ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Monday, April 6, 2009

യുവജനതാത്‌പര്യം

മാത്ര്‌ഭൂമി ലേഖനം

യുവജനതാത്‌പര്യം

യോഗേന്ദ്ര യാദവ്‌

യുവജനങ്ങളുടെ വോട്ടിന്‌ നമ്മുടെ രാജ്യത്ത്‌ വേറിട്ട പ്രാധാന്യം കല്‌പിക്കേണ്ടതുണ്ടോ? 'ഉണ്ട്‌' എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മാധ്യമങ്ങള്‍ പൊതുവെ ഈ പൊതുതിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്‌. ഈ വിശ്വാസം ജനങ്ങളിലേക്ക്‌ സംക്രമിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.

എന്നാല്‍, രാഷ്ട്രീയ കുടുംബങ്ങളിലെ പുതുമുറക്കാരെ യുവനേതാക്കളായും ആംഗലം മൊഴിയുന്ന നഗരവാസികളായ വിദ്യാര്‍ഥികളെ യുവവോട്ടര്‍മാരായും അവതരിപ്പിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. പൗരബോധവും രാഷ്ട്രീയ അവബോധവുമുള്ള യുവതയില്‍ നിന്നും നമ്മുടെ ശ്രദ്ധ വികര്‍ഷിക്കപ്പെടുകയാണ്‌ ഇതുമൂലമുണ്ടാവുന്നത്‌.

നമ്മുടെ രാജ്യത്ത്‌ വോട്ടവകാശമുള്ള ഒട്ടനേകം യുവജനങ്ങളുണ്ടെന്നത്‌ ശരിയാണ്‌. പല വികസിത രാജ്യങ്ങളിലുമുള്ളതിലേറെ യുവവോട്ടര്‍മാര്‍ ഇന്ത്യയിലാണുള്ളത്‌. യുവജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു 'സ്വഘട്ടത്തിലൂടെയാണ്‌ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. അതു പക്ഷേ, ജനസംഖ്യാവിദഗ്‌ധരുടെ വിഷയമാണ്‌.

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയമാനങ്ങളാണ്‌ നമുക്ക്‌ പരിശോധനാവിധേയമാക്കേണ്ടത്‌. ജനസംഖ്യയിലെ പങ്കാളിത്തം കൂടുന്നതിനനുസരിച്ച്‌ രാഷ്ട്രീയത്തിലും യുവാക്കള്‍ക്ക്‌ പ്രാമുഖ്യമേറുമെന്ന വിശ്വാസമാണ്‌ പൊതുവെയുള്ളത്‌. വേറിട്ട രാഷ്ട്രീയ ഇച്ഛകളും സമീപനങ്ങളും വോട്ടിങ്‌ സ്വഭാവവുമൊക്കെയുള്ള ഒരു പ്രത്യേക വിഭാഗമാണ്‌ യുവജനങ്ങള്‍ എന്ന അനുമാനമാണ്‌ ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. 'സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്‌ ദ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌' (സി.എസ്‌.ഡി.എസ്‌.) നടത്തിയ 'ദേശീയ തിരഞ്ഞെടുപ്പു പഠനങ്ങളി'ല്‍ ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ നമുക്ക്‌ ഇതൊന്ന്‌ പരിശോധിക്കാം.

രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ക്കുള്ള താത്‌പര്യത്തിന്റെ അളവ്‌ മറ്റുള്ളവരുടേതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല. 18നും 25 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനം രാഷ്ട്രീയത്തില്‍ താത്‌പര്യമുള്ളവരാണെന്നാണ്‌ 2004-ലെ 'ദേശീയ തിരഞ്ഞെടുപ്പു പഠനം' സൂചിപ്പിച്ചത്‌; മൊത്തം ജനസംഖ്യയില്‍ ഇത്‌ 38 ശതമാനമായിരുന്നു. അതേ സമയം, വോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ഇവരുടെ ശുഷ്‌കാന്തി അല്‌പം കുറവാണെന്നു വേണം കരുതാന്‍. കഴിഞ്ഞ നാല്‌ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ വോട്ടിങ്‌ ശതമാനം ദേശീയ ശരാശരിയേക്കാള്‍ രണ്ടു മുതല്‍ നാല്‌ ശതമാനം വരെ കുറവായിരുന്നു.

