ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Friday, June 5, 2009

പുകവലി

പുകവലി


പുകവലി തലമുറകളിൽ നിന്നും തലമുറകളിലേക്കു വ്യാപരിക്കുന്ന ഒരു ദു:ശീലമാണ്.

മനുഷ്യന്റെ മിക്കവാറും എല്ലാ ശീലങ്ങളും ദു:ശീലങ്ങളും തലമുറകാളിൽനിന്നും തലമുറകളിലേയ്ക്കു വ്യപരിയ്ക്കുന്നതാണ്. ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാലം അനിവാര്യമാക്കുന്ന പല മാറ്റങ്ങളും കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെ കാലത്തിനനുസരിച്ച് മാറിവരുന്ന കാര്യങ്ങളും പിന്നീട് അനുകരണത്തിനു വിധേയമാകും. മുതിർന്നവരെ അനുകരിക്കുന്നത് കുട്ടികളുടെ ശീലമാണല്ലോ!

കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചുറ്റിലും കാണുന്നതും കേൾക്കുന്നതും അറിയുന്നതുമൊക്കെ അനുകരിച്ചെന്നിരിക്കും. നല്ലതും ചീത്തയും അനുകരിക്കപ്പെടാം. ഒരു വശത്ത് അനുകരണം നല്ലതാണ്. അത് അനിവാര്യവുമാണ്. മനുഷ്യന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടേയും നിലനില്പിനും പിന്തുടർച്ചയ്ക്കും അനുകരണം ഒഴിച്ചു കുടാനാകാത്തതാണ്. എന്നാൽ അനുകരിച്ചുകുടാത്ത കാര്യങ്ങളും അനുകരിക്കപ്പെടുന്നു വെന്നുള്ളതാണ് ഇതിന്റെ മറുവശം.

അങ്ങനെ അനുകരിക്കാൻ പാടില്ലാത്തതും എന്നാൽ നല്ലൊരു പങ്ക്‌ ആളുകളും അറിഞ്ഞും അറിയാതെയും അനുകരിച്ചു പോരുന്നതുമായ പ്രവ്യത്തികളാണ് ലഹരി വസ്തുക്കളുടെ ഉപയോഗം; പുകവലി ഉൾപ്പെടെ! ഇതാകട്ടെ ഇതിന്റെ അപകടങ്ങൾ അറിഞ്ഞുകൊണ്ടു തന്നെയാണ് നല്ലൊരു പങ്ക്‌ ആളുകളും അനുകരിക്കുന്നതെന്നതാണ് ഒരു പ്രത്യേകത.

യുക്തിബോധമുള്ള മനുഷ്യരും യുക്തിബോധമില്ലാത്ത മനുഷ്യരും അയുക്തികമായ ഈ പ്രവ്യത്തി-പുകവലി- നടത്തുന്നു വെന്നതാണ് സത്യം. പണ്ഡിതനും പാമരനും,ദരിദ്രനും സമ്പന്നനും,സാക്ഷരനും നിരക്ഷരനും,സ്ത്രീയും പുരുഷനും ഒക്കെ ഈ ദു:ഷ്പ്രവ്യത്തി ചെയ്യുകയാണ്! വിദ്യാസമ്പന്നനും പള്ളിക്കൂടം കണ്ടിട്ടില്ലാത്തവനും ഒരു പോലെ ഈ മണ്ടത്തരം കാണിക്കുകയാണ്. ആരോഗ്യരക്ഷാപ്രവർത്തകരായ ഡോക്ടർമാരിലും നല്ലൊരു പങ്ക് പുകവലിച്ച് രസിക്കുകയാണ്. വേലി തന്നെ വിളവു തിന്നുന്നതുപോലെ!

ചൊട്ടയിലെ ശീലം ചുടലവരെ

സാധാരണ കുട്ടികളായിരിക്കുമ്പോൾ തന്നെ പുകവലി ഭ്രമം ആരംഭിക്കുകയാണ്. കാരണം മുതിർന്നവർ ആസ്വദിച്ചു പുകവലിക്കുന്നത് കാണുന്ന കുട്ടികൾ അത് അനുകരിക്കാൻ ശ്രമിക്കുന്നു.ആദ്യമാദ്യം മുതിർന്നവരുടെ പുകച്ചുരുട്ടുകൾ കട്ടെടുത്ത് രുചിച്ചുനോക്കും. പിന്നെ കുട്ടുകാരോടൊപ്പം ചേർന്ന് പരീക്ഷിക്കും. കൌമാരദശായിലാണ് ശരിക്കും പുകവലിയോടൊരു കുതൂഹലം തോന്നിത്തുടങ്ങാൻ കൂടുൽ സാദ്ധ്യത. പ്രത്യേകിച്ചും ആൺകുട്ടികളിൽ.

പുകവലിച്ചാലേ പുരുഷനാകൂ എന്നൊരു തെറ്റിദ്ധാരണ കൌമാരത്തിലേ പിടികുടുന്നുണ്ട്‌. അതാണ് ഒരു പ്രേരണ. പുകവലിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയിട്ടായാലും കുട്ടികൾ പുകവലി തുടങ്ങും. കാരണം ആണുങ്ങളാ‍കണ്ടേ? മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി പുകവലിക്കുന്നവരും ഉണ്ട്.കാരണം ഞങ്ങളും അതിന് ‘ആളായി’രിക്കുന്നുവെന്ന പ്രഖ്യാപനം!

പറഞ്ഞു വരുന്നത് ഒരു പ്രധാനകാര്യമാണ്. കുട്ടികൾ പുകവലിച്ചു തുടങ്ങാൻ കാരണം, പുകവലിയുടെ എല്ലാ ദൂഷ്യങ്ങളും അറിഞ്ഞുകൊണ്ടു തന്നെ അത് വലിച്ചുവിടുന്ന മുതിർന്നവരാണ്. മുതിർന്നവരിൽ നിന്നു കണ്ട് അവരെ അനുകരിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ എഴുതി വച്ചിട്ടുള്ളത് വായിച്ചിട്ടു തന്നെയാണ് ഈ അയുക്തിക പ്രവ്യത്തി ചെയ്യുന്നത്.

