ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Saturday, January 16, 2010

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരു: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. ഈ നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി. ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു. നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി.

വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

മനുഷ്യൻ ഒന്നും മുൻകൂട്ടി പ്രവചിച്ച് അത്രയ്ക്കഹങ്കരിച്ചുകൂടെന്നു കരുതി ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വരുത്തുവാൻ നിസ്സഹായനായ ദൈവത്തിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

Thursday, January 14, 2010

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

അസാധാരണമായ ഒരു ആകാശ പ്രതിഭാസത്തോടെയാണ് അടുത്ത പതിറ്റാണ്ടിന്റെ ആരംഭം. ജനുവരി 15ന് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ "വലയ സൂര്യഗ്രഹണ'ത്തിന് ലോകം സാക്ഷിയാകും. കേരളീയര്‍ക്കും ഇതു നന്നായി കാണാന്‍ അവസരം ഉണ്ടാകുമെന്നതും ഒരു പ്രത്യേകതയാണ്.

സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രബിംബത്തിനു കഴിയാതെവരികയും ഗ്രഹണം പൂര്‍ത്തിയാകുമ്പോള്‍ ചന്ദ്രന്റെ കറുത്ത രൂപം സൂര്യന്റെ നടുക്കും, സൂര്യന്റെ അരികുകള്‍, 'കനലില്‍ ചുട്ട കനകവളപോലെ' ചുറ്റും വൃത്തരൂപത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യുന്ന അസുലഭമായ ഒരു സൂര്യഗ്രഹണമാണിത്.

ഗ്രഹണം അതിന്റെ പൂര്‍ണരൂപത്തില്‍ വര്‍ക്കലയ്ക്കു തെക്കുഭാഗത്തേയ്ക്കു മാത്രമേ ദൃശ്യമാകു. കേരളത്തില്‍ എവിടെനിന്നും ഭാഗികമായി കാണാവുന്ന ഗ്രഹണം, തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലും (പുനലൂര്‍, അഞ്ചല്‍) പൂര്‍ണമായി കാണാനാകും. പകല്‍ 11.5ന് ആരംഭിക്കുന്ന ഗ്രഹണം 3.05ന് അവസാനിക്കും- നാലു മണിക്കൂര്‍. ഗ്രഹണത്തിന്റെ പരമകാഷ്ഠ 1.14നാണ്. സൂര്യന്റെ 92 ശതമാനവും ചന്ദ്രബിംബത്താല്‍ മറയുകയും ചുറ്റും പ്രഭാവൃത്തം ദൃശ്യമാകുകയും ചെയ്യുന്ന ഈ പ്രതിഭാസം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലമായി 'നാസ' പ്രഖ്യാപിച്ചിട്ടുള്ളത് തമിഴ്നാട്ടിലെ ധനുഷ്കോടിയാണ്.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകുമെങ്കിലും ഉഗാണ്ടയില്‍ തുടങ്ങി മധ്യ ആഫ്രിക്ക, മാലി ദ്വീപുകള്‍, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, വടക്കന്‍ ശ്രീലങ്ക, ബര്‍മ, തെക്കു കിഴക്കന്‍ ചൈന എന്നിങ്ങനെയാണ് പൂര്‍ണ വൃത്താകൃതിയിലുള്ള നിഴലിന്റെ സഞ്ചാരം. 300 കിലോ മീറ്റര്‍ വ്യാസമുള്ള ഈ നിഴല്‍ മണിക്കൂറില്‍ 1656 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. ഗ്രഹണം ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നത് അകലെ മഹാസാഗരത്തിനു നടുവിലാണ്- 11 മിനിറ്റും എട്ടു സെക്കന്‍ഡും. ഇത്രയും നേരം നീണ്ടുനില്‍ക്കുന്ന 'വലയ സൂര്യഗ്രഹണം' 1033 വര്‍ഷങ്ങള്‍ക്കുശേഷം ഇനി 3043-ാം ആണ്ടിലെ ഉണ്ടാകൂ.

ഗ്രഹണം ഉച്ചസമയത്താണ്. അസാധാരണമായത് ഉണ്ടാകുമ്പോള്‍ നോക്കാനുള്ള വ്യഗ്രത ഇവിടെയും സംഭവിക്കാം. എന്നാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യന്റെ ദിശയിലേക്കു നോക്കുന്നത് കണ്ണുകള്‍ക്ക് തകരാറുകളുണ്ടാക്കിയേക്കാം. അതുകൊണ്ട് പുകപിടിപ്പിച്ച ചില്ലുപാളിയോ, പ്രകാശവിധേയമാക്കിയ എക്സ്റേ ഫിലിമുകളോ ഉപയോഗിച്ചു മാത്രമേ ഗ്രഹണം കാണാന്‍പാടുള്ളു. ശാസ്ത്രസംഘടനകള്‍ നോക്കുന്നതിനായി ചില 'അരിപ്പ'കള്‍ സംവിധാനംചെയ്ത് വിതരണംചെയ്യുന്നുണ്ട്. കാര്‍ഡ്ബോര്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരമിട്ട് അതിലൂടെ സൂര്യരശ്മി കടന്നുപോകാന്‍ അനുവദിച്ച് അത് നിരപ്പായ പ്രതലത്തില്‍ വീഴ്ത്തിയാലും ഗ്രഹണത്തിന്റെ ഛായ ലഭിക്കും. ഒരുകാരണവശാലും ബൈനോക്കുലറിലൂടെയോ ടെലസ്കോപ്പിലൂടെയോ നോക്കരുത്.

അസാധാരണവും വിഷമയവുമായ കിരണങ്ങളൊന്നുംതന്നെ ഗ്രഹണസമയത്ത് ഉണ്ടാകില്ല. വീടിനുള്ളില്‍ ചടഞ്ഞുകൂടുകയോ ആഹാരം വര്‍ജിക്കുകയോ ചെയ്യേണ്ടതുമില്ല. ഇന്ന് ഗ്രഹണമാണല്ലോ എന്നു കരുതി സൂര്യന്‍ ചില പ്രത്യേക കിരണങ്ങള്‍ ഉതിര്‍ക്കുന്ന പതിവില്ല. ഗ്രഹണത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ വേണ്ടും വിവരമില്ലാതിരുന്ന കാലത്ത് സാധാരണക്കാരന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ രാഹു-കേതു കഥകളില്‍ ഇന്നും വിശ്വസിക്കുക എന്നത് ബുദ്ധിശൂന്യമാണ്. അടുത്ത സൂര്യഗ്രഹണം 2010 ജൂലൈ 11ന് കുക്സ്, ഈസ്റ്റര്‍ ദ്വീപസമൂഹങ്ങളില്‍ (കിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകള്‍) കാണാം. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇത് ഭാഗികമായി കാണാം. നമുക്ക് അത് ദൃശ്യമല്ല.

പ്രൊഫ. പി എസ് ശോഭന്‍,
ദേശാഭിമാനി കിളിവാതിൽ

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

ഹെയ്തിയില്‍ വന്‍ ഭൂകമ്പം

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ ദ്വീപ്രാഷ്ട്രമായ ഹെയ്തിയില്‍ വന്‍ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി ഭയപ്പെടുന്നു. മാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സ് തകര്‍ന്നടിഞ്ഞു. 30 ലക്ഷം പേരെ ദുരന്തംബാധിച്ചിട്ടുണ്ടാകുമെന്ന് രാജ്യാന്തര റെഡ്ക്രോസ് വക്താവ് പറഞ്ഞു. ക്യൂബയ്ക്കും വെനസ്വേലയ്ക്കും മധ്യേയുള്ള ദ്വീപാണ് ഹെയ്തി. ചൊവ്വാഴ്ച വൈകിട്ട് 4.53നാണ് ദ്വീപ്രാജ്യത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. പിന്നാലെ മൂന്നു തുടര്‍ചലനവുമുണ്ടായി. പ്രസിഡന്റിന്റെ കൊട്ടാരം ഉള്‍പ്പെടെ തലസ്ഥാനത്തെ കെട്ടിടങ്ങളെല്ലാം മണ്ണോടുചേര്‍ന്നു. എന്നാല്‍, പ്രസിഡന്റ് റെനെ പ്രവലും ഭാര്യയും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. 2004ലുണ്ടായ അട്ടിമറിശ്രമത്തിനുശേഷം ഒമ്പതിനായിരത്തോളം യുഎന്‍ സേനാംഗങ്ങളെ ഹെയ്തിയില്‍ വിന്യസിച്ചിരുന്നു. ദൌത്യസംഘ തലവന്‍ ഹേദി അന്നാബിയും കാണാതായവരില്‍പ്പെടുന്നു. 200 വിദേശികള്‍ തങ്ങിയിരുന്ന ആഡംബരഹോട്ടലും നിലംപൊത്തി. ദരിദ്രരാജ്യമായ ഹെയ്തി ദുരന്തം താങ്ങാനാകാതെ തരിച്ചുനില്‍ക്കുകയാണ്. മരണസംഖ്യ തിട്ടപ്പെടുത്താന്‍തന്നെ ദിവസങ്ങള്‍ വേണ്ടിവരും. ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ സംവിധാനമില്ല. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന് മിക്കഭാഗവും ഒറ്റപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ ആലംബമില്ലാതെ കഴിയുകയാണ്. പരിക്കേറ്റവരും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരും അലമുറയിടുന്ന കാഴ്ചയാണെങ്ങും. അമേരിക്ക, ക്യൂബ, വെനസ്വേല തുടങ്ങിയ അയല്‍രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും സഹായം വാഗ്ദാനം ചെയ്തു. യുഎന്‍ ദൌത്യസംഘത്തിന്റെ ആസ്ഥാനമായ ഹോട്ടല്‍ ക്രിസ്റ്റഫര്‍ പൂര്‍ണമായി നശിച്ചെന്ന് യുഎന്‍ വക്താവ് അലൈന്‍ ലീറോയി ന്യൂയോര്‍ക്കില്‍ പറഞ്ഞു. 7000 സൈനികരും 2000 പൊലീസുകാരുമാണ് ദൌത്യസേനയിലുള്ളത്. ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും കഴിഞ്ഞാല്‍ കരീബിയയിലെ മൂന്നാമത്തെ വലിയ ദ്വീപായ ഹെയ്തിയില്‍ ചുഴലിക്കാറ്റ് വിനാശം വിതയ്ക്കുന്നത് പതിവാണ്. തലസ്ഥാനത്തുനിന്ന് 15 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.