ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Saturday, September 27, 2008

ലേഖനം- സ്ഥലനാമ പുരാണം

ലേഖനം

സ്ഥലനാമ പുരാണം

തട്ടത്തുമല പണ്ടു കാടും മലയും ആയിരുന്നു. കൂടുതലും ചൂരല്‍ കാടുകള്‍ ആയിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഇന്നും മലയുണ്ട്. കാടോന്നുമില്ല. ചൂരലാണെങ്കില്‍ ഇവിടെ അടുത്ത്തൊന്നുമില്ല. പരിസര പ്രദേശങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ കുടിയേറിയവര്‍ കാടും മലയും വെട്ടിത്തെളിച്ച് കൃഷിയിറക്കി. പണ്ട് സെന്റിന് ഇന്നത്തെ പതിമ്മൂന്നു രൂപ ഇവിടെ വസ്തുവില ആയിരുന്നപ്പോള്‍ ആരും വാങ്ങാനില്ലായിരുന്നുവത്രേ. ഇന്ന് ആ സ്ഥാനത്ത് അന്‍പതിനായിരവും അതിന് മുകളിലുമാണ് വസ്തുവില! എം. സി. റോഡ് ഇതു വഴി കീറി മുറിച്ചു കടന്നുപോകുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയര്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഇത്.

തട്ടത്തുമല എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പഴമക്കാര്‍ പലതും പറയുന്നു. ' തട്ട് ഒത്ത മല ' എന്നതില്‍ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ' തത്വത്തിന്‍ മല ' ആണ് പണ്ടും ഇപ്പോഴും തട്ടത്തുമലയെന്നു ഊറ്റം കൊള്ളുന്നവരും ഉണ്ട്. ' തട്ടാത്ത മല ' എന്നതാണ് തട്ടത്തുമല ആയതെന്നും പറയപ്പെടുന്നു. അതല്ല ' തട്ട് തട്ടാം മല ' എന്ന് പറഞ്ഞു പറഞ്ഞു തട്ടത്തുമല ആയെന്നും പറയുന്നു.

തടം (വഴി) ഉണ്ടായിരുന്നതിനാല്‍ ' തടത്തില്‍ മല ' എന്ന് പറഞ്ഞിരിക്കാംഎന്നും അതാണ്‌ തട്ടത്തുമല ആയിട്ടുള്ളതെന്നും ഊഹിച്ചു പറയുന്നവരും ഉണ്ട്. തടമല, തൊടാമല, തോട്ടിന്മല, തോട്ടമല, തട്ടിന്മല, തട്ടൊത്തു കിട്ടിയ മല, തട്ടുമല, തട്ടകത്തിന്‍മല ഇങ്ങനെ പല പൂര്‍വ നാമങ്ങളും തട്ടത്തുമലയ്ക്ക് മേല്‍ ആരോപിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു യോജിച്ച അഭിപ്രായത്തില്‍ എത്തുക എന്നത് ശ്രമകരമാണ്.

ഏതായാലും ഭൂമിശാസ്ത്രപരമായി ഇത് തട്ട് ഒത്തു കിട്ടിയ ഒരു മലയാണെന്നതില്‍ സംശയമില്ല. ഇവിടുത്തെ ജനങ്ങളുടെ സ്വഭാവം വച്ചു നോക്കുകയാണെങ്കില്‍ തത്വത്തിന്‍ മല തന്നെയാണ് എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല.

കുന്നും മലകളും, വയലുകളും തോടുകളും ,ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും , കുണ്ടുകളും കുഴികളും , ഒലിപ്പാന്‍ ചാലുകളും അവയ്ക്കെല്ലാം ഇടയില്‍ നിരപ്പായ സ്ഥലങ്ങളും എന്ന രീതിയിലാണ് ഇവിടുത്തെ ഭൂമിശാസ്ത്രം .അങ്ങനെ നയനാഭിരാമമായ ഒരു ഗ്രാമച്ചന്ദം! എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ പഴയ സൌന്ദര്യമൊക്കെ മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു നശിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നും മലയുമെല്ലാം ഇടിച്ചു നിലംപെരിശാക്കിക്കൊണ്ടിരിയ്ക്കുന്നു. വയലുകളും തോടുകളും ഒട്ടുമുക്കാലും നികത്തിക്കഴിഞ്ഞു. ഓര്‍മകളുടെ തിരു ശേഷിപ്പ് പോലെ അങ്ങിങ്ങു തുണ്ട് തുണ്ട് നിലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രം. അതില്‍ത്തന്നെ മിക്കതിലും നെല്‍കൃഷിയില്ല. പണ്ട് കൊയ്ത്തുകാലം എന്ന് പറഞ്ഞാല്‍ ഒരു ഉത്സവ കാലം തന്നെയായിരുന്നു. എല്ലാം പോയ്മറഞ്ഞു! മണിമാളികകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട ഒരു ' ഗ്രാമ നഗരം ' എന്ന നിലയിലായിരിക്കുന്നു നമ്മുടെ സ്ഥലം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം; ഇന്നുള്ള ഭംഗിയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ !

നല്ലൊരു കാര്‍ഷിക പ്രദേശമാണ് ഇത്. ധാരാളം ധാന്യങ്ങള്‍ പണ്ട് ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, തെങ്ങ്, അടയ്ക്ക, മുളക്, കുരുമുളക്, മരച്ചീനി, കശുമാവ് , ചേമ്പ്, ചേന കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ്, പീയണിക്ക (മത്തന്‍) , വെള്ളരിക്ക, വിവിധയിനം പയറുകള്‍, വെള്ളരിക്ക, പാവല്‍, ചതുരപ്പയര്‍, മുതിര, എള്ള്, പടവലം, മാവ്, റബ്ബര്‍, തുടങ്ങി എത്രയോ തരം കൃഷികള്‍! മരച്ചീനി കൃഷി അന്ന് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നു എല്ലാ കൃഷിയെയും വിഴുങ്ങി റബ്ബര്‍ കൃഷി ആധിപത്യം സ്ഥാപിച്ചിരിയ്ക്കുന്നു. ഒരു റബ്ബറളം തന്നെ! റബ്ബര്‍ ടാപ്പിങ്ങിനു വേണ്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ എത്തുന്നു.

തട്ടത്തുമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലങ്ങലാണ് മറവക്കുഴി,ചായക്കാറുപച്ച, ഇടക്കരിയ്ക്കകം, മണലേത്തുപച്ച, വഴോട്, മാവിള, നെടുമ്പാറ, പാറക്കട, പെരുംകുന്നം, ശാസ്താമ്പൊയ്ക, പറണ്ടക്കുഴി, വട്ടപ്പാറ, കിഴക്കേ വട്ടപ്പാറ, വട്ടപ്പച്ച, ചാറയം, കൂവത്തടം, വണ്ടിത്തടം, ചെമ്പകശ്ശേരി, കുറവന്‍കുഴി, കൈലാസം കുന്ന്, വല്ലൂര്‍, കുഞ്ചേന്‍ കുഴി, ഗണപതിപ്പാറ, വിലങ്ങറ, പാങ്ങല്‍തടം, ചേറാട്ടുകുഴി, കണ്ണങ്കോട്, മൈലകുന്ന്, വടക്കുംപുറം, മാണിയ്ക്കപ്പാറ, ഷെഡ്ഡില്‍കട തുടങ്ങിയവ.

ഇനിയും എഴുതാം.....
പ്രതീക്ഷിയ്ക്കുക!


1 comment:

Jassim said...

njanee postilekku oru link koduthotte?