ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Sunday, October 23, 2011

മുല്ലനേഴി ഓര്‍മയായി

മുല്ലനേഴി ഓര്‍മയായി
തൃശൂര്‍ : നാട്ടുഭാഷയുടെ മധുരവും വിയര്‍പ്പിന്റെ ഗന്ധവും ചാലിച്ച് മലയാള കാവ്യശാഖയെ സമ്പുഷ്ടമാക്കിയ മുല്ലനേഴി അന്തരിച്ചു. ഗാനരചയിതാവ്, നടന്‍ എന്നീനിലകളിലും പ്രശസ്തനായ അദ്ദേഹത്തിന് 64 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് സാഹിത്യ അക്കാദമിയിലെ ചടങ്ങില്‍ പങ്കെടുത്ത് അവിണിശേരിയിലെ വീട്ടിലെത്തിയ മുല്ലനേഴിക്ക് രാത്രി പതിനൊന്നോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്ച വീട്ടിലും സാഹിത്യ അക്കാദമിഹാളിലും പൊതുദര്‍ശനത്തിനുവച്ചു. മന്ത്രിമാരടക്കമുള്ള വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മുല്ലനേഴി എന്ന എം എന്‍ നീലകണ്ഠന്‍ അവിണിശേരി മേലേ മുല്ലനേഴി മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍ : ദിലീപന്‍ , പ്രകാശന്‍ , പ്രദീപന്‍ . മരുമക്കള്‍ : സവിത, അശ്വതി. സഹോദരങ്ങള്‍ : തങ്കമണി, കൃഷ്ണന്‍ , വാസുദേവന്‍ , ശ്രീദേവി, പരേതരായ ആര്യ, നാരായണന്‍ . ചെറുപ്പം മുതലേ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന മുല്ലനേഴി കവി, നടന്‍ , ബാലസാഹിത്യകാരന്‍ , അധ്യാപകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായി. ദീര്‍ഘകാലം ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ അമരക്കാരനായി. സിപിഐ എം വല്ലച്ചിറ ലോക്കല്‍കമ്മിറ്റിയംഗം, കെഎസ്വൈഎഫ് ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാറാണത്ത്ഭ്രാന്തന്‍ , രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത (കവിതാസമാഹാരങ്ങള്‍), അക്ഷരദീപങ്ങള്‍ (സാക്ഷരതാഗീതങ്ങള്‍), സമതലം, സ്നേഹപ്പൂങ്കാറ്റ് (ഏകാങ്കം), മോഹനപ്പക്ഷി, കനിവിന്റെ പാട്ട്, ആനവാല്‍മോതിരം (ബാലസാഹിത്യം) എന്നിവയാണ് പ്രധാനകൃതികള്‍ . സിനിമാഗാനരംഗത്തും തിളങ്ങി. കറുകറുത്തൊരു പെണ്ണാണ്... (ഞാവല്‍പ്പഴം), ഈ പുഴയും.. (ഇന്ത്യന്‍ റുപ്പി) തുടങ്ങിയ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ഉപ്പ്, പിറവി, സ്വം, വാനപ്രസ്ഥം, കഴകം, ഗര്‍ഷോം, കുലം, പുലിജന്മം, സൂഫി പറഞ്ഞ കഥ, നെയ്ത്തുകാരന്‍ , നീലത്താമര, സ്നേഹവീട് തുടങ്ങിയ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കി. മാലപ്പടക്കം എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു. 1995ല്‍ "സമതലം" എന്ന നാടകത്തിനും 2010ല്‍ "കവിത" എന്ന കാവ്യസമാഹാരത്തിനും സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. ശക്തി അവാര്‍ഡ് ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. രാമവര്‍മപുരം ഹൈസ്കൂളില്‍ മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചെറുതുരുത്തി, ചേലക്കര, കണ്ടശാംകടവ്, കൊടുങ്ങല്ലൂര്‍ , അയ്യന്തോള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തു. തൃശൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും 2002ല്‍ വിരമിച്ചു. അധ്യാപകസമരങ്ങളില്‍ മുന്നണിപ്പോരാളിയായ മുല്ലനേഴി 1973ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ദേശാഭിമാനി

No comments: