന്നവര്‍ക്ക് വലിയ സഹായം നല്‍കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും തുടങ്ങുന്ന ബ്ലോഗുകള്‍ക്കാവും. പക്ഷെ അത്തരം ബ്ലോഗുകള്‍ വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. താമസിയാതെ ആ വിടവ് പരിഹരിക്കപ്പെടുമെന്ന് കരുതാം.

Anonymous said...

അവനവന്‍ പ്രസാധകനാവുമ്പോള്‍ ഒപ്പം വരുന്ന ഉത്തരവാദിത്വത്തെക്കുറിച്ചുകൂടി ഒരു പാരഗ്രാഫ് ചേര്‍ക്കാമായിരുന്നു.

mukthaRionism said...

കൊള്ളാം.
അതു നന്നായി.

Unknown said...

ബ്ലോഗുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പാഠഭാഗം ഏതായാലും നന്നായി. ബ്ലോഗുകള്‍ അനന്തസാധ്യതയുള്ള ഒരു മാധ്യമമായിരുന്നു. പക്ഷെ എന്റെ അനുഭവത്തില്‍ ഇപ്പോഴത്തെ ആളുകളുടെ മനസ്സിന് പൊതുവേ ഫ്ലക്സിബിലിറ്റി കുറവാണ്. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മനോഭാവം. അപരന്റെ അഭിപ്രായങ്ങളില്‍ ഒട്ടും ശരി കാണാത്ത ഒരു രീതി. രണ്ട് തരത്തിലുള്ള ആളുകളെയാണ് നമുക്ക് ബ്ലോഗില്‍ കണ്ടുമുട്ടാനാവുക. നമ്മളോട് നൂറ് ശതമാനം യോജിക്കുന്നവരും നൂറ് ശതമാനം വിയോജിക്കുന്നവരും. രണ്ട് കൂട്ടരോടും സംവാദം നടത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഒരു കൊടുക്കല്‍ വാങ്ങല്‍ ഇടപാട് നടക്കുന്നില്ലല്ലൊ. യോജിക്കുന്നവരോട് യെസ്സ് പറയാം. യോജിക്കാത്തവരോട് അടി കൂടാം. കുട്ടികളാവുമ്പോള്‍ മനസ്സിന് എന്തായാലും കടും പിടുത്തം കുറയും. അപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും അല്പം ഉള്‍ക്കൊള്ളാന്‍ കഴിയുമല്ലൊ. അപ്പോള്‍ ബ്ലോഗിന് നല്ല ഭാവിയുണ്ടെന്ന് ഏതായാലും പ്രതീക്ഷിക്കാം. ഈ വിവരം ബ്ലോഗില്‍ പങ്ക് വെച്ചത് നന്നായി.

Unknown said...
This comment has been removed by the author.
jayanEvoor said...

വളരെ നല്ല കാര്യം!
ഇപ്പോ നമുക്കൊക്കെ ഒരു വെയ്റ്റായി!

ശ്രദ്ധേയന്‍ | shradheyan said...

good

Kaithamullu said...

നല്ല കാര്യം.

ഇത്ര മതി, കുട്ടികള്‍ സ്വയം കണ്ടെത്തിക്കൊള്ളും!
(അദ്ധ്യാപകര്‍ കൂടി സഹകരിച്ചാല്‍ നന്ന്)

Kalavallabhan said...

aബ്ലോഗിനേപ്പറ്റി പാഠപുസ്തകത്തിലും വന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

എന്റെ പരിമിതമായ അറിവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ വായിക്കുന്ന ഒരു ബ്ലോഗാണു “മാത്സ് ബ്ളോഗ്” . അദ്ധ്യാപകർ മേൽനോട്ടം വഹിക്കുന്ന ഒരു നല്ല ബ്ളോഗ്.

മലയാളം ബ്ളോഗുകൾക്ക് നല്ല ഭാവിയുണ്ടെന്നാണു എനിക്ക് തോന്നുന്നത്.

ബയാന്‍ said...

കുഞ്ഞുമനസ്സുകള്‍ക്കുള്ളത് പറയാനും കേള്‍ക്കാനും നല്ലൊരു വാതായനം. ഹ ഹ ഹ . കുഞ്ഞുവായ തുറന്നാല്‍ പണികിട്ടുന്നതാര്‍ക്ക് എന്നത് കണ്ടു തന്നെ അറിയണം.