അതുകൊണ്ട് തലമുറകളിലൂടെയുള്ള പുകവലിയുടെ ഈ വ്യാപനം തടയാൻ ഏറ്റവും പുതിയതലമുറയ്ക്ക് മാത്രമേ കഴിയൂ. ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്നവരുടെ തലമുറ സ്വയം നിയന്ത്രിച്ച് മാതൃക കാട്ടുന്നതിലൂടെ മാത്രമേ പുകവലി അടുത്തതലമുറയിലേക്കു വ്യാപിക്കുന്നത് നിയന്ത്രണ വിധേയമാവുകയുള്ളു. ഒരു തലമുറ അടുത്ത തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് പുകവലി എന്ന ദു:ശീലം പകർത്തിക്കൊടുക്കുന്നു എന്നുള്ളത്.

പുകവലി ആരോഗ്യത്തിനു ഹാനികരം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഇതിനകം സംശയങ്ങൾക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.എന്നിട്ടും ആളുകൾ പുകവലിക്കുന്നു. ഇത് ഒരു ശീലമല്ല; സാക്ഷാൽ ദു:ശീലമാണ്. ഇഞ്ചിഞ്ചായി ആത്മഹത്യ ചെയ്യുന്ന അപക്വമായ പ്രവ്യത്തി!

പുകയിലയിൽ ആയിരത്തോളം രാസപദാർതഥങ്ങൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ,കാർബൺ മോണോകൈസ്ഡ്, ടാർ എന്നിവയാണ് അവയിൽ പ്രധാനം. ഏറ്റവും മാരകമായിട്ടുള്ള പദാർത്ഥങ്ങളാണ് അവ. നാഡികളെ താൽക്കലികമായി ഉത്തേജിപ്പിക്കുന്ന നിക്കോട്ടിൻ ക്രമേണ അവയുടെ പ്രവർത്തനത്തെ മന്ദീഭവിക്കുന്നു. ടാർ അർബുദരോഗം വരുത്തും. സ്വരം പരുഷമാക്കിത്തിർക്കും.കാർബൺ മോണോകൈസ്ഡ് രക്തത്തിലെ ഓക്സിജൻ വാഹകശക്തിയെ ഗണ്യമായി കുറയക്കുകയും, രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

രണ്ടായിരത്തിൽ പരം രാസഘടകങ്ങൾ പുകയിലയിൽനിന്നുമാത്രം വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഉണങ്ങിയ പുകയിലയിൽ 89-90 ശതമാനം രാസപദാർത്ഥങ്ങൾ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ, നൈട്രോജനിക യൌഗികങ്ങൾ, കാർബണിക-അകാർബണിക അമ്ലങ്ങൾ, പോളിഫിനോളുകൾ, വർണകങ്ങൾ, എണ്ണകൾ,ആൽക്കലോയിടുകൾ, എൻസൈമുകൾ എന്നിവയാണ് പ്രധാനം.

ചെറിയ തോതിൽ മറ്റ് രാസപദാർത്ഥങ്ങളും പുകയിലയിൽ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിൻ ആണ് പ്രധാന ആൽക്കലോയിഡ്. കൂടാതെ സിഗരട്ടിന്റെ വീര്യം കൂട്ടാനും പുകവലിക്കുന്നവരെ അതിനു കൂടുതൽ അടിമപ്പെടുത്താനും ചില രാസവസ്തുകൾ പ്രത്യേകമായി ചേർക്കന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രുചി, ഗന്ധം, വീര്യം എന്നിവ കൂട്ടാൻ രാ‍സവസ്തുകൾ ഉപയോഗിക്കുന്നു.


പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങൾക്കു അറിവുണ്ടെന്നും, അറിഞ്ഞുകൊണ്ടു തന്നെയാണ് പുകവലിക്കുന്നതെന്നും പറയുന്നുണ്ടെങ്കിലും ശരിക്കും ഇതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും അറിയില്ലെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. വെറും ഒരു കൌതുകത്തിനോ, ഫാഷനോ വേണ്ടി തുടങ്ങുന്ന പുകവലി പിന്നീട് പലർക്കും നിർത്തനാകാത്ത ദു:ശീലമായി വളരുകയാണ് ചെയ്യുന്നത്. അല്പാലപമായി അത് ആരോഗ്യത്തെ കാർന്നു തിന്നുന്നു. അവസാനം രോഗ ശയ്യയിൽ വീഴുമ്പോൾ മാത്രമാണ് അതു ബോദ്ധ്യമാകുന്നത്.

അപ്പോഴും എല്ലാവർക്കും അത് ബോധ്യമാകുന്നു പറയാനാകില്ല. കാരണം പുകവലി കൊണ്ടാണ് ഒരു രോഗം വന്നതെന്നു പറഞ്ഞാൽ അതേ രോഗം പുകവലിക്കാത്തവർക്കും വരുന്നുണ്ടല്ലോ എന്നു പറഞ്ഞു തർക്കിക്കുന്നവരുണ്ട്. യാ‍തൊരു ദു:ശീലവുമില്ലാതെ നല്ലനല്ല പച്ചക്കറികളും തിന്നു ജീവിക്കുന്ന എത്രയോ പേർക്കു മാരകരോഗങ്ങൾ വന്നു അവർ മരിക്കുന്നു. അതു കൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയവയെ എന്തിനു കുറ്റം പറയുന്നു എന്നു ചോദിക്കുന്നവരുണ്ട്.

എല്ലാത്തരത്തിൽ പെട്ട ആളുകൾക്കും ഏതുതരത്തിൽ പെട്ട രോഗവും വരാം എന്നതുകൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം രോഗമുണ്ടാകുന്നുവെന്ന യാഥാർത്ഥ്യം നിഷേധിക്കാനാകുമോ? മുടന്തൻ ന്യായം പറഞ്ഞ് ആരോഗ്യത്തിനു ഹാനികരമായ ദു:ശീലങ്ങൾ തുടരുന്നത് യുക്തിയാണോ? ഏവരും ചിന്തിക്കേണ്ട കാര്യമാണ്.

എന്തായാലും ഒരു കാര്യം ഉറപ്പ്; പുകവലിക്കുന്നവർ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കും.അതു കൊണ്ട് പുകവലിക്കാരോട് അത് ഒരു തരത്തിലും നിർത്താൻ തയ്യാറല്ലെങ്കിൽ നമുക്കു പറയാവുന്നത് മരിക്കാം മരിക്കാം മരിച്ചുകൊണ്ടേ ഇരിയ്ക്കാം എന്നുമാത്രമാണ്. അല്ലെങ്കിൽ വലിയ്ക്കൂ വലിപ്പിയ്ക്കൂ മരിച്ചുകൊണ്ടേയിരിയ്ക്കൂ എന്നു മാത്രമാണ്!


പുകവലിയും രോഗങ്ങളും


തുടർച്ചയായി പുകവലിക്കുന്നവരിൽ ഉന്മേഷക്കുറവ്, രുചിയില്ലായ്മ തുടങ്ങിയവ ക്രമേണ പ്രത്യക്ഷപ്പെടും. ചായയും സിഗരറ്റും നിരന്തരം ഉപയോഗിച്ച് ഭക്ഷണത്തോട് താല്പര്യം കാണിക്കാത്ത നിരവധി പേരുണ്ട്. ഭക്ഷണം കഴിക്കുന്നതും ചായകുടിക്കുന്നതും എന്തിനു, പച്ചവെള്ളം കുടിക്കുന്നതു പോലും ശേഷം ഒരു സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമായി മാറുകയാണ് പലരിലും.

ദു:ഖം വന്നാൽ പുക, സന്തോഷം വന്നാൽ പുക, ടെൻഷൻ വന്നാൽ പുക, ക്ഷീണം വന്നാൽ പുക, ഉറങ്ങാൻ പുക, ഭക്ഷണം കഴിച്ചാൽ പുക, ചിലർക്കു ഉറങ്ങാതിരിക്കാൻ പുക, ബാത്ത്‌ റൂമിൽ പോകാൻ പുക, കുളിക്കാൻ പുക, കുളി കഴിഞ്ഞാൽ പുക! അങ്ങനെയങ്ങനെ പുകവലിയുടെ പ്രേരണയും പിൻബലവും ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്കു മാറുകയാണ് ഓരോ പുകവലിക്കാരും. ജീവിതം തന്നെ പുകവലിക്കു വേണ്ടി സമർപ്പിക്കുന്നു. അവസാനം അവരുടെ ജീവിതം തന്നെ ‘പുക’ എന്നല്ലാതെ എന്തുപറയാൻ?


ഉന്മേഷക്കുറവ്, രുചിയില്ലായ്മ എന്നിവ ക്രമേണ പുകവലിക്കാരനെ പിടികുടുന്നു. പുകയിലയിലെ ടാർ ശ്വാസ കോശാർബുദത്തിനു കാരണമാകുന്നു രക്ത സമ്മർദ്ദം ഉയരുക, ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളിൽ രക്തം കട്ടിയാവുക തുടങ്ങിയ രോഗങ്ങൾ നിക്കോട്ടിൻ മൂലം ഉണ്ടാകുന്നു. പുകവലിയും പുകയില തീറ്റിയും മൂലമാണ് നല്ലൊരു പങ്ക് ആളുകൾക്കു കാൻസർ ഉണ്ടാകുന്നത്.

ഒരു കടലാസിലോ വെള്ളത്തുണിയിലോ സിഗരറ്റ് പുക കൊള്ളിച്ചാൽ അത് മഞ്ഞനിറമാകുന്നതു കണ്ടിട്ടില്ലേ? കുറെ സിഗരറ്റെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ആളുവടിയാകും! പരീക്ഷിക്കേണ്ട; സത്യമാണ്. മരണം ഉറപ്പ്. അറുപതു മില്ലിഗ്രാം നിക്കോട്ടിൻ ഒന്നായി കുത്തിവച്ചാലും ആൾമരിക്കും. കഫശല്യം, ചുമ, ദഹനക്കേട് തുടങ്ങി നിസാരമൊന്നു കരുതുന്ന രോഗങ്ങൾ മുതൽ ഹൃദയസ്തംഭനം, ബ്രോങ്കൈറ്റിസ്, എംഫിസിമ, പെപ്റ്റിക്കും അൾസർ, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വരെ പുകവലി മൂലം ഉണ്ടാകുന്നു.

പുരുഷന്മാരിൽ ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ കാൻസർ രോഗികളിൽ 40 % പുകവലി മൂലം രോഗികളായ വരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിൽ നാല് ഹൃദ് രോഗികളിൽ ഒരാളുടെ മരണകാരണം പുകവലി മൂലമാണ്. പുകവലിക്കുന്നവരുടെ ശ്വാസകോശം തലച്ചോറ്, ഹൃദയം എന്നിവ പലപ്പോഴും തകരാറിലായിരിക്കുമെന്നതിനാൽ ഇത്തരക്കാരിൽ ശസ്ത്രക്രിയകൾ ചെയ്യുന്ന സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


അച്ഛനമ്മമാർ പുകവലിക്കുന്ന വരാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം അപകടത്തിൽ ആകും. അമ്മയുടെ പുകവലി കുട്ടികൾക്കു ജന്മം നൽകാനുള്ള കഴിവിനേയും, ശിശുവിന്റെ ആരോഗ്യത്തേയും പ്രതികുലമായി ബാധിക്കും. ഗർഭിണിയുടെ അടുത്തിരുന്നു പുകവലിച്ചാൽ ആ പുക അമ്മ ശ്വസിക്കുന്നതു മൂലം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം തകരാറിലാകും. പുകവലിക്കുന്നവരുടെ കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതമായി പുകവലിക്കുന്നവർക്കു അന്ധതയും ഉണ്ടാകും. കണ്ണിന്റെ ലെൻസ് വികസിക്കുകയും സുതാര്യമാവകയും ചെയ്യുന്ന പ്രവണത (കാറ്ററാക്ട്) വർദ്ധി ക്കുന്നതോടൊപ്പം അന്ധത ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.


ഇന്ത്യയിൽ കണ്ടുവരുന്ന കാൻസറുകളിൽ മൂന്നിൽ ഒന്നും പുകവലി മൂലമാണ് ഉണ്ടാകുന്നത്.വായ്,തൊണ്ട, ശ്വാസകോശം, അന്നനാളം, ശബ്ദനാളം, എന്നിവിടങ്ങളിൽ പുകയിലയുടെ നേരിട്ടുള്ള പ്രവർത്തന ഫലമായാണ് കാൻസർ ഉണ്ടാകുന്നത്.മൂത്രാശയം, മൂത്രനാളിക, വ്ര്ക്കകൾ,ആഗ്നേയഗ്രന്ഥി, ഗർഭാശയനാളം എന്നിവിടങ്ങളിൽ നേരിട്ടല്ലാതെയുള്ള പ്രവർത്തനം മൂലവും കാൻസർ പിടിപെടുന്നു. ഇന്ത്യയിലുണ്ടാകുന്ന ഹൃദയാഘാ‍തങ്ങളിൽ 22 ശതമാനം പുകയിലയുടെ ഉപയോഗം മൂലമാണത്രേ! ശ്വാസകോശ രോഗങ്ങളിൽ ഇത് 45 ശതമാനമാണ്. പക്ഷാഘാതങ്ങളിൽ 16 ശതമാനവും പുകയില മൂലമാണ് ഉണ്ടാകുന്നത്.

സിഗരറ്റ് വലിക്കുന്നവർ അന്തരീക്ഷത്തിൽ കലർത്തുന്ന പുക ശ്വസിച്ച് മറ്റുള്ളവരും രോഗികളാകുന്നു. അവരുടെ കാഴ്ചശക്തിയെ ഉൾപ്പെടെ അതു ബാധിക്കും. അതുകൊണ്ടു തന്നെ പുകവലി ഒരു സാമൂഹ്യ ദ്രോഹവുമാണ്.


സ്ത്രീകളാ‍ണ് പുകവലിക്കുന്നതെങ്കിൽ അവരിൽ ഗർഭച്ഛിദ്രത്തിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അംഗവൈകല്യമുള്ള കുട്ടികളെ പ്രസവിക്കൽ തുടങ്ങിയവ പുകവലിക്കാരായ അമ്മമാരിൽ സംഭവിക്കുന്നു. ഗർഭപാത്രത്തിൽ വച്ചു തന്നെ കുട്ടി നിക്കോട്ടിന്റെ പിടിയിൽ അമരുന്നതാണ് ഇതിനു കാരണം. പുകവലിക്കാരായ അമ്മമാർ പ്രസവിക്കുന്ന കുട്ടികൾക്കു നിറം മാറ്റവും കണ്ടു വരാറുണ്ട്. കൂടാതെ ഇത്തരം കുഞ്ഞുങ്ങളിൽ- ഹൃദയ ധമനികളിൽ തകരാറ്, ന്യൂമോണിയ , ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളും കാണപ്പെടുന്നു.

സ്ത്രീകളുടെ മുഖകാന്തിയും ചർമ്മകാന്തിയും പുകവലി കാരണം നഷ്ടമാകുന്നു. അവരുടെ ബാഹ്യ സൌന്ദര്യത്തിന് ആകെത്തന്നെ കോട്ടംതട്ടും. പുകവലിച്ച് എന്തിന് വെറുതെ സൌന്ദര്യം കളയണം?

പാസീവ് സ്മോക്കിംഗ്

പുകവലിക്കുന്നവരുടെ അടുത്തിരുന്നു ആ പുക ശ്വസിക്കുന്നതിലൂടെ അപകടത്തിലാകുന്ന നിരപരാധികളെയാണ് പാസീവ് സോമക്കേഴ്സ് എന്നു വിളിക്കുന്നത്. സിഗരറ്റ് വലിച്ച് പുറത്തുവിടുന്ന പുകയിൽ നിക്കോട്ടിൻ, കാർബൺ മോണോകൈസ്ഡ്, അസറ്റാൽഡിഹൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ശരീരത്തിന് മാരകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതു കൊണ്ടുതന്നെ പൊതുസ്ഥലങ്ങളിലെ പുകവലി ഒരു സാമൂഹ്യദ്രോഹമാണ്.

സാമ്പത്തിക നഷ്ടം

പുകവലിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. ഇതെഴുതുമ്പോൾ നാലുരൂപാ വിലയുള്ള സിഗരറ്റുണ്ട്. ദിവസവും ഇരുപത് സിഗരറ്റും അതിലധികവും വലിക്കുന്ന മനുഷ്യരുണ്ട്. നാലുരൂപയ്ക്ക് വിൽക്കുന്ന സിഗരറ്റാണുപയോഗിക്കുന്നതെങ്കിൽ ദിവസം ഇരുപതുവച്ചായാൽ തന്നെ ദിവസവും എൺപതു രൂപാ വീതം ഒരു വലിക്കാരന് ചെലവാകും. മാസത്തിൽ അത് രണ്ടായിരത്തി നാനൂറ് ആകും. അപ്പോൾ വർഷത്തിലോ? കൂട്ടിനോക്കുക!

കൈയ്യിലിരിക്കുന്ന പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാൻ ചെലവാക്കുന്നതാണ് ഈ തുക! നാം അദ്ധ്വാനിച്ചു കിട്ടുന്ന പണം നമ്മെ അദ്ധ്വാനിക്കാൻ സഹായിക്കുന്ന ശാരീരികാരോഗ്യത്തെ നശിപ്പിക്കുവാൻ ഇപ്രകാരം ഉപയോഗിക്കണോ എന്ന് ഏവരും ചിന്തിക്കുക!

Wednesday, June 3, 2009

വിന വരുത്തുന്ന ആഗോളതാപനം

വിന വരുത്തുന്ന ആഗോളതാപനം

ആഗോളതാപനവും തന്മൂലമുണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും ചൂടേറിയ ചർച്ചാവിഷയവും പ്രാധാന്യമേറിയ ഗവേഷണരംഗവുമാണ്. കരയും കടലും ചേർന്നുള്ള ഭൂമിയുടെ അന്തീക്ഷത്തിലാകെ താപനിലയിണ്ടായിക്കൊണ്ടിരിക്കുന്ന വർധനയാണ് ആഗോള താപനം എന്ന പേരിലറിയപ്പെടുന്നത്.

ഇന്നു നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള മനുഷ്യ സംസ്കാരം ഉടലെടുത്തിട്ട് ഏതാണ്ട് ആറായിരത്തിലധികം വർഷങ്ങളായെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ മാത്രമാണ് ആഗോളാടിസ്ഥാനത്തിൽ ഭൂമിയിലെ താപനില രേഖപ്പെടുത്താൻ തുടുങ്ങിയത്. അങ്ങനെ കഴിഞ്ഞ നൂറ്റൻപതുവർഷത്തിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് 1998-ൽ ആണ്. പിന്നിട്ട ആയിരം വർഷങ്ങളിലെ താപവ്യതിയാനം കേവലം 0.2 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നെങ്കിലും 1998-ലെ ചൂട് മുൻ വർഷങ്ങളെക്കാൾ 0.4ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു.

ഇത്തരത്തിലുള്ള താപവർദ്ധനപ്രക്രിയ തുടരുകയാണെങ്കിൽ അടുത്ത നൂറു വർഷങ്ങളിൽ,അതായത് 2100 ആകുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രി സെൽ ഷ്യസ് വരെ വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.അതാകട്ടെ അന്തീക്ഷം ഇന്നത്തെ നിലയിലെങ്കിലും തുടരുകയാണെങ്കിൽ മാത്രം.

പ്രാണവായുവും ജലാംശവും നിറഞ്ഞ അന്തരീക്ഷം സൌരയയൂഥത്തിൽ ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. കോടാനുകോടി വർഷങ്ങൾ കടന്ന് പലതരത്തിലുള്ള പരിണാമപ്രക്രിയകൾക്കും രാസഘടനാ വ്യതിയാനങ്ങൾക്കും പാത്രീഭവിച്ചാണ് ഇന്നുള്ള അന്തരീക്ഷം ഭൂമിക്കു സ്വായത്തമായത്. അന്തരീക്ഷത്തിന്റെ പ്രത്യേകത തന്നെയാവണം ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉടലെടുക്കാൻ കാരണം.

ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലമായ അന്തരീക്ഷം ചുരുക്കം ചില വാതക ങ്ങളുടെ മിശ്രിതമാണ്.നൈട്രജനും(78%) ഓക്സിജനും(20.4%) ആണ് ഇവയിൽ പ്രധാനികൾ. ഒപ്പം ചെറിയ അളവിൽ കാർബൺ ഡൈഓക്സൈഡ്,ആർഗൺ,നിയോൺ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ ജലാംശമാണ് നീരാവി. പ്രകൃതി പ്രതിഭാസങ്ങളിലെ പ്രധാനികങ്ങളായ കാറ്റും മഴയും അന്തരീക്ഷത്തിലെ നീരാവിയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഭൌമ ഉപരിതലത്തിൽ നിന്ന് മുകളിലേക്കു പല പാളികളുള്ള അന്തരീക്ഷത്തിന്റെ താഴത്തെ പാളിയായ ട്രോപോസ്ഫിയറിലാണ് അന്തരീക്ഷ ജലാംശത്തിന്റെ തൊണ്ണൂറു ശതമാനവും. സൌരയൂഥത്തിലെ ആത്യന്തിക ഊർജസ്രോതസ്സായ സൂര്യൻ തന്നെയാണ് ഭൂമിക്കും ചൂടു നൽക്കുന്നത്. എന്നാൽ അന്തരീക്ഷഘടകങ്ങളുടെ താപാഗിരണശേഷിക്കനുസരിച്ച് ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ മർദ്ദത്തിനും താപത്തിനും വ്യത്യാസമുണ്ടാകും.

അന്തരീക്ഷത്തിലെ ഓസോൺ പാളികൾ സൂര്യതാപത്തിലെ അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയെ ആവാസയോഗ്യമാക്കുമ്പോൾ കാർബൺ ഡയോക്സൈഡും ജലാംശവും സൂര്യതാപം ക്രമീകരിച്ച് ഭൂമിയുടെ താപനില ചിട്ടപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കു വഫിക്കുന്നു.കോടിക്കണക്കിനു സംവത്സരം മുമ്പ് ഭൌമാന്തരീക്ഷം കാർബൺ ഡയോക്സൈഡും നീരാവിയും നിറഞ്ഞ് അധികതാപത്താൽ ചുട്ടുപൊള്ളുന്ന നിലയിലായിരുന്നു.

തുടർച്ചയായ മഴയും സമുദ്രങ്ങളുടെ ഉദ്ഭവവും സസ്യജാലങ്ങളുടെ ആവിർഭാവവും കാരണം അന്തരീക്ഷത്തിലെ നീരാവിയുടെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞതിനെത്തുടർന്നാണ് ഭൂമിയിലെ താപനില കുറഞ്ഞത്. ഈപ്രക്രിയ തുടർന്നാണ് ഭൂമി ആവാസയോഗ്യമായ തരത്തിലെത്തിയത്.


ഹരിതഗൃഹ വാതകങ്ങൾ ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച്, തിരിച്ച് അന്തരീക്ഷത്തിലേക്കു പോകുമ്പോൾ ചൂട് ആഗിരണം ചെയ്തും വീണ്ടും ഉപരിതലത്തിലേക്കയച്ചും ഭൂമി തണുത്തു വിറച്ചു പോകാതെ ഒരു പുതുപ്പുപോലെ സംരക്ഷിക്കുന്നത് കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ല് ളൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,നീരാവി തുടങ്ങിയ ഹരിതഗ്ര്ഹ വാതകങ്ങളാണ്. അക്കാരണം കൊണ്ടുതന്നെ അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവും ഭൂമിയിലെ താപനിലയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

മറ്റൊരുതരത്തിൽ പറഞ്ഞാൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിലുള്ള വർധന അന്തരീക്ഷത്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയും സൂര്യനിൽ നിന്നുള്ള ചൂട് അന്തരീക്ഷത്തിൽ ക്രമീകരിക്കാനുള്ള ഭൂമിയുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അഗ്നിപർവ്വത സ്ഫോടനവും സൌരവ്യതിയാനങ്ങളുമാണ് അന്തരീക്ഷത്തിൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ തോതു വർധിപ്പിക്കുന്ന സ്വാഭാവിക പ്രവർത്തനങ്ങൾ. എന്നാൽ പുരോഗതിക്കൊപ്പം സുഖസൌകര്യങ്ങളുടെ വർധനയിലും അതീവ തത്പരനായ മനുഷ്യൻ ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചതോടു കൂടി അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിൽ ക്രമാതീതമായ വർദ്ധനയുണ്ടായി.

വ്യാവസായിക വളർച്ചയ്ക്കൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലുണ്ടായ ആധിക്യമാണ് ഇതിനു കാരണം. പെട്രോളിയം ഉല്പന്നങ്ങളും പ്രക്ര്തിവാതകവും കൽക്കരിയുമൊക്കെയടങ്ങുന്ന ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഗണ്യമായ തോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്.ഇത്തരത്തിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാർബൺ ഡയോക്സൈഡ് ചില്ലറയൊന്നുമല്ല.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമികരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വ്ര്ക്ഷലതാദികളാണ്.അന്തരീക്ഷത്തിൽ സ്വാഭാവികമായുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് ക്രമീകരിക്കുന്നതിന് ആവശ്യമായ അളവിൽ സസ്യജാലങ്ങളില്ലാത്ത ഭൂമിയിൽ അനുദിനം നടക്കുന്നതാകട്ടെ വനനശീകരണവും. നാൾക്കുനാൾ വർധിച്ചുവരുന്ന അനിയന്ത്രിതമായ വനനശീകരണം മഴക്കാടുകളുടെയും സസ്യജാലങ്ങളുടെയും വ്യാപ്തി ഗണ്യമായി കുറയ്ക്കുകയും തദ്വാരാ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യുന്നുണ്ട്.

ഇതോടൊപ്പമുണ്ട് അനുദിനം വർധിച്ചു വരുന്ന ഉപഭോഗത്തിനൊത്ത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന അധികവാതകങ്ങളും. ഇതൊക്കെക്കുടിയുള്ള ചാക്രിക പ്രവർത്തനത്താലാകണം അന്തരീക്ഷത്തിന്റെ സ്വഭാവമാകെ മാ‍റി. ചൂട് സ്വയം ക്രമപ്പെടുത്താനുള്ള കഴിവ് ഭൂമിക്ക് നഷ്ടമാകാനും തന്മൂലം അന്തരീക്ഷ താപവർധനയിലേക്കുമാണ് ഇത്തരം പ്രവർത്തനം കൊണ്ടെത്തിച്ചത്. ആഗോള താപനമെന്ന ഈ പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയെയും ര്തുഭേദങ്ങളെയും സാരമായി ബാധിച്ചു.വർഷകാലവും ശരത്കാലവും താളം തെറ്റി.ചുരുക്കത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിലുള്ള ദുർഘട പ്രതിസന്ധിയിലൂടെയാണ് ഭൂമി ഇപ്പോൾ കടന്നു പോകുന്നത്.


പാരിസ്ഥിതിക അസന്തുലനം ആഗോള താപനത്തിന്റെ ഏറ്റവും പ്രകടമായ ഫലമായി കരുതുന്നത് ഭൂമിയുടെ ശരാശരി ഉഷ്മാവിലുണ്ടാകുന്ന വർധനയാണ്.ചൂടു കൂടുന്നതു മൂലം പരിസ്ഥിതിയിലുണ്ടാകുന്ന അനന്തര ഫലങ്ങൾ പേമാരിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും വരൾച്ചയും മറ്റുമാണ്.അന്തരീക്ഷത്തിന്റെ താപസന്തുലിതാവസ്ഥയിലുള്ള ആഘാതം പർവ്വതങ്ങളിലെ ഹിമാവരണത്തെയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകളെയും സമുദ്ര നിരപ്പിനെയും സാരമായി ബാധിക്കും. അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പൊടാനാകതെ കടലിലെയും കരയിലെയും ജീവജാലങ്ങളും ജന്തുക്കളും നശിച്ചു പോകും. മഹാവ്യാധികളാൽ മനുഷ്യൻ നട്ടംതിരിയും.

ധ്രുവപ്രദേശങ്ങളിലുണ്ടാകുന്ന താപവർധന നിമിത്തം ആയിരക്കണക്കിനു ചതുരശ്ര കി.മീ. വ്യാപിച്ചു കിടക്കുന്ന മഞ്ഞുപാളികൾ ഉരുകി ജലം സമുദ്രത്തിലെത്തുകയും ശരാശരി സമുദ്ര ജലവിതാനം ഉയരുകയും ചെയ്യും. വരുംവർഷങ്ങളിൽ ആഗോള താപനം നിമിത്തം സമുദ്രനിരപ്പ് ഇന്നത്തേതിനെക്കാൾ ഒരു മീറ്റർ വരെ ഉയരാമെന്നാണ് പംനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള സമുദ്രതീരപ്രദേശങ്ങളെയും ദ്വീപുകളെയും വെള്ളത്തിലാഴ്ത്തും. മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട നമ്മുടെ നാടിന്റെ കാര്യം ഓർത്തു നോക്കു.നമ്മുടെ തീരപ്രദേശങ്ങൾ ഭൂരിഭാഗവും ഇപ്പോഴത്തെ സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ളവയാണ്.

അതുകൊണ്ടു തന്നെ സമുദ്ര ജലവിതാനത്തിലുണ്ടാകുന്ന ഒരു മീറ്ററോളം ഉയർച്ച നമ്മുടെ മഹാനഗരങ്ങളായ കൊൽക്കത്ത, ചെന്നെ, മുംബൈ, തുടങ്ങിയവയെ വെള്ളത്തിലാഴ്ത്തും.

കടലിനോടു മല്ലിട്ട് മത്സ്യബന്ധനം തൊഴിലാക്കി തീരദേശത്തു വസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണിയിലാഴ്ത്തും.ലക്ഷദ്വീപ് സമൂഹങ്ങളും ആൻഡമാൻ നിക്കോബാ‍ർ ദ്വീപുകളുടെ ഗണ്യമായ ഭാഗവും കടൽ വിഴുങ്ങും. ഇതൊക്കെയും സമുദ്രവിതാനത്തിലെ വർധന ഒരു മീറ്ററിനുള്ളിലാണെങ്കിൽ മാത്രം.കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർട്ടിക്,അന്റാർട്ടി പ്രദേശത്തെ മഞ്ഞുമലകളുടെയും ഗണ്യമായ ഭാഗം ഉരുകിയൊഴുകിയാൽ പത്തു മീറ്ററിലധികമായിരിക്കും സമുദ്രനിരപ്പിന്റെ വർധന.

ഇത് ഭൂമിയിൽ കടലും കരയും തമ്മിലുള്ള അനുപാതത്തിൽത്തന്നെ കാതലായ വ്യതിയാനമുണ്ടാക്കും. അനന്തരഫലങ്ങൾ പ്രവചനാതീതമാണ്. സമുദ്രനിരപ്പിലുണ്ടാകുന്ന വർധന മാത്രമല്ല ആഗോളതാപനത്തിന്റെ പരിണതഫലം.അന്തരീക്ഷ ഊഷ്മാവിന്റെ വർദ്‌ധന പല സാംക്രമിക രോഗങ്ങൾക്കും കാരണമാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പല രോഗങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കും.

ഉയർന്ന പ്രദേശങ്ങളിൽ തണുപ്പു കുറയുക നിമിത്തം അവിടൊക്കെ കൊതുകു ജന്യരോഗങ്ങൾ പടരാ‍നിടയാകും. മൊത്തത്തിൽ മനുഷ്യരാശി അരക്ഷിതാവസ്ഥ നേരിടുമെന്നു സാരം. ഇതിനൊക്കെ പുറമെ കാലാവസ്ഥാ വ്യതിയാനം ക്ര്ഷി മേഖലയ്ക്കു നൽകുന്ന ആഘാതങ്ങൾ വേറെയും.

ആഘാതം കാർഷിക മേഖലയിൽ സന്തുലിതമായ കാലാവസ്ഥയും സുഖകരമായ ഋതു ഭേദങ്ങളും സമ്പുഷ്ടമായ ജലാശയങ്ങളും നയനാനന്ദകരമായ പ്രക്ര്തിഭംഗിയുമൊരുക്കിയ ഭൂമി വ്യത്യസ്ത ജീവജാലങ്ങൾക്കാവശ്യമായ പാർപ്പിടത്തിനും ഭക്ഷണത്തിനും വേണ്ടതൊക്കെയും കരുതിയിരുന്നു. പ്രക്ര്തിദത്തമായ കായ്കനികൾ ഭക്ഷണമാക്കിയും അരുവികളിലെ തെളിനീർ കുടിനീരാക്കിയും ജീവിതമരംഭിച്ച മനുഷ്യർ വളരെപ്പെട്ടെന്നു തന്നെ തനിക്കു വേണ്ടതെന്തും ഭൂമിയിൽ വിളയിച്ചെടുക്കാമെന്നു തിരിച്ചറിഞ്ഞതാണ് ക്ര്ഷിയുടെ തുടക്കം.

മൂന്നിൽ രണ്ടു ഭാഗത്തോളം ജലാവ്ര്തമായ ഭൌമ ഉപരിതലത്തിൽ ശേഷിക്കുന്ന കരഭാഗം എല്ലാം തന്നെ ക്ര്ഷിക്ക് ഉപയുക്തമല്ല. കാലാവസ്ഥാപ്രത്യേകതകളും ഭൂപ്രക്ര്തിയും മണ്ണിന്റെ സ്വാഭവവും ജലത്തിന്റെ ലഭ്യതയുമാണ് ഒരു പ്രദേശത്തെ ക്ര്ഷിക്കനുയോജ്യമാക്കുന്ന പ്രധാന ഘടകങ്ങൾ.അങ്ങനെ നോക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളുംക്ര്ഷിക്ക് ഉപയുക്തമാണെന്നു പറയാം.


മലനാടും ഇടനാടും തീരപ്രദേശവുമടങ്ങുന്നതാണ് കേരളത്തിന്റെ ഭൂപ്രക്ര്തി. ഓരോ ഭൂപ്രക്ര്തിക്കും ഇണങ്ങുന്ന ക്ര്ഷിരീതിയും നാം തുടർന്നു പോകുന്നു. തേയിലയും കാപ്പിയും ഉൾപ്പെടെയുള്ള തോട്ടവിളകളാൽ സമ്ര്ദ്ധമായ മലനാടും തെങ്ങും കവുങ്ങും വാഴയും മരച്ചീനിയും നെല്ലുമൊക്കെയുള്ള ഇടനാടും പ്രധാനമായും നെൽക്ക്ര്ഷി നടത്തുന്ന തീരപ്രദേശവും കേരളത്തിന്റെയും പ്രത്യേകതയാണ്.

സഹ്യസാനുക്കളിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും പോഷകനദികളും ജലാശയങ്ങളും ചേർന്ന് ജലസമ്രദ്ധമാക്കിയിരുന്ന കേരളത്തിൽ അടുത്ത കാലം വരെ ക്ര്ഷി മുൻപന്തയിലായിരുന്നു. കായലും നദികളും ചെറുതോടുകളും ചേർന്ന് മിക്കപ്പോഴും ജലവലയിതമായിക്കിടക്കുന്ന പ്രദേശങ്ങളിൽ‌പ്പോലും ജലമോചനം നേടി ക്ര്ഷി നടത്തിരുന്നു.

സമുദ്രനിരപ്പിനും താഴെയുള്ള കുട്ടനാടൻ കായൽ നിലങ്ങൾ ഇതിനൊരുദാഹരണമാണ്. ആഗോളതാപനം മൂലമുണ്ടാകാനിടയുള്ള സമുദ്രജലവിതാനത്തിന്റെ ഉന്നതി നമ്മുടെ തീരപ്രദേശങ്ങളിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിന് സംശയമില്ല. നൂറു കണക്കിന് ഹെക്ടർ പ്രദേശത്തെ നെൽക്ക്ര്ഷി അസാധ്യമാകുന്നതിനൊപ്പം മറ്റു ക്ര്ഷികളെയും ഇത് ബാധിച്ചേക്കും.

ഇതിനു പുറമെ സമുദ്രനിരപ്പുയരുന്നതോടു കൂടി തീരപ്രദേശത്ത് ലവണാംശമുള്ള ജലം കുറയുകയും ചെയ്യും. ഈ പ്രതിഭാസം തീരപ്രദേശത്തോടു ചേർന്നുള്ള ഉൾനാടൻ ഭാഗത്തെ സസ്യജലങ്ങളുടെയും ക്ര്ഷിയുടെയും നാശത്തിനാണു കാരണമാകുക.


ഉയർന്നു വരുന്ന താപനിലയും ജലദൌർലഭ്യവും ഇടനാട്ടിലെയും മലനാട്ടിലെയും കാർഷികരംഗത്തിന്റെ നട്ടെല്ലൊടിക്കും.തേയില, കാപ്പി, പഞ്ഞി, ഓറഞ്ച്, തുടങ്ങി കുറഞ്ഞ താപനിലയും തണുപ്പും ആവശ്യമായ തോട്ടവിളകളുടെ ക്ര്ഷി മലനാട്ടിൽ‌പ്പോലും അസാധ്യമായിത്തീരാനിടയുണ്ട്. ഇത്തരത്തിൽ ക്ര്ഷിരീതികളാകെ മാറുന്നത് സമ്പദ്ഘടന തകിടം മറിയുന്നതിലേക്കാവും നയിക്കുക.

ക്യോട്ടോ പ്രോട്ടോക്കോൾ ആഗോളതാപനത്തിന്റെ ദൂരപ്യാപകമായ വിപത്തുകൾ മനസ്സിലാക്കിക്കൊണ്ടാകണം ലോകരാജ്യങ്ങൾ മിക്കതും ഒറ്റയ്ക്കും കൂട്ടായുമുള്ള വിചിന്തനത്തിന് തയ്യാറായിട്ടുള്ളത്.അത്തരത്തിലൊരു പരിശ്രമത്തിന്റെ ഫലമാണ് പ്രസിദ്ധിമായ ക്യോട്ടോ പ്രോട്ടോകോൾ.

ഹരിതഗ്ര്ഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുവാൻ ശ്രമിക്കുന്നതിനായി വിവിധ രാജ്യങ്ങൾ 1992-ലൊപ്പുവച്ച ഉടമ്പടിയാണ് ഇത്.ഇതിനകം 183 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.മനുഷ്യജന്യമായ കാരണങ്ങളാൽ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനം നിയന്ത്രിക്കാൻ അന്തരീക്ഷിത്തിലേക്ക് വിസർജിക്കുന്ന ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവ് കുറച്ചേ മതിയാകൂ. ഇതിനായി കാർബൺ അടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും വനനശീകരണം തടയുകയും ചെയ്യുക മാത്രമേ പോംവഴിയുള്ളൂ. ഇതിലേക്കായി ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു ഊർജ സംസ്കാരം വികസിച്ചെടുക്കേണ്ടതുണ്ട്.

ബഹുരാഷ്ട്ര വ്യവസാ‍യ കുത്തകകളും വികസിത രാജ്യങ്ങളുമാണ് ഈ രംഗത്ത് ഏറ്റവും അധികം ശ്രദ്ധ ചെലുത്തേണ്ടതെങ്കിലും വലുപ്പചെറുപ്പമില്ലാതെ ഓരോരുത്തരും ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവു ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം പരിസ്ഥിതിക്കിണങ്ങിയ ഭൂവിനിയോഗ രീതിയും കാർഷികരീതിയും പ്രാവർത്തികമാക്കുകയും വേണം. ജീവന്റെ നിലനില്പിനു തന്നെ അപകടകരമായ ആഗോളതാപനമെന്ന മഹാവിപത്തിനെ നിയന്ത്രിക്കാൻ മാനവരാശിയുടെ ഒറ്റക്കെട്ടായുള്ള പ്രയത്നമാണ് അടിയന്തരാവശ്യം.