നഗരങ്ങളിലെ അമ്പത്‌ ശതമാനത്തോളം യുവജനങ്ങള്‍ മാത്രം വോട്ട്‌ ചെയ്‌തപ്പോള്‍ ഗ്രാമങ്ങളിലത്‌ 56 ശതമാനമായിരുന്നു. ഗ്രാമങ്ങളിലാവട്ടെ യുവാക്കളുടെയും യുവതികളുടെയും വോട്ടിങ്‌ ശതമാനത്തില്‍ പത്തു പോയന്റിന്റെ അന്തരമുണ്ടായി. ലിംഗപദവിയും വാസസ്ഥലത്തിന്റെ സ്വഭാവവും പ്രായത്തേക്കാള്‍ പ്രസക്തമായി എന്നര്‍ഥം.

ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തിലും ഇവര്‍ക്ക്‌ വേറിട്ട താത്‌പര്യങ്ങളുള്ളതായി കണ്ടെത്താനായില്ല. കഴിഞ്ഞ നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാന രാഷ്ട്രീയ ചേരികള്‍ക്കോരോന്നിനും കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനവും ആകെ കിട്ടിയ വോട്ടിന്റെ ശതമാനവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നില്ല; ഓരോ തവണയും രണ്ടു ശതമാനത്തില്‍ താഴെ മാത്രം.

യുവജനങ്ങളുടെ വോട്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സാണ്‌ കുറച്ചു പിന്നാക്കം. ആ പാര്‍ട്ടിക്കുകിട്ടിയ ആകെ വോട്ടിന്റെ ശതമാനത്തേക്കാള്‍ കുറവാണ്‌ 'യുവവോട്ടു'കളുടെ ശതമാനം; പക്ഷേ, ഈ വ്യത്യാസം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്‌. ബി.ജെ.പി.യുടെ കാര്യത്തിലാവട്ടെ, കിട്ടിയ 'യുവവോട്ടു'കളുടെ ശതമാനം ആകെ കിട്ടിയ വോട്ടിന്റെ ശതമാനത്തേക്കാള്‍ കൂടുതലാണ്‌. അവിടെയും വ്യത്യാസം ഒന്നോ രണ്ടോ ശതമാനം മാത്രം.

1996 ലെയും 1998 ലെയും തിരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ വോട്ട്‌ നേടുന്നതില്‍ ബി.എസ്‌.പി. ഏറെ മുന്നിലായിരുന്നു. 2004 ആയപ്പോഴേക്കും ഈ മുന്നേറ്റം അല്‌പം കുറഞ്ഞു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളാവട്ടെ, യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ അത്ര വിജയിച്ചിട്ടില്ല.

സംസ്ഥാനതലത്തില്‍ യുവാക്കളുടെ വോട്ടിങ്‌ പ്രവണതകളില്‍ ചില്ലറ മാറ്റങ്ങളുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം മേല്‍സൂചിപ്പിച്ചതുതന്നെ. ഒരാളുടെ ജാതി, വര്‍ഗം, പ്രദേശം, ലിംഗപദവി തുടങ്ങിയ ഘടകങ്ങളാണ്‌ വോട്ടിങ്‌ സ്വഭാവത്തെ പ്രധാനമായും സ്വാധീനിക്കുന്നത്‌. പ്രായം ഇക്കാര്യത്തില്‍ അത്ര പ്രധാനപ്പെട്ട ഘടകമല്ല. ഇപ്പറഞ്ഞത്‌ ഇന്ത്യയിലെ കാര്യമാണ്‌. യൂറോപ്പിലും മറ്റും യുവ വോട്ടര്‍മാരുടെ സ്വാധീനം ഒട്ടേറെ പുതുരാഷ്ട്രീയ പ്രവണതകള്‍ക്കുതന്നെ ഉത്തേജനമായിട്ടുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹരിതകക്ഷികളുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഒരു ഉദാഹരണം.

ഇനി നമുക്ക്‌ രാഷ്ട്രീയാഭിപ്രായങ്ങളുടെയും സമീപനങ്ങളുടെയും കാര്യം പരിശോധിക്കാം. ഇക്കാര്യത്തിലും നമ്മുടെ യുവജനം രാജ്യത്തെ മറ്റു വോട്ടര്‍മാരില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തില്‍ മിതമായ താത്‌പര്യം. സമകാലിക പ്രശ്‌നങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങളില്ല. ഇന്ത്യന്‍ യുവജനങ്ങള്‍ക്ക്‌ സാര്‍വലൗകിക വീക്ഷണമോ വിപ്ലവാഭിമുഖ്യമോ ഒന്നുമില്ല. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യയില്‍ 'തലമുറകളുടെ വിടവ്‌' ഇല്ല.

നമ്മുടെ അമിത പ്രതീക്ഷയാണ്‌ കുഴപ്പമെന്ന്‌ തോന്നുന്നു. വിവിധ സമൂഹങ്ങളിലുള്ളതും വ്യത്യസ്‌ത സ്വത്വങ്ങളുള്ളതുമായ സകല മനുഷ്യരും കടന്നു പോവുന്ന ഒരു ജീവിതഘട്ടമാണ്‌ യൗവ്വനം. ആ ഘട്ടത്തില്‍ ഒരാള്‍ വ്യവസ്ഥിതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാനും മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സാധിക്കുന്നു. പക്ഷേ, എപ്പോഴും എല്ലായിടത്തും അതങ്ങനെത്തന്നെയാവണമെന്നില്ല.

യുവജന - വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ശക്തമായ പാരമ്പര്യമുള്ളിടത്തേ യുവാക്കള്‍ വേറിട്ട ഒരു രാഷ്ട്രീയവിഭാഗമാവുകയുള്ളൂ. നമ്മുടെ കലാലയങ്ങള്‍ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ അന്തര്‍ധാരകള്‍ ശക്തിമത്താണെങ്കില്‍ യുവാക്കള്‍ വിപ്ലവാശയങ്ങളില്‍ ആകൃഷ്‌ടരായെന്നുവരും. അതൊന്നുമല്ലാതെ, ചെറുപ്പമായതുകൊണ്ടുമാത്രം ഒരാള്‍ രാഷ്ട്രീയ വ്യതിരിക്തത പ്രകടമാക്കുമെന്നു വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌.

ഇതാണ്‌ സ്ഥിതിയെന്നിരിക്കെ, നാം എന്തിനാണ്‌ യുവജനങ്ങളുടെ വോട്ടിനെപ്പറ്റി ഇത്രയധികം ചര്‍ച്ച ചെയ്യുന്നത്‌? മൂന്നു കാരണങ്ങളാണ്‌ എന്റെ മനസ്സില്‍ തോന്നുന്നത്‌. വിപ്ലവ തത്ത്വശാസ്‌ത്രങ്ങളുടേതായ ഒരു പാരമ്പര്യം നമുക്കുള്ളതാണ്‌ ഒന്നാമത്തെ കാരണം. യുവജനങ്ങളാണല്ലോ എക്കാലവും ഇത്തരം പ്രത്യയശാസ്‌ത്രങ്ങളുടെ പതാകവാഹകരാവുക.
യൂറോപ്പില്‍ സംഭവിച്ചത്‌ ഇവിടെയും സംഭവിക്കുമെന്ന നമ്മുടെ വിശ്വാസമാണ്‌ രണ്ടാമത്തെ കാരണം. തലമുറകളുടെ വിടവ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു പ്രധാന രാഷ്ട്രീയഘടകമാണെന്നിരിക്കെ, ഇന്ത്യയിലും അതങ്ങനെത്തന്നെയാവുമെന്നാണ്‌ നമ്മള്‍ വെറുതെ വിശ്വസിക്കുന്നത്‌.

മൂന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ഇതൊരു മാര്‍ക്കറ്റിങ്‌ തന്ത്രമായി പ്രയോഗിക്കുന്നുവെന്നതാണ്‌. നഗരങ്ങളിലെ ഉപരിവര്‍ഗ - മധ്യവര്‍ഗ യുവജനത്തെ ആകര്‍ഷിച്ചുകൊണ്ട്‌ വാണിജ്യവളര്‍ച്ച കൈവരിക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം. രാഷ്ട്രീയ കുടുംബങ്ങളിലെ പുത്തന്‍കൂറ്റുകാരെയും നഗരങ്ങളിലെ വരേണ്യ യുവാക്കളെയും യുവജന രാഷ്ട്രീയത്തിന്റെ പ്രതിപുരുഷന്മാരായി അവതരിപ്പിക്കുന്നത്‌ ഈ തന്ത്രത്തിന്റെ ഭാഗമാണ്‌.

No comments: